Saturday, April 20, 2024
HomeGulfമാധ്യമങ്ങള്‍ സത്യം പ്രചരിപ്പിച്ച്‌ അസത്യം ചെറുക്കണം -കിരീടാവകാശി

മാധ്യമങ്ങള്‍ സത്യം പ്രചരിപ്പിച്ച്‌ അസത്യം ചെറുക്കണം -കിരീടാവകാശി

കുവൈത്ത് സിറ്റി : അറബ് മേഖലയിലെ മാധ്യമങ്ങള്‍ക്ക് സത്യം പ്രചരിപ്പിക്കാനും അസത്യവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതു ചെറുക്കാനുമുള്ള വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പറഞ്ഞു.

16ാമത് സ്ഥിരം അറബ് മീഡിയ കമ്മിറ്റിയുടെയും അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ 98ാമത് എക്‌സിക്യൂട്ടിവ് ഓഫിസിന്റെയും യോഗങ്ങളില്‍ പങ്കെടുത്ത ജി.സി.സി, അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍ക്കു ബയാന്‍ പാലസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി.

ജി.സി.സി, അറബ് ഉദ്യോഗസ്ഥരെ കുവൈത്തിലേക്ക് സ്വാഗതം ചെയ്ത കിരീടാവകാശി, മാധ്യമങ്ങള്‍ സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിലും രാജ്യങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ നിര്‍മിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നതായി വ്യക്തമാക്കി.

പഴയ രീതിയിലായാലും അത്യാധുനിക സാങ്കേതികവിദ്യയിലായാലും മാധ്യമങ്ങള്‍ സത്യത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിവുകള്‍ തിരിച്ചറിയാനും കിംവദന്തികള്‍ തടയാനും യഥാര്‍ഥ സംഭവവികാസങ്ങള്‍ പ്രചരിപ്പിക്കാനും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് വഴക്കും സംഘര്‍ഷവും കുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങളില്‍നിന്നും യുവാക്കളെ പിന്തിരിപ്പിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. യോഗങ്ങളുടെ അജണ്ടയില്‍ ഫലസ്തീന്‍ പ്രശ്നം പ്രധാനമാക്കിയത് മികച്ച തിരഞ്ഞെടുപ്പാണെന്നു സൂചിപ്പിച്ച കിരീടാവകാശി, അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതില്‍ ഫലസ്തീന്‍ ജനതക്ക് കുവൈത്തിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കി.

ജി.സി.സിയെയും അറബ് സമൂഹങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന എല്ലാറ്റിനെതിരെയും ഐക്യപ്പെടാനുള്ള കിരീടാവകാശിയുടെ ആഹ്വാനം മന്ത്രിമാര്‍ ഗൗരവത്തിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താവിതരണ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാന്‍ അല്‍ മുതൈരി പറഞ്ഞു. കിരീടാവകാശിയുടെ ദിവാന്‍ മേധാവി ശൈഖ് അഹ്മദ് അല്‍ അബ്ദുല്ല അല്‍ അഹ്മദ് അസ്സബാഹ്, ഓഫിസ് മേധാവി ജമാല്‍ അല്‍ തിയബ്, കിരീടാവകാശിയുടെ അണ്ടര്‍ സെക്രട്ടറി ദിവാന്‍ മാസിന്‍ അല്‍ ഈസ എന്നിവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular