സിയാറ്റിൽ നഗരത്തിൽ ജാതി വിവേചനനിയമം തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം വലതുപക്ഷ ഹിന്ദു അമേരിക്കൻ സംഘടനകൾ കലിഫോർണിയയിൽ അത്തരമൊരു നിയമം വരുന്നതു തടയാനുള്ള പോരാട്ടത്തിലാണ്. വിശ്വ ഹിന്ദു പരിഷദ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഹിന്ദുപാക്‌ട് യുഎസ്എ ഇതിനായി ഒപ്പുശേഖരണം ആരംഭിച്ചു. എസ്ബി-403 എന്ന ബിൽ തള്ളിക്കളയണമെന്നു കലിഫോർണിയ സെനറ്റിനോടു അഭ്യർഥിക്കും.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ബില്ലിനെ എതിർത്തിരുന്നു. ബിൽ അവതരിപ്പിച്ച അഫ്ഘാൻ അമേരിക്കൻ സെനറ്റർ ഐഷ വഹാബിനെ ‘ജാതിയെന്ന സങ്കീർണ വിഷയത്തെ’ കുറിച്ചു പഠിപ്പിക്കുമെന്നു അവർ പറഞ്ഞു.
ജാതി വിവേചനം വ്യക്തമായി നിരോധിക്കുന്നതാണ് ബിൽ. “ഫ്രിമോണ്ടിൽ ജനിച്ചു വളരുമ്പോൾ എന്റെ സുഹൃത്തുക്കളും കുടുംബങ്ങളും ജാതി വിവേചനം മൂലം അനുഭവിച്ച കഷ്ടതകൾ ഞാൻ കണ്ടിട്ടുണ്ട്,” വഹാബ് പറയുന്നു. “എന്റെ ഡിസ്ട്രിക്ടിൽ ഉള്ളവർ അവരുടെ അനുഭവങ്ങൾ പങ്കിട്ടു. അവർക്കു ഉചിതമായ സംരക്ഷണം ആവശ്യമാണെന്നു ഞാൻ കരുതുന്നു.”
അമേരിക്കയിൽ ഉടനീളമുള്ള വലതു തീവ്രവാദി ഹിന്ദുക്കൾ ഒന്നിച്ചു പൊരുതിയിട്ടും സിയാറ്റിൽ സിറ്റി കൗൺസിൽ 6-1 വോട്ടിനാണ് ജാതി വിവേചനം തടയുന്ന ബിൽ പാസാക്കിയത്. അതിനു മുൻകൈയെടുത്ത ക്ഷമാ സാവന്തിന്റെ സാന്നിധ്യത്തിലാണ് വഹാബ് ബിൽ പ്രഖ്യാപിച്ചത്. അതു പാസായാൽ ജാതി വിവേചനം നിരോധിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമാവും കലിഫോർണിയ.
“ഈ ബിൽ തൊഴിലാളികളുടെയും സ്ത്രീകളുടെയും പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണ്,” വഹാബ് പറഞ്ഞു. ജാതി വിവേചനം നടപ്പാക്കുന്നതിൽ നിന്നു കമ്പനികളെ അത് തടയും.
എതിർപ്പുകൾ തന്റെ ഓഫിസിൽ എത്തിയിട്ടുണ്ടെന്നു വഹാബ് വെളിപ്പെടുത്തി.
Right-wing Hindu Americans now seek to stop California from banning caste bias