Saturday, July 27, 2024
HomeUSAഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പിന്‍വലിച്ചു; മെഹുല്‍ ചോക്‌സിക്ക് ഇനി സ്വതന്ത്രനായി ലോകം കറങ്ങാം

ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പിന്‍വലിച്ചു; മെഹുല്‍ ചോക്‌സിക്ക് ഇനി സ്വതന്ത്രനായി ലോകം കറങ്ങാം

പാരിസ് : പിടികിട്ടാപുള്ളിയായ വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടിസ് പിന്‍വലിച്ച്‌ ഇന്റര്‍പോള്‍.

13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ പ്രതിയായ ചോക്‌സിക്ക് ഇനി ലോകത്ത് എവിടെയും സ്വൈര്യവിഹാരം നടത്താനാകും. പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസ് അന്വേഷിക്കുന്ന സി.ബി.ഐയ്ക്ക് കനത്ത തിരിച്ചടിയാകും ഇത്.

രാജ്യം കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയും ബന്ധുവും വ്യവസായിയുമായ നീരവ് മോദിയും 2018ലാണ് ഇന്ത്യയില്‍നിന്ന് കടന്നുകളയുന്നത്. കരീബിയന്‍ ദ്വീപ് രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലേക്കാണ് ചോക്‌സി രക്ഷപ്പെട്ടത്. ആന്റിഗ്വയില്‍ പിന്നീട് പൗരത്വമെടുക്കുകയും ചെയ്തു. ഇതിനിടെയാണ് സി.ബി.ഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയത്.

2021 മേയില്‍ ചോക്‌സി ആന്റിഗ്വയില്‍നിന്ന് മുങ്ങി. മറ്റൊരു കരീബിയിന്‍ രാജ്യമായ ഡൊമിനിക്കയിലാണ് ഇയാളെ പിന്നീട് കണ്ടത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച്‌ ഡൊമിനിക്കന്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നാലെ ഡി.ഐ.ജി ശാരദ റാവത്തിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഡൊമിനിക്കയിലെത്തി ചോക്‌സിയെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇയാളെ ഇന്ത്യന്‍ അന്വേഷണ സംഘം ആന്റിഗ്വയില്‍നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച്‌ അഭിഭാഷകര്‍ ഡൊമിനിക്ക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് 51 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ചോക്‌സിക്ക് ഡൊമിനിക്ക ഹൈക്കോടതി ജാമ്യം നല്‍കുകയും ആന്റിഗ്വയിലേക്ക് മെഡിക്കല്‍ ആവശ്യത്തിന് മടങ്ങാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഡൊമിനിക്കയില്‍ ചോക്‌സിക്കെതിരെയുണ്ടായിരുന്ന എല്ലാ കേസുകളും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular