Tuesday, June 25, 2024
HomeGulfആത്മവസന്തത്തിന്റെ ആഘോഷ നാളുകള്‍ക്ക് ഇന്ന് തുടക്കം

ആത്മവസന്തത്തിന്റെ ആഘോഷ നാളുകള്‍ക്ക് ഇന്ന് തുടക്കം

ലോകമെങ്ങുമുള്ള വിശ്വാസികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചുകൊണ്ട് വീണ്ടുമൊരു റമദാന്‍ സമാഗതമായിരിക്കുന്നു.

ഇനിയങ്ങോട്ട് ആത്മവസന്തത്തിന്റെ ആഘോഷ നാളുകളാണ്. ഹൃദയ വിശുദ്ധിയും ആത്മീയ ഔന്നത്യവും നേടാനുള്ള മാസം. ദൈവികമാര്‍ഗത്തില്‍ സ്ഥിരചിത്തതയോടെയും മനക്കരുത്തോടെയും പിടിച്ചുനില്‍ക്കാന്‍ ഓരോ വിശ്വാസിയെയും വ്രതം പ്രചോദിപ്പിക്കുന്നു. തിന്മയുടെ ഇരുട്ടുകള്‍ക്ക് കട്ടികൂടുകയാണ്. അധാര്‍മികതയും മൂല്യച്യുതിയും, വിശ്വാസരാഹിത്യവും നവലിബറലിസവും യുവസമൂഹത്തെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. റമദാനിലൂടെ നന്മകളുടെ വര്‍ണരാജികള്‍ പ്രഭാപൂരിതമാവുന്നു. നന്മകളുടെയും പുണ്യത്തിന്റെയും വിളവെടുപ്പിന്റെ ഉത്സവനാളുകളാണ് റമദാന്‍.

വ്രതത്തിലൂടെ പ്രപഞ്ചനാഥനായ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുന്ന മനുഷ്യര്‍ സമസൃഷ്ടികളിലേക്ക് കാരുണ്യമായി പെയ്തിറങ്ങുന്ന മാസം കൂടിയാണ് റമദാന്‍. നമുക്ക് ചുറ്റുമുള്ള അശരണരായ അവശര്‍ക്ക് ആശ്വാസമേകാന്‍ വ്രതം നമ്മെ പ്രേരിപ്പിക്കണം. ഓരോ വിശ്വാസിയും തങ്ങള്‍ക്ക് ചുറ്റുമുള്ളവരിലേക്ക് നന്മ മരങ്ങളായി പൂത്തുലഞ്ഞു പെയ്തിറങ്ങട്ടെ. പ്രവാസലോകത്തും പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുംകൊണ്ട് ജീവിതം വഴിമുട്ടിയ നിരവധിയാളുകളുണ്ട്. ബാച്ചിലറായും കുടുംബമായും ജീവിക്കുന്നവരും ഈ കൂട്ടത്തില്‍പെടും. ലഭിക്കുന്ന ശമ്ബളം മുഴുവന്‍ നാട്ടിലേക്ക് അയച്ചതിനുശേഷം അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി പ്രവാസലോകത്ത് ഉരുകി തീരുകയാണ് ഈ ഹതഭാഗ്യര്‍. ഇവര്‍ക്കുനേരെ നമ്മുടെ കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടിവെക്കാനും അവരുടെ കണ്ണീരൊപ്പാനും വ്രതം നമ്മെ പ്രാപ്തരാക്കണം. തീന്‍മേശയിലെ വിഭവങ്ങളുടെ എണ്ണം കൂട്ടി സമൂഹത്തില്‍ പൊങ്ങച്ചം കാണിക്കാനുള്ള ആര്‍ഭാടാവസരമായി ഈ വിശുദ്ധമാസത്തെ നാം മാറ്റരുത്. ഊര്‍ജസ്വലതയുടെയും ആക്ടിവിസത്തിന്റെയും കൂടി നാളുകളാണ് വരാനിരിക്കുന്നത്. ചിലര്‍ക്കെങ്കിലും ഈ മാസം അലസതയുടെയും മടിയുടെയും കാലമാണ്. പ്രവാചകാധ്യാപനം ഇതിനെ തിരുത്തുന്നു.

വ്രതം ദൈവ സാമീപ്യം നേടാനും മനസ്സില്‍ അവനോടുള്ള ദിവ്യാനുരാഗം സൃഷ്ടിക്കാനും ഉതകുന്നതാണ്. മനുഷ്യരുടെ ജീവിതത്തില്‍ സൂക്ഷ്മതയും ഭക്തിയും ജാഗ്രതയും ഉല്‍പാദിപ്പിക്കുന്നു വ്രതം. ”അല്ലയോ സത്യവിശ്വാസികളായവരേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍” (ഖുര്‍ആന്‍ 2:183). ഇസ്‌ലാമിലെ എല്ലാ ആരാധനകളും മനുഷ്യരെ സൂക്ഷ്മതയുള്ളവരാക്കാന്‍വേണ്ടിയുള്ളതാണ്. ഭക്തി, ജാഗ്രത, സൂക്ഷ്മത, കരുതല്‍, കാവല്‍, ഭയം തുടങ്ങി നിരവധി ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദമാണ് തഖ്‌വ. ‘അല്ലാഹു കല്‍പിച്ചതൊക്കെയും പാലിക്കുക. അവന്‍ നിരോധിച്ചതൊക്കെയും വര്‍ജിക്കുക’ എന്നാണ് പൂര്‍വസൂരികള്‍ നല്‍കിയ പ്രബലവും പ്രചുരവുമായ തഖ്‌വയുടെ നിര്‍വചനം. ദൈവം മനുഷ്യരില്‍ പ്രകൃത്യാ നിക്ഷേപിച്ചിട്ടുള്ള ധര്‍മബോധമാണ് ഇത്. ധാര്‍മിക ബോധത്താല്‍ ഉദാത്തമായ മനസ്സാക്ഷി. അതില്‍ ദൈവത്തോടുള്ള ഭക്തിയുണ്ട്. അവന്റെ പ്രീതിക്കുവേണ്ടിയുള്ള ദാഹമുണ്ട്. അധര്‍മങ്ങളോട് കടുത്ത പ്രതിഷേധമുണ്ട്.

സൃഷ്ടികളുടെ അടിമത്തത്തില്‍നിന്നും പ്രപഞ്ചനാഥനായ സ്രഷ്ടാവിന്റെ അടിമത്തത്തിലേക്ക് മനുഷ്യരെ മാറ്റുന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് റമദാന്‍. തെറ്റുകളില്‍നിന്നും തിന്മകളില്‍ നിന്നും നമ്മെ തടയുന്ന ശക്തമായ ഒരു പരിചകൂടിയാണ് നോമ്ബ്. മനസ്സില്‍ തഖ് വയുടെ നിറം മങ്ങുമ്ബോള്‍ ക്ഷുദ്ര കാമനകളും പൈശാചിക ദുര്‍ബോധനങ്ങളും ആധിപത്യം നേടുന്നു. തെറ്റായ വാക്ക്, പ്രവൃത്തി, നോട്ടം എന്നിവയില്‍നിന്നുള്ള ആത്മനിയന്ത്രണം നോമ്ബിലൂടെ നമുക്ക് സാധ്യമാവുന്നു. സമത്വബോധം മനസ്സില്‍ നിറക്കാനും മുഴുവന്‍ മനുഷ്യരെയും ഏകോദര സഹോദരങ്ങളെപോലെ കാണാനുമുള്ള പരിശീലനവും ഇതിലൂടെ സാധ്യമാവുന്നു.

സല്‍മനോഭാവത്തിനും പരസ്‌പരമുള്ള വിട്ടുവീഴ്ചക്കുമുള്ള സുവര്‍ണാവസരമാണ് പരിശുദ്ധ റമദാന്‍. ജീവിതയാത്രക്കിടയില്‍ അറ്റുപോയ സാമൂഹിക ബന്ധത്തിന്റെ കണ്ണികളെ വിളക്കിച്ചേര്‍ക്കാനുള്ള ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം. ദൈവികമായ പൊറുത്തുകൊടുക്കലിന്റെയും മാനുഷികമായ മാപ്പിന്റെയും മാസം. ഈ വിശുദ്ധ മാസത്തില്‍ വിശ്വമാകെ മാറുകയാണ്. ആകാശവും ഭൂമിയും മാറ്റത്തിന് വിധേയമാവുന്നു. മുഴുവന്‍ ജനങ്ങളുടെയും സ്വഭാവവും സമൂലമായി മാറുകയാണ് റമദാനില്‍. മനുഷ്യരുടെ വിശ്വാസത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലും അടിമുടി പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി അവതീര്‍ണമായ ദൈവിക ഗ്രന്ഥങ്ങള്‍ ഭൂമിയില്‍ ഇറക്കാന്‍ ദൈവം തെരഞ്ഞെടുത്തതും ഈ വിശുദ്ധ മാസത്തെ തന്നെയാണ്. റമദാനില്‍ പ്രപഞ്ചത്തില്‍ സമഗ്രമാറ്റം സംഭവിക്കുന്നതായി മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. ‘റമദാനിന്റെ ആദ്യ രാത്രിയില്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടും. അതില്‍ ഒരു വാതില്‍പോലും തുറക്കപ്പെടില്ല. സ്വര്‍ഗവാതിലുകള്‍ മലര്‍ക്കെ തുറന്നിടപ്പെടും. അവിടെയുള്ള ഒരു വാതില്‍പോലും അടക്കപ്പെടുകയില്ല. ആകാശലോകത്തുനിന്നും അരുളപ്പാടുണ്ടാവും ”നന്മ കൊതിക്കുന്നവനേ, മുന്നോട്ടുവരൂ. തിന്മ ആഗ്രഹിക്കുന്നവനേ, പിന്തിരിഞ്ഞു പോകൂ, നരകത്തില്‍നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരായി നിരവധി ആളുകളുണ്ടാവും. അത് എല്ലാ രാവിലും സംഭവിക്കും.” ആകാശ ലോകത്താണ് ഈ മാറ്റങ്ങളുടെ വിളംബരം ഉണ്ടാവുന്നതെങ്കില്‍ സമാനമായ മാറ്റം ഭൂമിയിലും സംഭവിക്കും. ജനമനസ്സുകള്‍ ശാന്തമാവും. നന്മയോടുള്ള പ്രതിപത്തി വര്‍ധിക്കും.

ദൈവഭയത്താലും നരകഭയത്താലും സ്വര്‍ഗത്തെകുറിച്ചുള്ള ആഗ്രഹത്താലും ഓരോ മനസ്സും ഈ മാസത്തിലെ രാവുകളില്‍ ഏറെ തരളിതമാവുന്നു. പാതിരാവുകളില്‍ പടച്ചവനിലേക്ക് ഓരോ വിശ്വാസിയുടെ കരങ്ങളും ഉയരും. അര്‍ഥനകളും തേട്ടങ്ങളുമായി അവന്റെ കണ്ണില്‍നിന്നും ധാര ധാരയായി ഒഴുകുന്ന കണ്ണുനീര്‍കൊണ്ട് ചെയ്തുപോയ പാപങ്ങളെ അവന്‍ കഴുകി കളയുന്നു. സര്‍വോപരി റമദാന്‍ ഓരോ മനുഷ്യരെയും കൂടുതല്‍ വിമലീകരിക്കുകയാണ്. അത് വ്യക്തിയില്‍ നിന്നും കുടുംബത്തിലേക്കും സമൂഹത്തിലേക്കും പരക്കുകയും അതിലൂടെ നന്മയില്‍ അധിഷ്ഠിതമായ നല്ലൊരു നാഗരികത സാധ്യമാവുകയും ചെയ്യുന്നു. എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍.

RELATED ARTICLES

STORIES

Most Popular