Friday, April 19, 2024
HomeIndiaരാജ്യത്ത് കായിക താരങ്ങളെ വളർത്താൻ അനുവദിക്കാത്തത് ചില ഫെഡറേഷനുകൾ ; തുറന്നടിച്ച് കിരൺ റിജിജു

രാജ്യത്ത് കായിക താരങ്ങളെ വളർത്താൻ അനുവദിക്കാത്തത് ചില ഫെഡറേഷനുകൾ ; തുറന്നടിച്ച് കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യയിലെ പല കായിക ഫെഡറേഷനുകളും അത്‌ലറ്റുകളെ വളരാൻ അനുവദിക്കുന്നില്ലെന്ന് മുൻ കേന്ദ്രകായിക മന്ത്രി കിരൺ റിജിജു. രാജ്യത്ത് ഇത്തരത്തിലുള്ള ഫെഡറേഷനുകൾ സമുചിതമായി പ്രവർത്തിക്കുന്നില്ലെന്നും താൻ മന്ത്രിപദത്തിലിരിക്കെ അഭിമുഖീകരിച്ച കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നിരവധി കായിക ഫെഡറേഷനുകളുണ്ട്. ഇതിൽ ചിലത് വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നവയാണ്. അവരിൽ പലരും സ്വന്തം കൈകളിൽ നിന്നും പണം ചിലവാക്കി അത്‌ലറ്റുകളെ വാർത്തെടുക്കാനും അവർക്ക് പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും മുന്നിട്ട് ഇറങ്ങുന്നവരാണെന്നും കിരൺ റിജിജു അഭിപ്രായപ്പെട്ടു.

എന്നാൽ താൻ പേരെടുത്ത് പറയാൻ ആഗ്രഹിക്കാത്ത മറ്റ് ചിലർ അവരുടെ സ്വന്തം കായിക താരങ്ങളെ പോലും വളരാൻ അനുവദിക്കുന്നില്ല. ഇത്തരത്തിൽ ഒരു കായിക സ്ഥാപനം കൊണ്ടുനടക്കുന്നതിലൂടെ അവരുടെ അത്‌ലറ്റുകൾക്കോ കായിക ഇനത്തിനോ യാതൊരു ഗുണവും ഉണ്ടാകുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ താൻ മനഃപൂർവം പുറത്തുവിടാത്തതാണ്. മന്ത്രിപദത്തിലിരിക്കെ ഇത്തരംഫെഡറേഷനുകളുടെ സംഘാടകരെ വിളിച്ചുവരുത്തി വഴക്കുപറഞ്ഞിട്ടുണ്ട്. അവർ ചെയ്യുന്നത് തെറ്റാണെന്ന് അറിയിച്ചിട്ടുണ്ട്. കാരണം നമ്മുടെ അത്‌ലറ്റുകൾ അതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കരുതെന്നാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കായിക ഫെഡറേഷനുകളും സർക്കാരും ഓരോ അത്‌ലറ്റിന്റെയും താൽപര്യങ്ങളെ സംരക്ഷിക്കണമെന്നും അവർ പൊരുതുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടിയാണെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്തിന് ഒരു കായിക സംസ്‌കാരം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അത്തരമൊരു സംസ്‌കാരം ഇന്ത്യയിൽ വളർന്നുവരുന്നുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം വലിയൊരു മാറ്റമാണ് രാജ്യത്തിന് സംഭവിച്ചത്. ഇന്ത്യൻ കായികയിനങ്ങളായ ഖോ-ഖോ, മൽഖംഭ് എന്നിവയെല്ലാം നാം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular