Saturday, April 27, 2024
HomeKeralaഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ചെറിയാൻ ഫിലിപ്പ്. അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഖാദി വിൽപ്പനയും ചരിത്രരചനയും ഒരുമിച്ച് നടത്താൻ പ്രയാസമാണെന്നും അദ്ദേഹം കുറിച്ചു. ശോഭന ജോർജ്ജ് രാജിവച്ച ഒഴിവിലേക്ക് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറപ്പെടുവിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവകേരളം കർമപദ്ധതി കോ-ഓഡിനേറ്ററായിരുന്നു ചെറിയാൻ ഫിലിപ്പ്.

ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പിൽ നിന്ന്,

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല.
40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.

രാഷ്‌ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്‌ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്‌ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്‌സ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്‌ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്‌റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.

ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്‌ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി സി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular