Saturday, April 20, 2024
HomeIndiaഇന്ധനവില 40 ശതമാനത്തോളം കുറയും - ഒരു വർഷത്തിനുള്ളിൽ ഫ്ലെക്സ് ഫ്യൂവൽ ഇന്ധനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രം

ഇന്ധനവില 40 ശതമാനത്തോളം കുറയും – ഒരു വർഷത്തിനുള്ളിൽ ഫ്ലെക്സ് ഫ്യൂവൽ ഇന്ധനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രം

പെട്രോളിന്റെ വില ഇപ്പോൾ ലിറ്ററിന് 100 രൂപയും കടന്ന് കുതിക്കുകയാണല്ലോ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറയുന്നത് പ്രകാരം, ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ലിറ്ററിന് 60-62 രൂപ ആയിരിക്കും

ന്യൂഡൽഹി: ഫ്ലക്സ് ഫ്യുവൽ ഇന്ധനങ്ങൾ അവതരിപ്പിച്ച് ഇന്ധനവില 40 ശതമാനം കുറയ്ക്കാനുള്ള ഇടപെടലുമായി കേന്ദ്ര സർക്കാർ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചറേഴ്‌സിനോടും (എസ് ഐ എ എം) ഓട്ടോമൊബൈൽ കമ്പനികളുടെ സി ഇ ഓമാരോടും ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകൾ നിർമിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ആവശ്യപ്പെട്ടു. ഈ വർഷം മാർച്ചിൽ സ്റ്റാൻഡ് എലോൺ ഇന്ധനമായി എഥനോൾ ഉപയോഗിക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. അതോടൊപ്പം കാറുകളിൽ ആറ് എയർബാഗുകൾ ഉൾക്കൊള്ളിക്കാൻ ഗഡ്‌കരി കാർ നിർമ്മാതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കാറുകളിൽ രണ്ട് എയർബാഗുകൾ മാത്രമാണ് ഉള്ളത്. കാറിന്റെ വിലയോ മോഡലോ ഒന്നും എയർബാഗ് സജ്ജീകരിക്കുന്ന കാര്യത്തിൽ മാനദണ്ഡമാക്കരുതെന്നും കേന്ദ്രമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡപകടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്താൻ ഈ സംവിധാനം അനിവാര്യമാണ്.

എന്താണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ?

നിലവിൽ പ്രചാരത്തിലുള്ള വാഹനങ്ങളെ അപേക്ഷിച്ച് ഇവയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഈ എഞ്ചിനുകളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്? ഈ ചോദ്യങ്ങൾക്കെല്ലാം നമുക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം.

എന്താണ് ഫ്ലെക്സ് ഫ്യുവൽ എഞ്ചിൻ?

നിലവിൽ വാഹനങ്ങളിൽ നമ്മൾ ഇന്ധനമായി ഉപയോഗിക്കുന്ന പെട്രോളിൽ 8.5 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ട്. എഥനോൾ ഒരു ജൈവ ഇന്ധനമാണ്. എന്നാൽ, ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളിൽ വിവിധ അനുപാതങ്ങളിലായി പെട്രോളും എഥനോളും ഉപയോഗിക്കാനുള്ള ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും, ഉദാഹരണത്തിന് പെട്രോളും എഥനോളും 50 ശതമാനം വീതം അനുപാതത്തിൽ ഉപയോഗിക്കാൻ കഴിയും. വിവിധ ഇന്ധനങ്ങളുടെ അനുപാതം എത്രയാണെന്ന് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക് ആയി വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാൽ, ഇത്തരം വാഹനങ്ങളിൽ രണ്ടോ അതിലധികമോ വ്യത്യസ്തമായ ഇന്ധനങ്ങളുടെ മിശ്രിതം നമുക്ക് ഉപയോഗിക്കാൻ കഴിയും.

ഇത് പ്രകാരം പെട്രോൾ പമ്പിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?

എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനം ലഭിക്കാനുള്ള സൗകര്യം കൂടി പെട്രോൾ പമ്പുകളിൽ ലഭ്യമാകും.

ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ എത്രത്തോളം വ്യത്യസ്തമാണ്?

നിലവിൽ നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഒരു തരത്തിലുള്ള ഇന്ധനം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇന്ധന ടാങ്കിന്റെ കാര്യത്തിലും ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ വ്യത്യാസമുണ്ടാകും. നിലവിൽ പെട്രോളും എൽ പി ജിയും ഉപയോഗിക്കാറുള്ള വാഹനങ്ങളിൽ രണ്ട് തരം ഇന്ധന ടാങ്കുകൾ ആവശ്യമാണെങ്കിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ വിവിധ തരം ഇന്ധനങ്ങൾ (പെട്രോൾ – എഥനോൾ) ഒരേ ടാങ്കിൽ തന്നെ ഉപയോഗിക്കാൻ കഴിയും.

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളുടെ ഗുണങ്ങൾ എന്തൊക്കെ?

പെട്രോളിന്റെ വില ഇപ്പോൾ ലിറ്ററിന് 100 രൂപയും കടന്ന് കുതിക്കുകയാണല്ലോ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറയുന്നത് പ്രകാരം, ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ലിറ്ററിന് 60-62 രൂപ ആയിരിക്കും. അതായത്, എണ്ണവിലയിൽ 40 ശതമാനം വരെ കുറവുണ്ടാകും. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടും എന്നതും ഒരു അനുബന്ധ നേട്ടമാണ്. കരിമ്പ്, ചോളം, പരുത്തിത്തണ്ട്, ഗോതമ്പ് വൈക്കോൽ, കരിമ്പിൻ ചണ്ടി, മുള എന്നിവ എഥനോളിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ്. എഥനോളിന്റെ ഉത്പാദനം വർധിക്കുന്നതോടെ ഇവ കൃഷി ചെയ്യുന്ന കർഷകർക്ക് അതിന്റെ നേട്ടമുണ്ടാകും.
എഥനോളിന്റെ ഉപയോഗം കാർബൺ മോണോക്സൈഡിന്റെ ബഹിർഗമനത്തെ 35 ശതമാനത്തോളം കുറച്ചു നിർത്തും. സൾഫർ ഡയോക്സൈഡിന്റെ പുറന്തള്ളലിലും കുറവുണ്ടാകും. അത് പരിസ്ഥിതിയ്ക്ക് വളരെയധികം ഗുണം ചെയ്യും. ഇന്ത്യ നിലവിൽ ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എഥനോളിന്റെ ഉപയോഗം വർധിക്കുന്നതോടെ അസംസ്കൃത എണ്ണയുടെ മേലുള്ള ഇന്ത്യയുടെ ആശ്രയം കുറയുകയും ഇറക്കുമതിയിൽ ആ കുറവ് പ്രതിഫലിക്കുകയും ചെയ്യും.

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾ എന്തൊക്കെ?

വാഹനങ്ങളുടെ എഞ്ചിനുകളിലും ഇന്ധന സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടി വരും. അത് വാഹനങ്ങളുടെ വില ഉയരാൻ കാരണമാകും. ഇന്ധന സംവിധാനത്തിൽ വരുത്തുന്ന മാറ്റങ്ങൾ മൂലം നാലുചക്ര വാഹനങ്ങളുടെ വിലയിൽ 17,000 മുതൽ 30,000 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹനങ്ങളുടെ വിലയിലാകട്ടെ, 5,000 മുതൽ 12,000 രൂപ വരെ വർദ്ധനവ് പ്രതീക്ഷിക്കാം.

എഥനോളിന്റെ ഇന്ധനക്ഷമത പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറവാണ്. 70 ശതമാനം എഥനോൾ ഉപയോഗിച്ചു കഴിഞ്ഞാൽ വാഹനത്തിന്റെ മൈലേജ് കുറയാൻ സാധ്യതയുണ്ട്. എഥനോളിന്റെ ലഭ്യതക്കുറവും ഒരു പ്രധാന പ്രശ്നമാണ്.

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്?

ബ്രസീലിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. വർഷങ്ങളായി ബ്രസീൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിന്റെ ഫലമെന്നോണം 70 ശതമാനത്തിലധികം കാറുകളിലും അവിടെ ഫ്ലെക്സ് ഫ്യുവൽ ആണ് ഉപയോഗിക്കുന്നത്. ഫ്ലെക്സ് ഫ്യുവലിന്റെ ഉത്പാദനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ ക്യാനഡ, അമേരിക്ക, ചൈന എന്നിവയാണ്. പതിനെട്ടിലേറെ യൂറോപ്യൻ രാജ്യങ്ങളിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ പ്രചാരത്തിലുണ്ട്. ലോകത്തെ പ്രധാന ഓട്ടോമൊബൈൽ നിർമാതാക്കളെല്ലാം ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കുന്നുണ്ട്.

ഇന്ത്യയിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ ലഭ്യമാണോ?

അല്ല. ഇന്ത്യയിൽ പരീക്ഷണാവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ അവതരിപ്പിച്ചിട്ടുള്ളൂ. അവ പൊതുജനങ്ങൾക്ക് ലഭ്യമല്ല.

സർക്കാർ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ കാരണമെന്ത്?

ചോളം, കരിമ്പ്, ഗോതമ്പ് എന്നിവ അധികമായി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. മിച്ചോത്പാദനത്തിന്റെ ഭാഗമായി ബാക്കി വരുന്ന ഉത്പന്നങ്ങൾ ഗോഡൗണുകളിൽ സൂക്ഷിക്കാൻ പോലും ഇടമില്ല. അതിനാൽ, മിച്ചം വരുന്ന ഈ ഉത്പന്നങ്ങൾ എഥനോളിന്റെ ഉത്പാദനത്തിനായി ഉപയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. കർഷകർക്ക് അവരുടെ വിളകൾക്ക് മാന്യമായ വില ലഭിക്കുന്നതോടൊപ്പം അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാം എന്നതും ഈ കാര്യത്തിൽ നേട്ടങ്ങളായി സർക്കാർ കാണുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular