Tuesday, May 7, 2024
HomeIndiaകേസ് ഇന്ന് സുപ്രീം കോടതിയില്‍; ആശിഷ് മിശ്രയെ ചോദ്യം ചെയ്യും

കേസ് ഇന്ന് സുപ്രീം കോടതിയില്‍; ആശിഷ് മിശ്രയെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ഉത്തര്‍ പ്രദേശ് പൊലീസ് ചോദ്യം ചെയ്തേക്കും. ആശിഷിനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതായി യുപി പൊലീസ് അറിയിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. സംഭവത്തില്‍ ആശിഷിന്റെ സഹായികളായ ആശിഷ് പാണ്ഡെ, ലവ്കുശ് റാണ എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കടയിലേക്കാണ് വാഹനവ്യൂഹം ഇടിച്ചുകയറിയത്. സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. വാഹനവ്യൂഹം കര്‍ഷകരുടെ പിന്നില്‍നിന്ന് ഇടിച്ചുകയറുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു.

ഖേരി ഉള്‍പ്പെടുന്ന ടിക്കോണിയ പോലീസ് സ്റ്റേഷനിൽ രണ്ട് എഫ്ഐആറുകളാണ് കേസില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബഹ്‌റൈച്ച് സ്വദേശിയായ ജഗ്ജിത് സിങ്ങിന്റെ പരാതിയിൽ ആശിഷിനും മറ്റ് 20 പേർക്കെതിരെയും കൊലപാതകം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയുള്ളതാണ് ആദ്യത്തെ കേസ്. രണ്ടാമത്തേത് സമിത് ജയ്സ്വാള്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ്. കലാപം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

“ഞായറാഴ്ച നടന്ന അപകടം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ആശിഷ് മിശ്രയ്ക്ക് പുറമെ ആറ് പേര്‍ക്കെതിരെയാണ് കേസ്. ആറ് പേരില്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ബാക്കയുള്ള മൂന്ന് പേരില്‍ ആശിഷ് പാണ്ഡെ, ലവ്കുശ് റാണ എന്നിവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു,” എഡിജി പ്രശാന്ത് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ലഖിംപൂര്‍ കേരി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ച കോടതി പ്രതികളെക്കുറിച്ചും അവരിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നത് വ്യക്തമാക്കുന്നതും ഉൾപ്പെടെ എഫ്‌ഐആറിന്റെ തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

”എട്ടു പേര്‍ മരിച്ചതായി ഞങ്ങള്‍ കേട്ടു, അവരില്‍ ചില കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനും മറ്റുള്ളവരുമുണ്ട്. നിങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പ്രതികളാരാണെന്നും നിങ്ങള്‍ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്നും ഞങ്ങള്‍ക്ക് അറിയണം. ഇവ ദയവായി തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക,” എന്നാണ് ജസ്റ്റിസ് സൂര്യ കാന്ത് നിർദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular