കോഴിക്കോട്ടെ രണ്ട് സ്ക്കൂളുകളിൽ പ്ലസ്‌ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ജൻഡർ ഇക്വാലിറ്റിയെ കുറിച്ചുള്ള ക്ലാസ്സ് എടുക്കുക ഉണ്ടായി .
ഈ വിഷയത്തിൽ അക്കാദമിക് ബിരുദങ്ങളൊന്നും ഇല്ലാത്ത ആളാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ നിങ്ങൾ സംസാരിക്കുന്നത് കണ്ടിട്ടുണ്ട് ആ രീതിയിൽ ഈ വിഷയമൊന്ന് കുട്ടികളോട് സംസാരിക്കണം എന്നായിരുന്നു ആവശ്യം . അങ്ങനെയാണ് കുട്ടികൾക്ക് മുന്നിൽ എത്തുന്നത് .
സ്ത്രീ കൂട്ടായ്മകളിൽ കോളേജ് കുട്ടികൾക്കിടയിൽ ഒക്കെ സംസാരിച്ചുണ്ടെങ്കിലും സ്‌ക്കൂൾ കുട്ടികൾക്ക് മുന്നിൽ ആദ്യമാണ് . എന്താണ് ജൻഡർ ഇക്വാലിറ്റി എന്നും ഫെമിനിസമെന്നും ചോദിച്ചപ്പോൾ അവർ വളരെ കൃത്യമായി പറഞ്ഞു തന്നു . അവർക്കറിയാത്തത് അത് പ്രാവർത്തികമാക്കുന്നത് എങ്ങനെ എന്നാണ്
ഇരുനൂറിലധികം കുട്ടികൾ ഉണ്ടായിരുന്നിട്ടും വീട്ടിൽ ആണിനും പെണ്ണിനും തുല്യമായ സാഹചര്യമുള്ളവർ ഇരുപതിൽ താഴയെ ഉണ്ടായിരുന്നുള്ളൂ . അച്ഛനും അമ്മയും ജോലി ചെയ്യുന്ന വീട്ടിൽ ഒരുമിച്ചാണോ വീട്ടിലെ പണികൾ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ കൈ പൊക്കിയത് നാല് പേരായിരുന്നു . അത്ഭുതമൊന്നും തോന്നിയില്ല . അപൂർവ്വം ചിലയിടങ്ങളിൽ പെൺകുട്ടികൾ വളരെ ബോൾഡ് ആയതുകൊണ്ടും ചിലയിടങ്ങളിൽ ആൺകുട്ടികൾക്ക് വിവേകമുള്ളതു കൊണ്ടും ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട് എന്നേയുള്ളൂ.
അല്ലാതെ അച്ഛനമ്മമാരിൽ നിന്ന് അത്തരം ഒരു സമീപനം എവിടെയും ഇല്ല. അക്കാര്യത്തിൽ അവരുടെ വിദ്യാഭ്യാസ നിലവാരമോ ജീവിത നിലവാരമോ ഗുണം ചെയ്യുന്നുമില്ല. അവരെ തിരുത്തുക എളുപ്പമല്ല. പുതിയ തലമുറയെ തിരുത്തേണ്ടതുണ്ട് . ജൻഡർ ഇക്വാലിറ്റിയെ കുറിച്ച് ക്ലാസ്സ് കൊടുക്കേണ്ടത് ആണ്കുട്ടികൾക്കാണ് . പെൺകുട്ടികൾ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധമുള്ളവരാണ് . ആ അവകാശങ്ങൾ നേടാൻ സാധിക്കാത്തത് കാലങ്ങളായി തങ്ങൾ അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങൾ അനധികൃതമാണെന്ന് ആൺകുട്ടികൾക്ക് ബോധമില്ലാത്തതുകൊണ്ടാണ് .
വീട്ടിൽ പറയുമ്പോൾ നീ ഫെമിനിസ്റ്റാവല്ലേ എന്ന പരിഹാസമാണ് കിട്ടുന്നതെന്നും ഈ ക്ലാസ്സ് ഞങ്ങൾക്കായിരുന്നില്ല ഞങ്ങളുടെ അച്ഛനമ്മമാർക്കായിരുന്നു വേണ്ടതെന്നും കുട്ടികൾ പറഞ്ഞു .
സ്ക്കൂളുകളിൽ പ്രാധാന്യമുള്ള വിഷയമായി തന്നെ ജൻഡർ ഇക്വാലിറ്റി പഠിപ്പിക്കേണ്ടതുണ്ട് . തിയറി പഠിച്ചു പരീക്ഷ എഴുതുന്ന രീതിയിൽ അല്ല പ്രായോഗിക രീതിയെ കുറിച്ചാണ് പഠിപ്പിക്കേണ്ടത് .ആഴ്‍ചയിൽ ഒരു ക്ലാസ്സ് നിർബന്ധമാക്കണം .അധ്യാപകർക്കും പരിശീലനം നൽകേണ്ടതുണ്ട് . വർഷത്തിൽ ഒന്നോ രണ്ടോ തവണ അച്ഛനമ്മമാർക്കും ഒരു ബോധവൽക്കരണ ക്ലാസ്സ് കൊടുക്കാവുന്നതാണ്
വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് ശ്രമിക്കുന്ന ഈ സർക്കാറിന്റെ കാലത്തെങ്കിലും ഈ വിഷയത്തിൽ ശ്രദ്ധയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു .
.jpeg)