Friday, April 19, 2024
HomeKeralaമോന്‍സനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി; ഒന്നരലക്ഷം രൂപ തട്ടിച്ചെന്ന് പരാതി, ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ്

മോന്‍സനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി; ഒന്നരലക്ഷം രൂപ തട്ടിച്ചെന്ന് പരാതി, ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ്

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെ (monson mavunkal) ഒരു തട്ടിപ്പ് കേസ് കൂടി. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്. ഇതിനിടെ, മോണ്‍സനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാരാണെന്ന് അഭിപ്രായപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ പരാതിക്കാരിലൊരാളായ അനൂപ് അഹമ്മദ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു.

മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് തുറവൂര്‍ സ്വേദശി ബിജു കോട്ടപ്പള്ളിയുടെത്. 2017 ഡിസംബര്‍ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോന്‍സന്‍ ആവശ്യപ്പെട്ടു. തന്‍റെ സഹോദരന്‍ വഴിയാണ് ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തന്‍റെ കൈയില്‍ പണമിലെന്ന് പറഞ്ഞു. 20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്താന്‍ ആവശ്യപ്പെട്ടും. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് തുക ഒപ്പിച്ചു. മോ‍ന്‍സന്‍ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.

പിന്നീട് തനിക്ക് ഒരു പജീറോ കൈമാറിയെന്നും ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിക്കാരന്‍ പറയുന്നു. പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിയിലെ ആവശ്യം. ഇതിനിടെ നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ ക്രൈംബ്രാഞ്ച് കേസിലെ പരാതിക്കാരിലൊരാളായ അനൂപ് അഹമ്മദ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പരാതിക്കാരെ ശ്രീനിവാസന്‍ തട്ടിപ്പുകാര്‍ എന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്ന് നോട്ടീസില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular