ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍.
2021-22 വര്‍ഷത്തില്‍ മാത്രം 24 പ്രതികളാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. 2017 മുതല്‍ ആകെ 80 പേര്‍ ഗുജറാത്തില്‍ കസ്റ്റഡിയില്‍ മരിച്ചു. ദേശീയ മനുഷ്യാവകാശ കമീഷന്‍റേതാണ് കണക്കുകള്‍.
2017-18ല്‍ 14 പേരാണ് കസ്റ്റഡിയില്‍ മരിച്ചത്. 2018-19ല്‍ 13 പേരും, 2019-20ല്‍ 12 പേരും മരിച്ചു. 2020-21ല്‍ ഇത് 17 ആയി വര്‍ധിച്ചു.
ഗുജറാത്തിലെ ജയിലുകളുടെ അവസ്ഥയും ദയനീയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ തെളിയുന്നത്. പരമാവധി 14,000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് ഗുജറാത്തിലെ ജയിലുകള്‍. എന്നാല്‍, നിലവില്‍ 16,597 പേരാണ് ജയിലുകളില്‍ കഴിയുന്നത്. ലോക്സഭയിലെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗുജറാത്തിലെ 745 പൊലീസ് സ്റ്റേഷനുകളില്‍ 622ല്‍ മാത്രമാണ് സി.സി.ടി.വി ക്യാമറകളുള്ളത്. 123ല്‍ ക്യാമറയില്ല. പൊലീസ് സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്താനായി 2020ലും 21ലും കേന്ദ്രം വകയിരുത്തിയ 25.58 കോടി രൂപ ഇതുവരെ നല്‍കിയിട്ടുമില്ല.
രാജ്യത്ത് കസ്റ്റഡി മരണങ്ങളില്‍ രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ് -76 പേര്‍. യു.പി (41), തമിഴ്നാട് (40), ബിഹാര്‍ (38) എന്നിങ്ങനെയാണ് കസ്റ്റഡി മരണങ്ങളില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.