Saturday, April 20, 2024
HomeIndiaപൂര്‍ണേഷ് മോദി വിചാരണ ഒരു വര്‍ഷത്തോളം വൈകിച്ചതെന്തിന്?

പൂര്‍ണേഷ് മോദി വിചാരണ ഒരു വര്‍ഷത്തോളം വൈകിച്ചതെന്തിന്?

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന് ഹരജിക്കാരന്‍ പൂര്‍ണേഷ് മോദി ആവശ്യപ്പെട്ടത് എന്തിന്?

ഒരു വര്‍ഷത്തോളം വിചാരണ നടപടികള്‍ നീട്ടിവെപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ത്? നിയമ, രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.

കുറ്റാരോപിതരാണ് സാധാരണഗതിയില്‍ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെടാറ്. എന്നാല്‍, ഈ കേസില്‍ പരാതിക്കാരനായ മുന്‍ ഗുജറാത്ത് മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ പൂര്‍ണേഷ് മോദി കഴിഞ്ഞ വര്‍ഷം ഹൈകോടതിയെ സമീപിച്ച്‌ വിചാരണ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

2019 ഏപ്രില്‍ 26നാണ് ഇദ്ദേഹം കേസ് ഫയല്‍ ചെയ്തത്. 2021 ജൂണ്‍ 24ന് രാഹുല്‍ ഗാന്ധി അന്നത്തെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എന്‍. ദേവ് മുമ്ബാകെ ഹാജരായി മൊഴി നല്‍കി. രാഹുല്‍ ഗാന്ധിയെ വീണ്ടും വിളിപ്പിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം 2022 മാര്‍ച്ചില്‍ തള്ളിയ കോടതി വാദം ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ച്‌ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2022 മാര്‍ച്ച്‌ ഏഴിന് കോടതി സ്റ്റേ അനുവദിച്ചു.

11 മാസത്തെ ഇടവേളക്കുശേഷം ഈ വര്‍ഷം ഫെബ്രുവരി 16ന് ഹരജിക്കാരന്‍ വീണ്ടും ഹൈകോടതിയെ സമീപിച്ച്‌ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടു. വിചാരണ കോടതി മുമ്ബാകെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിഷയം മുടങ്ങിക്കിടക്കുന്നത് വിചാരണ വൈകിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്.

അതേസമയം, സ്റ്റേ ചെയ്തശേഷം വിചാരണ കോടതി പുതിയ തെളിവുകള്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. വിചാരണ മുടങ്ങിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരവുമായിരുന്നു. എന്നിട്ടും ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.

വിവാദ വ്യവസായി ഗൗതം അദാനിയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ രൂക്ഷമായ ആക്രമണം നടത്തി ഒരാഴ്ച തികയും മുമ്ബാണ് പൂര്‍ണേഷ് മോദി വിചാരണ നടപടി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ഫെബ്രുവരി 27ന് പുതിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്‌.എച്ച്‌ വര്‍മ മുമ്ബാകെ വിചാരണ പുനരാരംഭിച്ചു.

കേസിനെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം പോലും നടത്താതെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച വിധിയുടെ സാധുതയും നിയമവിദഗ്ധര്‍ ചോദ്യം ചെയ്യുന്നുണ്ട്. ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 202 പ്രകാരം കോടതിയുടെ അധികാര പരിധി എന്ന പ്രധാന ചോദ്യവും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു.

കുറ്റാരോപിതന്‍ തന്റെ അധികാര പരിധിക്ക് പുറത്ത് താമസിക്കുന്നയാളാണെങ്കില്‍, ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതുവരെ മജിസ്ട്രേറ്റ് വിചാരണ നീട്ടിവെക്കണമെന്ന് സെക്ഷന്‍ 202 വ്യവസ്ഥ ചെയ്യുന്നു. രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ താമസിക്കുന്നയാളാണെന്നും അതിനാല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും വിഷയം അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular