Friday, April 26, 2024
HomeIndiaബീഹാറില്‍ ശക്തി തെളിയിക്കും പപ്പു യാദവ് കോണ്‍ഗ്രസിലേക്ക് പ്രശാന്ത്...

ബീഹാറില്‍ ശക്തി തെളിയിക്കും പപ്പു യാദവ് കോണ്‍ഗ്രസിലേക്ക് പ്രശാന്ത് കിഷോര്‍ കളി തുടങ്ങി

പ്രശാന്ത് കിഷോര്‍ പണി തുടങ്ങി കഴിഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ബിഹാറില്‍ സിപിഐ നേതാവും മുന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനുമായ കനയ്യ കുമാറിനെ കോണ്‍ഗ്രസില്‍ എത്തിച്ചത് പ്രശാന്ത് കിഷോറിന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ഇപ്പോഴുതാ ബിഹാറില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ‘പികെ’.ഇതിന്റെ ഭാഗമായി ജന അധികാര്‍ പാര്‍ട്ടി -ലോക്താന്ത്രിക് നേതാവ് പപ്പു യാദവിനെ ഉടന്‍ കോണ്‍ഗ്രസിലെത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറില്‍ ഇക്കഴിഞ്ഞ ലോക്‌സഭ ,നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയായിരുന്നു പാര്‍ട്ടി നേരിട്ടിരുന്നത്. ലോക്‌സഭയിലേക്ക് ആകെ ഒരു സീറ്റിലായിരുന്നു പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. നിയമസഭ സീറ്റുകളില്‍ ആകെ ലഭിച്ചത് 19 സീറ്റുകളും. ആര്‍ജെഡിയ്‌ക്കൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചത്. 75 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ആര്‍ജെഡിക്ക് സാധിച്ചിരുന്നു. പ്കഷേ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം സഖ്യത്തെ തളര്‍ത്തി. സഖ്യത്തിന്റെ ഭാഗമായിരുന്ന ഇടതുപാര്‍ട്ടികള്‍ക്ക് 12 സീറ്റുകള്‍ വരെ ലഭിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന് വലിയ മാറ്റങ്ങള്‍ തന്നെ സംസ്ഥാന കോണ്‍ഗ്രസില്‍ നടപ്പാക്കേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായിട്ടായിരുന്നു യുവ നേതാവായ കനയ്യയെ കോണ്‍ഗ്രസില്‍ എത്തിച്ചത്. 2025 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി കനയ്യയ്ക്ക് കോണ്‍ഗ്രസ് സുപ്രധാന പദവി നല്‍കിയേക്കും.യുവ നേതാവായ കനയ്യയിലൂടെ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാകുമന്ന കണക്കുകൂട്ടിലാണ് കോണ്ഗ്രസ്. മാത്രമല്ല കനയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില നേതാക്കളും കോണ്‍ഗ്രസില്‍ ചേരുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

തന്റെ നേതൃത്വത്തിലുള്ള ജന അധികാര്‍ ലോക്താന്ത്രിക് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച് ഉടന്‍ നിലപാട് അറിയിക്കുമെന്നാണ് പപ്പു യാദവ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തും അതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം എന്നാണ് പപ്പു യാദവ് വ്യക്തമാക്കിയത്. ബുധനാഴ്ച നടക്കുന്ന ജെഎപി-എല്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിക്കും. മുന്‍ കോണ്‍ഗ്രസ് എംപി രഞ്ജിത് രഞ്ജനുമായും ചര്‍ച്ച നടത്തുമെന്നും പപ്പു യാദവ് പറഞ്ഞു.

ആര്‍ജെഡിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് പപ്പു യാദവ്. തുടര്‍ന്ന് 2015 ല്‍ അദ്ദേഹം ജന അധികാര്‍ പാര്‍ട്ടി – ലോക്താന്ത്രിക് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. നേരത്തേ ലോക്‌സഭയിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട പപ്പു യാദവ് ആര്‍ജെഡിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിച്ചിട്ടില്ല. ക ഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെറുകക്ഷികളുമായി മുന്നണിയുണ്ടാക്കിയായിരുന്നു അദ്ദേഹം മത്സരിച്ചത്. എന്നാല്‍ കടുത്ത നിരാശയായിരുന്നു ഫലം.

ജോസ് മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular