Friday, April 19, 2024
HomeUSAനടി ഗ്വിനത് പാൾട്രോക്ക് ഒരു ഡോളർ നഷ്‌ടപരിഹാരം: 100% കുറ്റം ഡോക്ടറുടേതെന്നു ജൂറി

നടി ഗ്വിനത് പാൾട്രോക്ക് ഒരു ഡോളർ നഷ്‌ടപരിഹാരം: 100% കുറ്റം ഡോക്ടറുടേതെന്നു ജൂറി

ഹോളിവുഡ് നടി ഗ്വിനത് പാൾട്രോ സ്കീയിങ്ങിനിടയിൽ ഉണ്ടായ അപകടത്തിനു ഉത്തരവാദിയല്ലെന്നു കോടതി കണ്ടെത്തി. ഓസ്‌കർ ജേതാവായ നടിയെ കുറ്റം ചാരി പരാതി നൽകിയ ഡോക്ടർ ടെറി സാന്ഡേഴ്സൺ (76)  പാൾട്രോവിനു (50)  അവർ ആവശ്യപ്പെട്ട ഒരു ഡോളർ നഷ്ടപരിഹാരം നൽകണമെന്നു കോടതി വിധിച്ചു. അവർക്കു നൽകേണ്ട കോടതിച്ചെലവിനെ കുറിച്ചു പിന്നീട് തീരുമാനിക്കും.

2016 ഫെബ്രുവരി 26നു പാർക്ക് സിറ്റിയിലെ ഡീർ വാലി റിസോർട്ടിലുള്ള സ്‌കി സ്ലോപ്പിൽ വച്ചു ഡോക്ടറും നടിയും കൂട്ടിയിടിച്ചിരുന്നു. അതോടെ സ്ഥിരം രോഗിയായെന്നും പാൾട്രോ $3 മില്യൺ നൽകണമെന്നും ആവശ്യപ്പെട്ടു സാന്ഡേഴ്സൺ കോടതിയെ സമീപിച്ചു. പിന്നീട് ആവശ്യപെട്ട തുക $300,000 ആയി കുറച്ചു.

സാന്ഡേഴ്സൺ വിജയിച്ചില്ലെങ്കിലും സ്വന്തം പ്രതിച്ഛായ കളങ്കപ്പെട്ടതിന്റെ പേരിൽ പാൾട്രോവ് തിരിച്ചൊരു പരാതി നൽകി. തന്റെ സമ്പത്തും കീർത്തിയും മുതലെടുക്കാനാണ് ഡോക്ടർ ശ്രമിച്ചതെന്നു അവർ ആരോപിച്ചു.

യുട്ടയിലെ മൂന്നാം ഡിസ്‌ട്രിക്‌ട് കോടതി രണ്ടു മണിക്കൂർ 32 മിനിറ്റ് കൂടിയാലോചനയ്ക്കു ശേഷം പറഞ്ഞത് അപകടം 100% ഡോക്ടറുടെ അശ്രദ്ധ മൂലം ഉണ്ടായതാണ് എന്നാണ്. പാൾട്രോയുടെ വാദം പൂർണമായും ശരിയാണെന്നു കോടതി കണ്ടെത്തി. ഡോക്ടർ പറയുന്ന രോഗാവസ്ഥ അപകടത്തിനു മുൻപേ ഉണ്ടെന്നും തെളിഞ്ഞു.

വിധി പ്രസ്താവം കഴിഞ്ഞു കോടതി വിടുമ്പോൾ പാൾട്രോ സാൻഡേഴ്സനോട്‌ പറഞ്ഞു: “അങ്ങേയ്ക്കു നന്മകൾ നേരുന്നു.”

പിന്നീട് നടി പ്രസ്താവനയിൽ പറഞ്ഞു: “വ്യാജ ആരോപണത്തിനു മൗനമായി വഴങ്ങി കൊടുക്കുന്നതു തെറ്റാണെന്ന ഉറച്ച ബോധം കൊണ്ടാണ് ഞാൻ പോരാട്ടത്തിനു പുറപ്പെട്ടത്. വിധിയിൽ ഞാൻ സംതൃപ്തയാണ്.”

പാൾട്രോ കേസിൽ ജയിച്ചത്തിനു പുറമെ തന്റെ പ്രതിച്ഛായയും മെച്ചപ്പെടുത്തിയെന്നു ലോസ് ആഞ്ചലസ്‌ അഭിഭാഷകൻ ട്രെ ലോവൽ പറഞ്ഞു.

താൻ തികച്ചും നിരാശനാണെന്നു സാന്ഡേഴ്സൺ പറഞ്ഞു. “എന്റെ ജീവിതരീതി ചിത്രീകരിക്കാൻ പറഞ്ഞത് തികച്ചും അസത്യമായ കാര്യങ്ങൾ ആയിരുന്നു.”

അപകടം ഉണ്ടായപ്പോൾ ആരോ തന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച പോലെ തോന്നിയെന്നു പാൾട്രോ പറഞ്ഞിരുന്നു. “എന്റെ സ്കികളുടെ നടുവിൽ രണ്ടു സ്കികൾ വന്നു. എന്റെ കാലുകൾ അകത്താൻ ശ്രമിച്ചു. പിന്നെ ഒരു ശരീരം എന്റെ മേൽ വന്നു അമർത്തി.”

അപകടം കഴിഞ്ഞു വൈകാതെ സാന്ഡേഴ്സൺ മക്കൾക്കു അയച്ച ഇമെയിൽ പാൾട്രോവിന്റെ അഭിഭാഷകർ ഹാജരാക്കി. “ഞാൻ പ്രസിദ്ധനായി” എന്നാണ് ഇമെയിലിന്റെ ശീർഷകം. അപകടം കഴിഞ്ഞു മൂന്നു വര്ഷം കഴിഞ്ഞാണ് അദ്ദേഹം പരാതിയുമായി കോടതിയിൽ എത്തിയത്.

എട്ടു ദിവസം നീണ്ട വിചാരണയിൽ എല്ലാ ദിവസവും നടി എത്തിയിരുന്നു.

Gwyneth Paltrov wins skiing crash case

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular