Wednesday, April 24, 2024
HomeUSAഅക്രമത്തിനു അനുയായികളെ ഇളക്കി വിടാനുള്ള ട്രംപിന്റെ ശ്രമത്തിനെതിരെ ഡെമോക്രാറ്റുകൾ

അക്രമത്തിനു അനുയായികളെ ഇളക്കി വിടാനുള്ള ട്രംപിന്റെ ശ്രമത്തിനെതിരെ ഡെമോക്രാറ്റുകൾ

അനുയായികളെ അക്രമത്തിനു ആഹ്വാനം ചെയ്ത മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനത്തെ ഡെമോക്രാറ്റുകളും ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസും ഉൾപ്പെടെ നിരവധി പേർ വിമർശിച്ചു. ചൊവാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്നും അനുയായികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കണമെന്നും ശനിയാഴ്ച ട്രംപ് ആഹ്വാനം ചെയ്‌തിരുന്നു.

വെളിവുകെട്ട ആഹ്വാനമാണതെന്നു ഡെമോക്രാറ്റിക് നേതാവും മുൻ യുഎസ് ഹൗസ് സ്‌പീക്കറുമായ നാൻസി പെലോസി പറഞ്ഞു.  “ആരും നിയമത്തിനു അതീതരല്ല, മുൻ യുഎസ് പ്രസിഡന്റ് പോലും,” കാലിഫോണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗം ട്വീറ്റ് ചെയ്തു.

“പ്രതിഷേധിക്കുക, നമ്മുടെ രാഷ്ട്രത്തെ തിരിച്ചു പിടിക്കുക” എന്ന ട്രംപിന്റെ ആഹ്വാനം ജനുവരി 6 കലാപത്തിനുള്ള ആഹ്വാനം പോലെ ആയിരുന്നു.

“മുൻ പ്രസിഡന്റ് വാർത്തയിൽ നിറയാനുള്ള ശ്രമമാണ് നടത്തുന്നത്. അനുയായികളെ അക്രമത്തിനു പ്രേരിപ്പിക്കാനും,” പെലോസി പറഞ്ഞു. “നിയമലംഘനങ്ങളിൽ നിന്ന് ഒളിച്ചോടാൻ അദ്ദേഹത്തിനു കഴിയില്ല. നമ്മുടെ തിരഞ്ഞെടുപ്പുകളെ തള്ളിക്കളയാൻ ആവില്ല. അക്രമത്തിനു ആഹ്വാനം ചെയ്യാനും അവകാശമില്ല.”

ട്രംപിനെതിരായ നിയമനടപടിക്കെതിരെ ഹൗസ് അന്വേഷണം അടിയന്തരമായി ആരംഭിക്കുമെന്നു സ്പീക്കർ കെവിൻ മക്കാർത്തി പറഞ്ഞതിനെ തുടർന്നാണ് ഡെമോക്രാറ്റുകളുടെ പ്രതികരണം പെലോസി ഏറ്റെടുത്തത്. ട്രംപ് 2016 തിരഞ്ഞെടുപ്പിനു മുൻപ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ $130,000 നൽകിയെന്ന ആരോപണത്തിലാണ് മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് കേസെടുത്തത്. ആ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു മക്കാർത്തി പറഞ്ഞു.

“ട്രംപിനെ നിയമലംഘനത്തിൽ നിന്നു രക്ഷിക്കാൻ കെവിൻ മക്കാർത്തി ഒരിക്കൽ കൂടി ക്രിമിനൽ അഭിഭാഷകന്റെ വേഷം കെട്ടുകയാണ്,” കലിഫോണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആഡം ഷിഫ്‌ പറഞ്ഞു.

ട്രംപിന്റെ മുൻ വൈസ് പ്രസിഡന്റ് കുറേക്കൂടി കരുതലോടെയാണു പ്രതികരിച്ചത്. ട്രംപിനെതിരായ കേസ് അസ്വസ്ഥത ഉളവാക്കുന്നുവെന്നു മൈക്ക് പെൻസ് പറഞ്ഞു. എന്നാൽ അദ്ദേഹം ആഹ്വാനം ചെയ്യുന്ന അക്രമം അനുവദിക്കാൻ പാടില്ല.

“ആരും നിയമത്തിനു അതീതരല്ല,” പെൻസ് പറഞ്ഞു.

ട്രംപിനു വേണ്ടി നടിക്കു പണം നൽകിയ കുറ്റത്തിനു മൂന്നു വർഷത്തെ തടവ് ശിക്ഷ ഏറ്റു വാങ്ങിയ മൈക്കൽ കോഹൻ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. “മറ്റൊരു അക്രമത്തിനുള്ള വിളിയാണത്,” കോഹൻ പറഞ്ഞു. “ജനുവരി 6 കലാപത്തിനു മുൻപ് സ്വന്തം പേരിൽ അക്രമത്തിനു ആഹ്വാനം ചെയ്ത അതേ രീതിയിൽ. സമാധാനപരമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യാമായിരുന്നു. പക്ഷെ അതു ഡൊണാൾഡിന്റെ രീതിയല്ല.”

Democrats decry Trump’s protest call to supporters

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular