2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ പണം കൊടുത്തു എന്ന ആരോപണം നേരിടുന്ന ഡൊണാൾഡ് ട്രംപ് ന്യൂ യോർക്ക് കോടതിയിൽ ഹാജരാവില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസഫ് ടകോപ്പിനാ അറിയിച്ചു. മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് നടത്തുന്ന അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് ആരോപിതന്റെ മൊഴിയെടുക്കുന്ന ചടങ്ങിനാണ് ട്രംപിനെ വിളിപ്പിച്ചത്.
ആ നിയമനടപടിക്കു യാതൊരു നിയമബലവും ഇല്ലെന്നു ടകോപ്പിനാ പറഞ്ഞു. ബ്രാഗ് നടത്തുന്ന അന്വേഷണം ഒരു അതിക്രമമാണ്. ട്രംപുമായി രഹസ്യ ബന്ധമുണ്ടെന്നു അവകാശപ്പെട്ട നടിക്കു തിരഞ്ഞെടുപ്പിനു മുൻപ് $130,000 കൊടുത്തു എന്ന ആരോപണം തിരഞ്ഞെടുപ്പുമായി നേരിട്ടു ബന്ധമുള്ളതല്ല എന്നാണു വക്കീൽ പറയുന്നത്.
ട്രംപിനു വേണ്ടി നടിക്കു പണം കൊടുത്തു എന്ന കുറ്റം ആരോപിക്കപ്പെട്ട അഭിഭാഷകൻ മൈക്കൽ കോഹൻ ആ കുറ്റം സമ്മതിച്ചു ജയിലിൽ പോയിരുന്നു. ട്രംപ് ആ പണം തിരിച്ചു കൊടുത്തുവെന്നും കോഹൻ പറഞ്ഞു. അതു പക്ഷെ അഭിഭാഷക ഫീ ആയിട്ടാണ് രേഖപ്പെടുത്തിയത്.
കോഹൻ തിങ്കളാഴ്ച മൻഹാട്ടനിൽ ഗ്രാൻഡ് ജൂറി മുൻപാകെ ഹാജരായിരുന്നു.
ഡിസന്റിസിനു എതിരെ
അതേ സമയം അയോവയിൽ പ്രചാരണത്തിന് എത്തിയ ട്രംപ് തിങ്കളാഴ്ച ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനു എതിരെ ആഞ്ഞടിച്ചു. 2020 ലെ തിരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്ന വാദം ആവർത്തിക്കയും ചെയ്തു.
ഡിസന്റിസ് ഓർമക്കുറിപ്പുകളുടെ പ്രചാരണത്തിനു അയോവയിൽ വാരാന്ത്യത്തിൽ എത്തിയിരുന്നു. എന്നാൽ രാഷ്ട്രീയമായിരുന്നില്ല അദ്ദേഹത്തിന്റെ മുഖ്യവിഷയം.
ഡിസന്റിസ് സാമൂഹ്യ സുരക്ഷയും ആരോഗ്യ സുരക്ഷയും വെട്ടിക്കുറയ്ക്കാൻ ശ്രമിക്കയാണെന്നു ട്രംപ് ആരോപിച്ചു. തന്റെ ശതൃവായ 2012 പ്രസിഡന്റ് സ്ഥാനാർഥി മിറ്റ് റോംനിയെ പോലെയാണ് ഡിസന്റിസ്. മുൻ സ്പീക്കർ പോൾ റയാന്റെ (റിപ്പബ്ലിക്കൻ, വിസ്കോൺസിൻ) ശിഷ്യനാണ് ഡിസന്റിസ്.
റോംനി തോറ്റതിന് വലിയൊരു കാരണം അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി റയാൻ ആയിരുന്നു എന്നതാണെന്നു ട്രംപ് പറഞ്ഞു. “ഡിസന്റിസും അങ്ങിനെയാണ്.”
വിദ്യാഭ്യാസ നയത്തെ കുറിച്ച് ട്രംപ് സംസാരിക്കും എന്ന് അറിയിച്ചിരുന്നു ദാവെൻപോർട്ടിലെ ചടങ്ങിൽ അദ്ദേഹം അതൊഴികെ പല വിഷയങ്ങൾ സംസാരിച്ചു. രാജ്യത്തെ എത്തനോൾ വ്യവസായത്തെ രക്ഷിച്ചെന്നും യുഎസ് എംബസി ജറുസലേമിൽ തുറന്നുവെന്നും ഒക്കെ മതിയാവാതെ അദ്ദേഹം 2020 തിരഞ്ഞെടുപ്പ് തട്ടിപ്പു കഥയും പറഞ്ഞു.
Trump won’t appear in Daniels case