Thursday, April 25, 2024
HomeIndia'ഒരു രഹസ്യരേഖകളും മുദ്രവച്ച കവറുകളും ഇവിടെ എടുക്കുന്നില്ല'; കേന്ദ്രത്തിന് ചീഫ് ജസ്റ്റിസിന്റെ രൂക്ഷവിമര്‍ശനം.

‘ഒരു രഹസ്യരേഖകളും മുദ്രവച്ച കവറുകളും ഇവിടെ എടുക്കുന്നില്ല’; കേന്ദ്രത്തിന് ചീഫ് ജസ്റ്റിസിന്റെ രൂക്ഷവിമര്‍ശനം.

ന്യൂഡല്‍ഹി : കോടതിയില്‍ മുദ്രവച്ച കവറില്‍ രേഖകള്‍ സമര്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

മുദ്രവച്ച കവര്‍ ഏര്‍പ്പാട് അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍'(ഒ.ആര്‍.ഒ.പി) കേസിലുള്ള ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷവിമര്‍ശനം.

‘ഒരു രഹസ്യരേഖകളും മുദ്രവച്ച കവറുകളും ഇവിടെ എടുക്കുന്നില്ല. വ്യക്തിപരമായി ഞാന്‍ ഇതിനെതിരാണ്. കോടതിയില്‍ സുതാര്യത വേണം. ഉത്തരവുകള്‍ നടപ്പാക്കുന്ന വിഷയമാണിത്. അവിടെ എന്തിനാണ് രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്’?-കേന്ദ്ര അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയോട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

പെന്‍ഷന്‍ വിഷയത്തിലെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനായിരുന്നു എ.ജിയുടെ ശ്രമം. എന്നാല്‍, ഇത് സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു. തുറന്നുവായിക്കാമെങ്കില്‍ ആകാം, അല്ലെങ്കില്‍ തിരിച്ചുകൊണ്ടുപോകാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

സമ്ബൂര്‍ണമായും നീതിന്യായ തത്വങ്ങള്‍ക്കെതിരാണ് മുദ്രവച്ച കവറെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. എന്തെങ്കിലും സ്രോതസ് വെളിപ്പെടുത്തുമ്ബോഴോ ആരുടെയെങ്കിലും ജീവന്‍ അപായപ്പെടുത്തുന്ന ഘട്ടത്തിലോ മാത്രമേ അത്തരമൊരു സംഗതിയെ അവലംബിക്കാവൂ. ഈ പരിപാടി അവസാനിപ്പിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമുക്തഭടന്മാര്‍ക്ക് ഒ.ആര്‍.ഒ.പി കുടിശ്ശിക നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിനുള്ള ബുദ്ധിമുട്ട് കോടതി കാണുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തിലുള്ള തീരുമാനം എന്താണെന്ന് അറിയണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇതോടെ എ.ജി മുദ്രവച്ച കവര്‍ തുറന്ന് വായിക്കുകയായിരുന്നു.

ഒറ്റയടിക്ക് എല്ലാ തുകയും നല്‍കാനാകില്ലെന്ന് തുടര്‍ന്ന് എ.ജി വ്യക്തമാക്കി. പരിമിതമായ വിഭവമേ കൈയിലുള്ളൂ. ചെലവുകള്‍ നിയന്ത്രിക്കേണ്ട സ്ഥിതിയുണ്ട്. ഒറ്റയടിക്ക് എല്ലാം വീട്ടാനാകില്ലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പാര്‍ദിവാല എന്നിവരാണ് ഒ.ആര്‍.ഒ.പി വിഷയത്തിലുള്ള വിമുക്ത ഭടന്മാരുടെ ഹരജി പരിഗണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular