Saturday, July 27, 2024
HomeIndiaസിസോദിയയുടെ വസതി കൈമാറുന്നുവെന്ന വാര്‍ത്ത ചോര്‍ന്നതില്‍ ലഫ്.ഗവര്‍ണര്‍ക്കെതിരെ എ.എ.പി

സിസോദിയയുടെ വസതി കൈമാറുന്നുവെന്ന വാര്‍ത്ത ചോര്‍ന്നതില്‍ ലഫ്.ഗവര്‍ണര്‍ക്കെതിരെ എ.എ.പി

ന്യൂഡല്‍ഹി : മദ്യ നയ അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി വിദ്യാഭ്യാസ മന്ത്രി അതിഷിക്കു കൈമാറിയെന്ന വാര്‍ത്തകള്‍ പുറത്തായതില്‍ ലഫ്.

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ എ.എ.പി. ഇത്തരം വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുന്നതു വഴി ഭരണഘടനപരമായ പദവി ദുരുപയോഗം ചെയ്യുകയാണ് ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയെന്ന് എ.എ.പി വിമര്‍ശിച്ചു.

എ.എ.പിക്കെതിരെ വിദ്വേഷം പരത്തുകയല്ലാതെ മറ്റൊരു ജോലിയും ലഫ്. ഗവര്‍ണര്‍ക്കില്ല. ഒരു വനിതാ ആക്ടിവിസ്റ്റിനെ തെരുവില്‍ ആക്രമിക്കുന്നത് രാജ്യം മുഴുവന്‍ വൈറലായ ക്ലിപ്പില്‍ കണ്ട ഒരാള്‍ വിശേഷാധികാര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നത് വിരോധാഭാസമാണ്. ഒരു മന്ത്രി രാജിവെച്ചാല്‍ അദ്ദേഹം തന്റെ ഔദ്യോഗിക വസതി 15 ദിവസത്തിനകം ഒഴിയണമെന്നത് നിയമമാണ്. ഈ നിയമം പാലിച്ചാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മദ്യനയകേസില്‍ സിസോദിയയെ അറസ്റ്റ് ചെയ്തത് അനീതിയാണെന്നും പാര്‍ട്ടി അദ്ദേഹത്തിനു പിന്നില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും എ.എ.പി പറഞ്ഞു. ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ ആറിന് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി വീണ്ടും നീട്ടിയിരുന്നു. സിസോദിയ മന്ത്രിസ്ഥാനം രാജിവെച്ച ശേഷം വിദ്യാഭ്യാസം, വൈദ്യുതി, പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ അതിഷിക്കാണ് നല്‍കിയത്.

RELATED ARTICLES

STORIES

Most Popular