Thursday, April 25, 2024
HomeUSAബൈഡനോടുള്ള ഗാർസെറ്റിയുടെ അടുപ്പം മോദി സർക്കാരിനു കൂടുതൽ പ്രധാനം

ബൈഡനോടുള്ള ഗാർസെറ്റിയുടെ അടുപ്പം മോദി സർക്കാരിനു കൂടുതൽ പ്രധാനം

യുഎസ് സെനറ്റിൽ രണ്ടു വർഷത്തോളം നീണ്ട ചെറുത്തു നിൽപിനു ശേഷമാണു എറിക് ഗാർസെറ്റിയെ ഇന്ത്യയിൽ അംബാസഡറായി സ്ഥിരീകരിച്ചത്. അതൊരു നല്ല പരിവേഷമല്ല എന്നതു വസ്തുതയാണെങ്കിലും പ്രസിഡന്റ് ജോ ബൈഡനു അദ്ദേഹത്തിൽ ഉറച്ച വിശ്വാസമുണ്ട് എന്നതു മറക്കാനാവില്ല. സെനറ്റ് ബലം പിടിച്ചു നിന്നപ്പോഴും ബൈഡൻ ലോസ് ആഞ്ചലസ്‌ മുൻ മേയറുടെ നോമിനേഷൻ പിൻവലിക്കാൻ തയാറായില്ല.

അതാണു പ്രസിഡന്റും അംബാസഡറും തമ്മിലുള്ള ബന്ധം എന്നതാണ് ഇന്ത്യൻ ഗവൺമെന്റിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. മോദി സർക്കാർ ഗാർസെറ്റിയെ സ്വീകരിക്കാൻ തയാറാണെന്നു നേരത്തെ തന്നെ വാഷിംഗ്‌ടനെ അറിയിച്ചിരുന്നു. അതൊരു അന്താരാഷ്ട്ര കീഴ്വഴക്കത്തിന്റെ ഭാഗം.

ഗാർസെറ്റിയെ സെനറ്റ് തടഞ്ഞു വച്ചത് മേയർ ആയിരിക്കെ മുതിർന്ന സഹായിക്കു നേരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണം അദ്ദേഹം അവഗണിച്ചു എന്ന വിമർശനത്തിന്റെ പേരിലാണ്. ഡെമോക്രാറ്റിക് പാർട്ടിയിലെ ഉദയ താരത്തിനെതിരെ പാർട്ടി നേതാക്കന്മാരിൽ നിന്നു തന്നെ എതിർപ്പുണ്ടായിരുന്നു. മൂന്നു ഡെമോക്രാറ്റിക് സെനറ്റർമാർ അവസാന റൗണ്ടിൽ ബുധനാഴ്ച അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യുകയുമുണ്ടായി: ഷെറോഡ് ബ്രൗൺ, മേസി ഹിറോണോ, മാർക്ക് കെല്ലി.

സ്വന്തം പാർട്ടിയിൽ നിന്നു കടുത്ത എതിർപ്പുണ്ടായാൽ നോമിനേഷൻ പിൻവലിക്കയാണ് യുഎസ് പ്രസിഡന്റുമാർ ചെയ്യാറ്. യഥാർത്ഥത്തിൽ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന്റെ മേധാവിയായി ബൈഡൻ നിർദേശിച്ച ഇന്ത്യൻ അമേരിക്കൻ നീര താന്ദനെ പിൻവലിച്ചത് അങ്ങിനെയാണ്; അവർ സ്വയം പിന്മാറി എന്നാണ് വിശദീകരിച്ചതെങ്കിലും. സാമൂഹ്യ മാധ്യമങ്ങളിൽ താന്ദൻ നടത്തിയ രൂക്ഷ വിമർശനങ്ങളുടെ പേരിൽ ഡെമോക്രാറ്റ് ജോ മഞ്ചിനും പാർട്ടിയോടൊപ്പം സഞ്ചരിക്കുന്ന സ്വതന്ത്രൻ ബേണി സാന്ഡേഴ്സും അവരെ എതിർത്തു.

എന്നാൽ ഡൽഹിയിൽ സുപ്രധാന തസ്‌തിക ഒഴിഞ്ഞു കിടക്കുമ്പോഴും ബൈഡൻ രണ്ടു വർഷത്തോളം ഗാർസെറ്റിയെ കൈവിട്ടില്ല. 2021 ജൂലൈയിൽ നിർദേശിച്ചപ്പോൾ സെനറ്റ് തള്ളിയെങ്കിലും തിരിച്ചു ചെന്ന നിർദേശം കുട്ടയിൽ കളയാൻ ബൈഡൻ തയാറായില്ല. 2023 ജനുവരിയിൽ വീണ്ടും നോമിനേഷൻ സെനറ്റിലേക്കു അയച്ചു.

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സെനറ്റ് പിടിച്ചു എന്നതും അദ്ദേഹത്തിനു പ്രചോദനം ആയിക്കാണും. 100 അംഗ സെനറ്റിൽ ആറ് അംഗങ്ങൾ വോട്ട് ചെയ്യാതിരിക്കെ ഗാർസെറ്റിക്കു 52 വോട്ട് കിട്ടി.

Eric Garcetti’s free access to Biden charms Delhi

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular