Friday, July 26, 2024
HomeGulfയു.എ.ഇയും ജോര്‍ജിയയും 'സെപ'യില്‍ ഒപ്പുവെച്ചു

യു.എ.ഇയും ജോര്‍ജിയയും ‘സെപ’യില്‍ ഒപ്പുവെച്ചു

ദുബൈ : ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ക്ക് പിന്നാലെ ജോര്‍ജിയയുമായി സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ (സെപ) ഒപ്പുവെച്ച്‌ യു.എ.ഇ.

വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹമ്മദ് അല്‍ സയൂദിയും ജോര്‍ജിയന്‍ ഉപപ്രധാനമന്ത്രിയും സാമ്ബത്തിക മന്ത്രിയുമായ ലെവന്‍ ഡേവിറ്റാഷ്ലിയുമാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയിച്ചതായി സ്ഥിരീകരിക്കുന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്. ജോര്‍ജിയന്‍ തലസ്ഥാനമായ തിബ്ലിസിലാണ് ചര്‍ച്ചകള്‍ നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് കരാറിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എണ്ണയിതര ഉഭയകക്ഷി വ്യാപാരം 46.8 കോടി യു.എസ് ഡോളറിലെത്തിയിരുന്നു. 2021നെ അപേക്ഷിച്ച്‌ 110 ശതമാനം വളര്‍ച്ചയാണിതില്‍ രേഖപ്പെടുത്തിയത്. ജോര്‍ജിയയുടെ ആറാമത്തെ ഏറ്റവും വലിയ നിക്ഷേപക രാജ്യമാണ് നിലവില്‍ യു.എ.ഇ. സെപ ഒപ്പുവെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ സെപ കരാര്‍ ഒപ്പുവെക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ജോര്‍ജിയ.

ആദ്യം ഇന്ത്യയുമായി ഒപ്പുവെച്ച ശേഷം പിന്നീട് ഇസ്രായേല്‍, ഇന്തോനേഷ്യ, തുര്‍ക്കിയ എന്നീ രാജ്യങ്ങളുമായി കരാറിലേര്‍പെട്ടു. എണ്ണയിതര വ്യാപാരത്തിലെ വര്‍ധന ലക്ഷ്യമിട്ടാണ് വിവിധ രാജ്യങ്ങളുമായി കരാറില്‍ ഒപ്പുവെക്കുന്നത്. വിവിധ സാധനങ്ങളുടെ കസ്റ്റംസ് തീരുവയില്‍ കുറവ് വരുമെന്നതാണ് കരാറിന്‍റെ പ്രത്യേകത. ഇതില്‍ 93 ശതമാനവും എണ്ണയിതര മേഖലയിലാണ്. ഇതോടെ ഇരു രാജ്യങ്ങളിലെയും ഇറക്കുമതിയും കയറ്റുമതിയും വര്‍ധിക്കും. യു.എ.ഇയില്‍നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ജോര്‍ജിയയിലേക്ക് കൂടുതല്‍ സാധനങ്ങള്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാന്‍ കഴിയും. എണ്ണയിതര മേഖലയിലെ വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ശതകോടി ഡോളറാക്കുക എന്നതാണ് ലക്ഷ്യം. 2031ഓടെ 25,000 പുതിയ തൊഴില്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

RELATED ARTICLES

STORIES

Most Popular