Saturday, September 23, 2023
HomeKeralaനഴ്‌സിങ്ങിനൊപ്പം ശാസ്ത്ര സാങ്കേതിക മേഖലക്കും ഫൊക്കാന പ്രോത്സാഹനം നല്‍കണം: അഡ്വ. പി. സതീദേവി

നഴ്‌സിങ്ങിനൊപ്പം ശാസ്ത്ര സാങ്കേതിക മേഖലക്കും ഫൊക്കാന പ്രോത്സാഹനം നല്‍കണം: അഡ്വ. പി. സതീദേവി

തിരുവനന്തപുരം : ശാസ്ത്ര സാങ്കേതിക ഗണിത മേഖലകളിലേക്ക് കടന്നു വരുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ഫൊക്കാന മുന്നോട്ടു വരണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ രണ്ടാം ദിനം വിമന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ഫൊക്കാന മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ട്. കണ്‍വെന്‍ഷനോടനുബന്ധിച്ച് വനിതാ ഫോറം സംഘടിപ്പിച്ചത് നല്ല കാര്യമാണ്. പൊതുവേദികളില്‍ ഇടം നേടാന്‍ സ്ത്രീകള്‍ ശ്രമിക്കണം. ഇന്ന് സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ എന്ന് നാം ചിന്തിക്കണം. പ്രവാസി സമൂഹത്തിലും കേരളത്തിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍എന്തെല്ലാമാണെന്ന് പ്രവാസി സമൂഹം തിരിച്ചറിയുകയും അത് പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ പങ്കാളിയാവുകയും വേണം. ലോകത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നതില്‍ അഭിമാനിക്കുമ്പോള്‍ തുല്യതയുടെ അവസ്ഥയെന്താണെന്ന് നാം ചിന്തിക്കണം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വച്ച സ്ത്രീകള്‍ക്ക് നവീകരണവും സാങ്കേതികവിദ്യയിലൂടെ ലിംഗസമത്വം എന്ന ആശയമാണ് മുന്നോട്ടു വച്ചത്. ഭരണഘടനയക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. പ്രപഞ്ചത്തിലെ എല്ലാത്തിന്റെയും പകുതി സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് ഭരണഘടന പറയുന്നു. ഈ ഭരണഘടന നിലവില്‍ വന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും ലിംഗതുല്യത കൈവരിക്കാന്‍ നമുക്കാവുന്നില്ല.

സ്ത്രീകള്‍ക്ക് സംവരണം എന്തിനാണ്. തീരുമാനങ്ങളെടുക്കാനുള്ള അവകാശം അവള്‍ക്ക് ലഭിക്കണം.

പൊതുസമൂഹവും കുടുംബവും ഉള്‍പ്പെട്ട പൊതുമണ്ഡലങ്ങളില്‍ തുല്യതയുടെ കാഴ്ചപ്പാടുകള്‍ മാറുന്നു.നപുംസകങ്ങള്‍ എന്നു വിളിച്ചിരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ തുല്യതയേ കുറിച്ചു കൂടി ചര്‍ച്ച ചെയ്യാന്‍ സമയമായി. ഇവര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമാണ് ലിംഗനീതി. ശക്തമായ സ്ത്രീസുരക്ഷാ നിയമങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. എന്നിട്ടും പൊതു ഇടങ്ങളില്‍ പുരുഷാദിപധ്യം നിലനില്‍ക്കുകയും വീടകങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നു. സ്ത്രീകള്‍ മാത്രം വിചാരിച്ചാല്‍ സ്ത്രീവിരുദ്ധത മാറ്റാന്‍ കഴിയില്ലെന്നും പി.സതീദേവി പറഞ്ഞു.

നഴ്‌സിങ്ങ് രംഗത്തെ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഫൊക്കാന വിമന്‍സ് ഫോറം ഏര്‍പ്പെടുത്തിയ ‘മറിയാമ്മ പിള്ള’ അവാര്‍ഡ് ഗവ; കോളജ് ഓഫ് നഴ്‌സിങ്ങ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ബെന്‍സിക്ക് പി.സതീദേവി സമ്മാനിച്ചു. കൂടാതെ നഴ്‌സിങ്ങ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണവും നിര്‍വഹിച്ചു.

ഫൊക്കാന വിമന്‍സ് ഫോറം കണ്‍വീനര്‍ ഗീതാ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. വിമന്‍സ് ഫോറം കണ്‍വീനര്‍ ബ്രിജിത്ത് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കേരളീയം വൈസ് പ്രസിഡന്റു വനിതാ കമ്മീഷന്‍ മുന്‍ അംഗവുമായ ഇ.എം.രാധ, നഴ്‌സിങ്ങ് സ്‌കോളര്‍ഷിപ് ഫിനാന്‍സ് കമ്മിറ്റി മെമ്പര്‍ രേവതി പിള്ള, ഫൊക്കാന ജനറല്‍ സെക്രട്ടറി കലാ ഷാഹി, ലീല മാരട്ട് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഡെയ്‌സി തോമസ് നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular