സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ ഷോപ്പിങ് മാളിലെ ഗോവണിയില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന് മരിച്ചു.
34കാരനായ തേവന്ദ്രന് ഷണ്മുഖമാണ് മരിച്ചത്. ഷണ്മുഖത്തിന്റെ മൃതദേഹം വെള്ളിയാഴ്ച മണ്ടായി ശ്മശാനത്തില്‍ സംസ്കരിച്ചു.
കഴിഞ്ഞ മാസം ഓര്കാഡ് റോഡിലെ കോണ്‍കോര്‍ഡ് ഷോപ്പിങ് മാളിലാണ് സംഭവം നടന്നത്. ഷണ്മുഖത്തെ മറ്റൊരാള്‍ ഷോപ്പിങ് മാളിലെ ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ ഷണ്മുഖം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ 27കാരനായ മുഹമ്മദ് അസ്ഫരി അബ്ദുല്‍ കാഹക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും തമ്മില്‍ മുന്‍ പരിചയമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്വമേധയാ ഗുരുതര പരിക്കേല്‍പ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യത.