Tuesday, April 16, 2024
HomeIndiaപള്ളിയിൽ പോകുന്നതും കുരിശ് വെക്കുന്നതും SC സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള കാരണമല്ല- മദ്രാസ് ഹൈക്കോടതി

പള്ളിയിൽ പോകുന്നതും കുരിശ് വെക്കുന്നതും SC സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള കാരണമല്ല- മദ്രാസ് ഹൈക്കോടതി

ക്രൈസ്തവ വിശ്വാസം പിന്തുടര്‍ന്ന് പള്ളിയില്‍ പോവുകയോ കുരിശ് പോലുള്ള മതചിഹ്നങ്ങള്‍ കൊണ്ടുനടക്കുകയോ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യുന്നത് മൂലം പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. 2013-ല്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2016-ല്‍ രാമനാഥപുരം ജില്ലയിലെ പി മുനീശ്വരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.

ദളിത് സമുദായത്തില്‍പ്പെട്ട ഒരു യുവതി ക്രിസ്ത്യാനിയായ യുവാവിനെ വിവാഹം ചെയ്യുകയും അവരുടെ മക്കളെ ക്രൈസ്തവ സമുദായത്തിലെ അംഗങ്ങളായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ കാരണം മൂലം അവര്‍ക്ക് നല്‍കിയ എസ് സി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനാകില്ല എന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ഭരണഘടനയുടെ അന്തഃസത്ത എന്താണെന്നറിയാതെയുള്ള സങ്കുചിത ബ്യൂറോക്രാറ്റിക് മനോഭാവം എന്നാണ് എസ് സി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സംഭവത്തെ കോടതി വിലയിരുത്തിയത്. 2013-ല്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2016-ലാണ് രാമനാഥപുരം ജില്ലയിലെ പി മുനീശ്വരി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുനീശ്വരി പട്ടികജാതിയില്‍പ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. പഠിച്ച് ഡോക്ടര്‍ ആയതിനുശേഷം അവര്‍ ഒരു ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. തന്റെ കുട്ടികളെ ക്രിസ്ത്യന്‍ സമുദായത്തിലെ അംഗങ്ങളായി വളര്‍ത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി 2013-ല്‍ ജില്ലാ കളക്ടര്‍ അവരുടെ പട്ടികജാതി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയായിരുന്നു.

ഈ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ ഡോക്ടര്‍ മുനീശ്വരിയുടെ ക്ലിനിക്കില്‍ ക്രൈസ്തവ വിശ്വാസപ്രകാരമുള്ള മതചിഹ്നങ്ങള്‍ കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍, അവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയതായി അനുമാനിക്കുന്നുവെന്നും അതിനാല്‍ ഹിന്ദു പട്ടികജാതി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നിലനിര്‍ത്തുന്നതില്‍ നിന്ന് അവരെ അയോഗ്യയാക്കുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍വിശദീകരിച്ചത്. ക്ലിനിക്കിലെ ചുമരില്‍ തൂക്കിയ കുരിശാണ് ഇതിനടിസ്ഥാനമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചത്.

ഈ വാദത്തെ കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു.’മുനീശ്വരി വിശ്വാസം ഉപേക്ഷിച്ചെന്നോ അവര്‍ ക്രിസ്തുമതം സ്വീകരിച്ചെന്നോ സത്യവാങ്മൂലത്തില്‍ പറയുന്നില്ല. ഒരു കുടുംബത്തിലെ അംഗമെന്ന നിലയില്‍ അവര്‍ ഭര്‍ത്താവിനോടും കുട്ടികളോടും ആരാധനാലയങ്ങളില്‍ കുടുംബസമേതം പോകാന്‍ സാധ്യതയുണ്ട്. ഒരു വ്യക്തി പള്ളിയില്‍ പോകുന്നു എന്നതിനര്‍ത്ഥം ആ വ്യക്തി ജനനം മുതലുള്ള യഥാര്‍ത്ഥ വിശ്വാസം പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്നല്ല എന്ന് കോടതി വിലയിരുത്തി. ഭരണഘടന ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത രീതിയിലുള്ള സങ്കുചിത ചിന്താഗതിയാണ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു.

അധികാരികള്‍ സ്വീകരിച്ച നടപടി ഏകപക്ഷീയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്തുതകളുടെ പിന്‍ബലമില്ലാത്ത ധാരണകളുടെ അടിസ്ഥാനത്തിലാണ് മുനീശ്വരിക്കെതിരായ നടപടി എന്ന് നിരീക്ഷിച്ച കോടതി ജില്ലാ കളക്ടര്‍ നല്‍കിയ ഉത്തരവ് റദ്ദാക്കുകയായിരുന്നു. മുനീശ്വരിക്ക് അനുകൂലമായി വിധി പറഞ്ഞ കോടതി അവരുടെ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്കാന്‍ അധികൃതരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular