Saturday, July 27, 2024
HomeEditorialകോടതി ആവശ്യപ്പെട്ട രേഖകൾ ട്രംപ് നൽകിയേ തീരൂ എന്നു വിധി; അപ്പീൽ തള്ളി

കോടതി ആവശ്യപ്പെട്ട രേഖകൾ ട്രംപ് നൽകിയേ തീരൂ എന്നു വിധി; അപ്പീൽ തള്ളി

ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകൻ ഇവാൻ കോർക്കോറാൻ ഡി. സി. ഡിസ്‌ട്രിക്‌ട് സർക്യൂട് അപ്പീൽ കോടതി ആവശ്യപ്പെട്ട രേഖകൾ നൽകിയേ തീരൂ എന്ന വിധി ട്രംപിനു തിരിച്ചടിയായി. വൈറ്റ് ഹൗസിൽ നിന്ന് അധികാരം ഒഴിഞ്ഞു പോയപ്പോൾ കൊണ്ടു പോയ രഹസ്യ രേഖകൾ സംബന്ധിച്ച വിവരങ്ങൾ ട്രംപ് അഭിഭാഷകനോട് പറഞ്ഞില്ല എന്നു വെളിപ്പെടുത്തുന്ന രേഖകളാണ് കോടതി ചോദിക്കുന്നത്.

അവ നൽകാതിരിക്കാൻ നൽകിയ അപേക്ഷകൾ കോടതി ബുധനാഴ്ച തള്ളി. കോർക്കോറാൻ വിചാരണ ചെയ്യപ്പെടുമ്പോൾ ട്രംപിന്റെ പേരിൽ ആരോപിക്കപ്പെട്ട ഗുരുതരമായ കുറ്റം തെളിയുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

രേഖകൾ സസൂക്ഷ്മം പരിശോധിച്ചെന്നു കോർക്കോറാൻ എഴുതി കൊടുത്തിരുന്നു. എന്നാൽ എഫ് ബി ഐ നൂറിലേറെ രേഖകളാണ് മാർ-ആ-ലാഗോ വസതിയിൽ നിന്നു കണ്ടെടുത്തത്. ട്രംപ് പറഞ്ഞ പ്രകാരമാണ് താൻ എഴുതി കൊടുത്തതെന്നു കോർക്കോറാൻ മൊഴി നൽകിയാൽ ട്രംപ് കുറ്റവാളിയാകും.

ചൊവാഴ്ച അർധരാത്രിയോടെ രേഖകൾ നൽകണമെന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോർക്കോറാനെ ചോദ്യം ചെയ്യാനും രേഖകൾ പിടിച്ചെടുക്കാനും നീതിന്യായ വകുപ്പിന് (ഡി ഓ ജെ) ചീഫ് ജഡ്‌ജ്‌ ബെറിൽ എ. ഹവെൽ അനുമതി നൽകുകയും ചെയ്തു.

അഭിഭാഷകന് കക്ഷിയുടെ രേഖകൾ രഹസ്യമാക്കി വയ്ക്കാം എന്ന വാദം കോടതി സ്വീകരിച്ചില്ല.

അതേ സമയം, മൻഹാട്ടൻ കോടതിയിൽ സ്റ്റോർമി ഡാനിയൽ കേസിൽ ട്രംപിനെ കുറ്റം ചുമത്തുന്നത് ബുധനാഴ്ചയും ഉണ്ടായില്ല. ഗ്രാൻഡ് ജൂറി വ്യാഴാഴ്ച കൂടിയേക്കും. സാക്ഷി വിസ്താരങ്ങൾ പൂർത്തിയാക്കി ഗ്രാൻഡ് ജൂറി തീരുമാനം എടുക്കേണ്ടതുണ്ട്‌.

ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗിന്റെ ശ്രമങ്ങൾ അട്ടിമറിക്കാൻ ട്രംപ് ഒടുവിൽ ഇറക്കിയ സാക്ഷി റോബർട്ട് കാസ്റ്റിയോ അദ്ദേഹത്തിനു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ഠിക്കയാണ് ചെയ്തതെന്നു പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഭിഭാഷകനായ അദ്ദേഹം ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹന്റെ മൊഴി നുണയാണെന്നു സ്ഥാപിക്കും എന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസുമായി ട്രംപിന് ഉണ്ടായ രഹസ്യ ബന്ധം ഒതുക്കാൻ അവർക്കു $130,000 നൽകിയെന്നു മൊഴി നൽകിയ കോഹൻ അതിനുള്ള ജയിൽ ശിക്ഷയും വാങ്ങിയിരുന്നു.

മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ഷാൻ വൂ ബുധനാഴ്ച പറഞ്ഞു: മൊഴി നൽകിയ ശേഷം കാസ്റ്റിയോ പാഞ്ഞുവിട്ടു മാധ്യമങ്ങളെ കാണുകയും തനിക്കു പറയാനുള്ളതു മുഴുവൻ പറയാൻ പ്രോസിക്യൂഷൻ അനുവദിക്കില്ലെന്നു പരാതിപ്പെടുകയും ചെയ്തു. അപ്പോൾ തന്ത്രം ഫലിച്ചില്ല എന്ന് വ്യക്തമാവുന്നു.

ഫലത്തിൽ ട്രംപ് വിചാരണ ചെയ്യപ്പെട്ടാൽ പറയാൻ പോകുന്നത് എന്താണെന്നു പ്രോസിക്യൂഷനു രണ്ടു മണിക്കൂർ കൊണ്ടു  മനസ്സിലാവുകയും ചെയ്തു. അവർക്കു തയാറെടുപ്പിനു സൗകര്യം കിട്ടി.

Trump suffers blow in DC court

RELATED ARTICLES

STORIES

Most Popular