Saturday, July 27, 2024
HomeUSAമൻഹാട്ടനിൽ ട്രക്ക് ഇടിച്ചു എട്ടു പേരെ കൂട്ടക്കൊല ചെയ്ത ഐഎസ് ഭീകരനു വധശിക്ഷ ഒഴിവായി...

മൻഹാട്ടനിൽ ട്രക്ക് ഇടിച്ചു എട്ടു പേരെ കൂട്ടക്കൊല ചെയ്ത ഐഎസ് ഭീകരനു വധശിക്ഷ ഒഴിവായി കിട്ടി

ന്യൂ യോർക്ക് കൂട്ടക്കൊല പ്രതിയായ ഐ എസ് ഭീകരൻ വധ ശിക്ഷയിൽ നിന്നു രക്ഷപെട്ടു. ആറു വർഷം മുൻപ് ബൈക്ക് സഞ്ചാര വീഥിയിൽ ട്രക്ക് ഇടിച്ചു എട്ടു പേരെ കൂട്ടക്കൊല ചെയ്ത ഉസ്‌ബെക്ക് ട്രക്ക് ഡ്രൈവർ സായ്‌ഫോള്ള സൈപോവിനെ വധശിക്ഷയ്ക്കു വിധിക്കാൻ മൻഹാട്ടൻ ഫെഡറൽ കോടതി ജൂറിയിൽ ഏകാഭിപ്രായം ഉണ്ടായില്ല.

ജീവപര്യന്തം തടവാണു വിധിച്ചത്. സൈപോവിനെ കൊളറാഡോയിൽ രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന ജയിലിൽ അടയ്ക്കും.

പത്തു മണിക്കൂറോളം ചർച്ച ചെയ്ത ശേഷമാണു ജൂറി തീരുമാനം ജഡ്ജ് വെർണൻ ബ്രോഡറിക്കിനെ അറിയിച്ചത്. ഔദ്യോഗിക വിധി പ്രഖ്യാപനത്തിനു തീയതി നിശ്ചയിച്ചിട്ടില്ല.

സ്വർഗം കിട്ടുമെന്ന ഐ എസിന്റെ വാഗ്‌ദാനത്തിൽ ആവേശം കൊണ്ട് ലോവർ മൻഹാട്ടനിലെ വെസ്റ്റ് സൈഡ് ഹൈവേയിൽ 2017 ഒക്ടോബർ 31നു വാടകയ്ക്കു എടുത്ത ട്രക്ക് ഉപയോഗിച്ച് കൂട്ടക്കൊല നടത്തിയ സൈപോവിന്റെ ആക്രമണത്തിൽ നിരവധി പേർക്കു പരുക്കേൽക്കയും ചെയ്തിരുന്നു. ഹാലോവീൻ ദിനത്തിൽ നടന്ന ആക്രമണത്തിൽ മരിച്ചവരിൽ രണ്ടു അമേരിക്കൻ പൗരന്മാർക്കു പുറമെ അഞ്ചു അര്ജന്റീനിയൻ പൗരന്മാർ, ബെൽജിയത്തിൽ നിന്നുള്ള 31കാരി എന്നിവരും ഉണ്ടായിരുന്നു.

മരിച്ചവരുടെ കുടുംബാംഗങ്ങൾ ഒരു മാസത്തിലേറെ നീണ്ട വിചാരണയിൽ മൊഴി നൽകിയിരുന്നു. സൈപോവിന്റെ അഭിഭാഷകർ അയാളുടെ കുടുംബാംഗങ്ങളെയും കൊണ്ടുവന്നു. അയാളെ കുടുംബത്തിന് ആവശ്യമുണ്ട് എന്ന വാദം സ്ഥാപിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ വിചാരണയ്ക്കിടെ അയാളുടെ ബന്ധു “തന്തയില്ലാത്ത ഐ എസ് തെണ്ടികൾ” എന്നാക്രോശിച്ചു കോടതി വിട്ടു.

സൈപോവ് കുറ്റക്കാരനാണെന്നു ജനുവരിയിൽ കോടതി കണ്ടെത്തിയിരുന്നു. ആരോപിക്കപ്പെട്ട 28 കുറ്റങ്ങളിൽ 9 എണ്ണം വധശിക്ഷ അർഹിക്കുന്നതായിരുന്നു. വധ ശിക്ഷ നൽകണോ എന്നു തീരുമാനിക്കാനുള്ള വിചാരണാ ഘട്ടം ഏറെ ദിവസങ്ങൾ നീണ്ടു. വാദങ്ങളും പ്രതിവാദങ്ങളും തെളിവുകളും സാക്ഷി മൊഴികളും ഈ ഘട്ടത്തിൽ ഉണ്ടായിരുന്നു.

മരിച്ചവരുടെ കുടുംബാംഗങ്ങൾ നടത്തിയ വികാരഭരിതമായ പ്രസ്താവങ്ങൾ അത്യന്തം വേദനകരമാണെന്നു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ വധശിക്ഷ നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.

RELATED ARTICLES

STORIES

Most Popular