Monday, May 6, 2024
HomeEditorialഎ.കെ ആന്റണിയുടെ ആദര്‍ശം, മകന്‍ അനിന്‍ ആന്റണിക്ക് സംഘീയം (എ.എസ് ശ്രീകുമാര്‍)

എ.കെ ആന്റണിയുടെ ആദര്‍ശം, മകന്‍ അനിന്‍ ആന്റണിക്ക് സംഘീയം (എ.എസ് ശ്രീകുമാര്‍)

ഇന്ത്യയിലെ സമുന്നതനായ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് തന്റെ പാര്‍ട്ടി ജീവശ്വാസമാണ്. ഖദര്‍ ആദര്‍ശത്തിന്റെ മേലങ്കിയും. അതേസമയം ഇപ്പോള്‍ ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയ സ്വന്തം മകന്‍ അനില്‍ ആന്റണി ജനിക്കും മുമ്പ് കോണ്‍ഗ്രസ് വിട്ട ചരിത്രവും എ.കെ ആന്റണിക്കുണ്ടല്ലോ.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും കര്‍ണാടകത്തിലെ ചിക്കമംഗ്ലൂരില്‍ ഇന്ദിരാ ഗാന്ധി മത്സരിക്കുകയുണ്ടായി. ഇന്ദിരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് 1978 ല്‍ ആന്റണി മുഖ്യമന്ത്രി പദം രാജി വയ്ക്കുകയും താമസിയാതെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എ) ഗ്രൂപ്പ് രൂപീകരിച്ച് ഇടതു മുന്നണിയില്‍ ചേരുകയും ചെയ്തത്.

എന്നാല്‍ 1982 ഡിസംബറില്‍ എ.കെ ആന്റണിയുടെ (എ) ഗ്രൂപ്പും കെ കരുണാകരന്റെ (ഐ) ഗ്രൂപ്പും തമ്മില്‍ ലയിച്ചതോടെ കെ കരുണാകരനു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായി എ.കെ ആന്റണി മാറി. തുടര്‍ന്നിങ്ങോട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനം ആന്റണിയെ കേന്ദ്ര പ്രതിരോധ മന്ത്രിക്കസേര വരെ കൊണ്ടെത്തിച്ചു. കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ ആന്റണി വിശ്വസ്തനായ പാര്‍ട്ടി പ്രവര്‍ത്തകനെന്ന ലേബലില്‍ കൂടുതല്‍ ശക്തനാവുകയായിരുന്നു.

ആന്റണി പാര്‍ട്ടിയില്‍ തിരിച്ചെത്തി 41 വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസ് വിട്ട പാരമ്പര്യം, ആന്റണിയെ ലയിപ്പിച്ച കെ കരുണാകരനുമുണ്ട്. 1995ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിന് ശേഷം കരുണാകരന് മാറിമാറി വന്ന സര്‍ക്കാരുകളിലോ പാര്‍ട്ടിക്കുള്ളിലോ ഒന്നും ഉയര്‍ന്ന പദവികളിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. ഏദ്ദേഹം വെറും ‘ലീഡര്‍’ മാത്രമായി. ഈ കടുത്ത അധികാര മോഹഭംഗമാണ് പാര്‍ട്ടി വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (കരുണാകരന്‍) അഥവാ ഡി.ഐ.സി (കെ) രൂപീകരിച്ച കരുണാകരന്‍ 2007 ഡിസംബര്‍ 11ന് കോണ്‍ഗ്രസില്‍ തിരികെയെത്തി…ഒട്ടും കരുത്തനല്ലാതെ.

കെ കരുണാകരനും എ.കെ ആന്റണിയും കോണ്‍ഗ്രസിലെ രണ്ട് മഹാരഥന്‍മാരാണ്, കാലഘട്ടമാണ്, ചരിത്രമാണ്. പാര്‍ട്ടി മാത്രമാണ് അവരുടെ രാഷ്ട്രീയ നേട്ടങ്ങളുടെയും ജനകീയ പ്രതിഛായയുടെയും ആണിക്കല്ല്. അതുകൊണ്ട് അവര്‍ക്ക് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയെത്തുക മാത്രമായിരുന്നു മുമ്പിലുണ്ടായിരുന്ന ഒരേയൊരു മാര്‍ഗം. അപ്രകാരം ചെയ്തില്ലായിരുന്നുവെങ്കില്‍ അവര്‍ ജനമനസുകളില്‍നിന്ന് എന്നേ മാഞ്ഞുപോകുമായിരുന്നു.

എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടതിനെ ഒരിക്കലും ഇത്തരത്തിലെടുക്കാനാവില്ല. എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ എന്നതില്‍ കവിഞ്ഞ് യാതൊരുതരത്തിലുമുള്ള ജനകീയ പ്രതിഛായ ഉള്ള വ്യക്തിയല്ല അനില്‍. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞ പോലെ എ.കെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ല.

കോണ്‍ഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. കൊടിപിടിച്ചിട്ടില്ല, പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല, മുദ്രാവാക്യം വിളിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരാരും പാര്‍ട്ടി വിട്ട് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്ത ആളാണ് അനില്‍ എന്ന സുധാകരന്റെ അഭിപ്രായത്തെ തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസില്‍ ആദര്‍ശത്തിന്റെ അപ്പോസ്തലനായ ആന്റണിയുടെ പുത്രനായതുകൊണ്ട് മാത്രമാണ് പലരും അനിലിന്റെ മറുകണ്ടം ചാടലിനെ വൈകരികമായി സമീപിക്കുന്നത്.

അനില്‍ കാവിക്കുപ്പായമണിഞ്ഞ ദിവസം വളരെ സമര്‍ത്ഥമായും വികാരപരവുയാണ് ആന്റണി അതിനോട് പ്രതികരിച്ചത്. അനിലിന്റെ നടപടി വേദനയുണ്ടാക്കുന്നതാണെന്നും അത് തെറ്റായ തീരുമാനമാണെന്നുമാണ് എ.കെ ആന്റണി പറഞ്ഞത്. രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുര്‍ബലപ്പെടുത്തുന്നതാണ് ബി.ജെ.പി നയമെന്നും എ.കെ ആന്റണി പറഞ്ഞു. ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് അദ്ദേഹം ഏതാനും മിനിറ്റ് സംസാരിച്ച് വിഷയത്തില്‍ നിന്നൊഴിഞ്ഞത്.

ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ അനില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഒരു കുടുംബത്തെ രക്ഷിക്കലാണ് ധര്‍മ്മമെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. തന്റെ ധര്‍മ്മം രാജ്യത്തെ സേവിക്കലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ച് താന്‍ പ്രവര്‍ത്തിക്കുമെന്നുമാണ് ഭഗവത്ഗീത ഉദ്ധരിച്ചുകൊണ്ടുള്ള അനിലിന്റെ ‘സത്യ’പ്രതിജ്ഞ.

ഏതെങ്കിലുമൊരു മഹത്തായ ആശയത്തിന്റെ പേരില്ല അനില്‍ ‘കൈ’ വിട്ട് ‘താമര’ക്കുളത്തിലേയ്ക്ക് ചാടിയത്. ഗുജറാത്തിലെ വംശഹത്യയില്‍, അന്ന് അവിടത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടിയ ബി.ബി.സി ഡോക്യുമെന്ററിയോടുള്ള ബി.ജെപി നിലപാടിനൊപ്പമായിരുന്നു അനില്‍ എന്ന ആക്ഷേപം സത്യസന്ധമാണ്.

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തിയിട്ടും കോണ്‍ഗ്രസ്  സംസ്‌കാരം അധമമാണെന്ന് തുറന്നടിച്ചിട്ടും അനില്‍ ആന്റണിക്കെതിരെ ഹൈക്കമാന്‍ഡ് പ്രതികരിക്കാതിരുന്നത്, അത്തരത്തിലുള്ള ഒരു കേവല പ്രതികരണത്തിന് പോലും അനില്‍ യോഗ്യനല്ല എന്ന് നിശ്ചയിച്ചിട്ട് തന്നെയാവും. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമാണെന്ന് പണ്ട് ചിലരെ ഉദ്ദേശിച്ച് ആന്റണി പറഞ്ഞത് ഇപ്പോള്‍ സ്വന്തം വീട്ടില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

മകനോട് രാഷ്ട്രീയം സംസാരിച്ചിട്ട് കുറച്ചു നാളായി എന്നാണ് ആന്റണി ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞത്. മകനോടെന്നല്ല മറ്റാരോടും അദ്ദേഹം ഈ നാളുകളില്‍ രാഷ്ട്രീയം സംസാരിച്ചോയെന്ന് സംശയമുണ്ട്. സ്വന്തം പുത്രനെ താന്‍ നെഞ്ചേറ്റുന്ന, തന്റെ ജീവനും രക്തവുമായ കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്തിന് രാഷ്ട്രീയം സംസാരിക്കണം.

അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനം സംഘികളുമായുണ്ടാക്കിയ ഒരു കോര്‍പറേറ്റ്-വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്. കാരണം അനിന്‍ ഒരു ടെക്കിയാണ്. പൊതു നന്‍മ എന്നതിലുപരി ആ മേഖലയിലുള്ള ബിസിനസിലാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യം. ഇത്തരം കോര്‍പറേറ്റ് ചിന്തകള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് ബി.ജെ.പിയുടേത്. അതിനാല്‍  കോണ്‍ഗ്രസിന്റെ ആനുകാലിക പ്രതിസന്ധികള്‍ മോദി സ്തുതിയില്‍ അദ്ദേഹം കണ്ടില്ലെന്ന് നടിച്ചു. ”പുര കത്തുമ്പോള്‍ വാഴ വെട്ടുക…” എന്ന ചൊല്ല് ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്വര്‍ത്ഥമാവുകയാണ്.

എ.എസ് ശ്രീകുമാര്‍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular