Wednesday, April 24, 2024
HomeIndiaമയക്കുമരുന്ന് വേട്ട ആര്യന്റെ അറസ്റ്റില്‍ രാഷ്ട്രീയം തെളിയുന്നു

മയക്കുമരുന്ന് വേട്ട ആര്യന്റെ അറസ്റ്റില്‍ രാഷ്ട്രീയം തെളിയുന്നു

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ  ആഡംബര കപ്പലില്‍നടത്തിയ ലഹരിവേട്ട വെറും നാടകമോ അതോ രാഷ്ട്രീയമോ?  ബിജെപി കേന്ദ്രത്തില്‍ ഭരിക്കുന്നതുകൊണ്ടു ആരും സംശയിക്കുന്ന ചോദ്യമാണിത്. പ്രതികളെ വെടിവച്ചുകൊല്ലുന്നതും വ്യാജ ഏറ്റുമുട്ടലും ചിത്രീകരിക്കുന്നതില്‍ മിടുക്കന്‍മാരായ  കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കാണ്  ദേശീയതലത്തിലുള്ള ആരോപണം വന്നിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് ആരോപണം. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവും ആയ നവാബ് മാലിക് ആണ് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം വൈറല്‍ ആയ സെല്‍ഫിയില്‍ കൂടെയുള്ളത് ആരാണെന്ന ചോദ്യായിരുന്നു ഇത്രയും നാളും ഉയര്‍ന്നിരുന്നത്. അതൊരു സ്വകാര്യ ഡിക്ടറ്റീവ് ആണ് എന്നാണ് നവാബ് മാലിക് വെളിപ്പെടുത്തുന്നത്. മാത്രമല്ല, റെയ്ഡില്‍ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലി എങ്ങനെ പങ്കെടുത്തു എന്ന ചോദ്യവും നവാബ് മാലിക് ഉയര്‍ത്തുന്നുണ്ട്. വലിയ രാഷ്ട്രീയ കോളിളക്കത്തിലേക്കാണ് ആര്യന്‍ ഖാന്‍ കേസ് നീങ്ങുന്നത്.

ആര്യന്‍ ഖാനെ ആഡംബര കപ്പലില്‍ നിന്ന് പിടികൂടിയതിന് ശേഷം ആയിരുന്നു ആ സെല്‍ഫി പുറത്ത് വന്നത്. ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനല്ല ആ വ്യക്തി എന്നതും വ്യക്തമായിരുന്നു. ഈ ഘട്ടത്തിലാണ് ആ അജ്ഞാതന്‍ ആരെന്ന രീതിയില്‍ വലിയ ചര്‍ച്ചകള്‍ നടന്നത്. സ്വകാര്യ ഡിക്ടറ്റീവ് ആയ കെപി ഗോസാവിയാണ് അയാള്‍ എന്നാണ് ഇപ്പോള്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവും ആയ നവാബ് മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. അതിലും ഞെട്ടിപ്പിക്കുന്നതാണ് അടുത്ത വെളിപ്പെടുത്തല്‍.

ഏറെ രഹസ്യാത്മകമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തി എന്ന് പറയുന്ന റെയ്ഡില്‍ എങ്ങനെയാണ് ബിജെപി നേതാവ് പങ്കെടുത്തത് എന്നതാണ് അടുത്ത ചോദ്യം. ബിജെപി ഉപാധ്യക്ഷന്‍ മനീഷ് ഭാവുശാലിയെ റെയ്ഡിന്റെ ദൃശ്യങ്ങളില്‍ കാണാം എന്നാണ് നവാബ് മാലിക് പറയുന്നത്. മഹാരാഷ്ട്രയെ അപമാനിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് കപ്പലിലെ റെയ്ഡും ആര്യന്‍ ഖാന്റെ അറസ്റ്റും എന്നും നമവാബ് മാലിക് ആരോപിക്കുന്നുണ്ട്.

മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്തുകയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത് എന്നും നവാബ് മാലിക് പറയുന്നു. മനീഷ് ഭാവുശാലിയുടേയും കെപി ഗോസാവിയുടേയും പ്രൊഫൈലുകള്‍ ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലും ഗുജറാത്തിലും മനീഷ് ഭാവുശാലി ആരെയാണ് കണ്ടത് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. റെയ്ഡില്‍ എങ്ങനെ മനീഷിന്റെ സാന്നിധ്യമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തില്‍ മനീഷ് ഭാനുശാലിയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. തനിക്കെതിരെ നവാബ് മാലിക് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യാനില്ല. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുമെന്ന് ഒക്ടോബര്‍ 1 ന് തനിക്ക് വിവരം ലഭിച്ചിരുന്നു. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായത് എന്നാണ് വിശദീകരണം.

രഹസ്യാത്മകമായി നടത്തുന്ന ഒരു ഓപ്പറേഷനില്‍ ഇത്തരത്തില്‍ ഒരു രാഷ്ട്രീയ നേതാവിനെ കൂടെ കൂട്ടാന്‍ എന്‍സിബിയ്ക്ക് കഴിയുമോ എന്ന വലിയ ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്തായാലും കെപി ഗോസാവിയും മനീഷ് ഭാവുശാലിയും റെയ്ഡില്‍ കൂടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ള മറ്റ് ചില വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇവര്‍ രണ്ട് പേരെയാണ് എന്‍സിബി റെയ്ഡിലെ ‘സ്വതന്ത്ര സാക്ഷികള്‍’ ആയി രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍സിബിയുടെ നടപടികളില്‍ നിയമവിരുദ്ധമായി ഒന്നുമില്ല എന്നാണ് അവരുടെ അഭിഭാഷകന്‍ പിന്നീട് വ്യക്തമാക്കിയിട്ടുള്ളത്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular