Saturday, April 20, 2024
HomeEditorialഅമേരിക്കയെ ഒറ്റിയ ഇന്റലിജൻസ് ഓഫീസർ (അമേരിക്കൻ ടൈംസ്-മധു കൊട്ടാരക്കര-24 ന്യുസ്)

അമേരിക്കയെ ഒറ്റിയ ഇന്റലിജൻസ് ഓഫീസർ (അമേരിക്കൻ ടൈംസ്-മധു കൊട്ടാരക്കര-24 ന്യുസ്)

2010ലെ ഒരു ഏപ്രിൽ മാസം. വിക്കിലീക്ക്‌സ്  ബാഗ്ദാദിലെ ഒരു ആൾക്കൂട്ടത്തെ ഒരു അമേരിക്കൻ സൈനിക  ഹെലികോപ്ടർ പിന്തുടർന്ന് അവർക്കു നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിടുന്നു.. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടേഴ്‌സ് ഉൾപ്പെടെ നിരവധി പേർ ആ വെടിവയ്പിൽ കൊല്ലപ്പെടുന്നു. അതോടെ സംഭവം വിവാദമാകുന്നു. അമേരിക്കൻ സൈനിക ഹെലികോപ്ടറിൽ നിന്നും പകർത്തപ്പെട്ട രഹസ്യദൃശ്യങ്ങളാണ് അന്ന് ചോർന്ന് വിക്കിലീക്സിന്റെ കൈകളിലെത്തിയത്.

സ്വയം പ്രതിരോധിക്കുന്നതിനായാണ് തങ്ങൾ വെടിയുതിർത്തതെന്ന്  അമേരിക്കൻ സൈന്യം തറപ്പിച്ച് പറഞ്ഞെങ്കിലും വാദങ്ങൾ ദുർബലമായിരുന്നു .അമേരിക്കയെ സംബന്ധിച്ചിടത്തോളം ലോകത്തിനു മുന്നിൽ നഗ്നരാക്കപ്പെട്ട പോലൊരു അനുഭവമായിരുന്നു അത്. എന്നാൽ സൈന്യത്തിന്റെ അതീവരഹസ്യ വിഭാഗത്തിൽ നിന്ന് ഈ വീഡിയോ എങ്ങനെയാണ് വിക്കിലീക്ക്‌സിൽ എത്തിയതെന്ന് അവർ അമ്പരന്നു. തങ്ങൾക്കിടയിലുള്ള ഒരാൾ ചോർത്തി നൽകാതെ അത് വിക്കിലീക്ക്‌സിലെത്തില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.

ഏറെ അന്വേഷണങ്ങൾക്കൊടുവിൽ അമേരിക്ക ആ സത്യം തിരിച്ചറിയുന്നു .അമേരിക്കൻ സൈന്യത്തിലെ ഇന്റലിജൻസ് അനലിസ്റ്റായ ബ്രാഡ്‌ലി മാനിങ്ങ് ആണ് ഈ വീഡിയോ അടക്കം നിരവധി ക്ലാസിഫൈഡ് ഇൻഫർമേഷനുകൾ വിക്കിലീക്ക്‌സിന് ചോർത്തി നൽകിയത്.

view video: https://www.youtube.com/watch?v=QbisaknWM7s

വിക്കിലീക്സിന് രഹസ്യ രേഖകൾ ചോർത്തി, യുഎസ് സൈനിക പ്രവർത്തനങ്ങളെയും നയതന്ത്ര ബന്ധങ്ങളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പുറം ലോകത്ത് എത്തിച്ച  ബ്രാഡ്‌ലി മാനിങ്ങിന്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കുകയാണ് ഇക്കുറി അമേരിക്കൻ ടൈംസ്.

അമേരിക്കൻ സൈന്യത്തിലെ ക്ലാസിഫൈഡ്   ഇന്റലിജൻസ്   ഇൻഫർമേഷനുകൾ വിക്കിലീക്ക്‌സിന് ചോർത്തി നൽകിയത്  ബ്രാഡ്‌ലി മാനിങ്ങാണെന്ന് വെളിപ്പെടുത്തിയത് കംപ്യൂട്ടർ ഹാക്കറായ അഡ്രിയാൻ ലാമോ ആയിരുന്നു. ബ്രാഡ്‌ലിയുമായി ഓൺലൈനിൽ ചാറ്റ് ചെയ്യുമായിരുന്ന അഡ്രിയാനോട് താനാണ് ക്ലാസിഫൈഡ് വിവരങ്ങൾ ജൂലിയൻ അസാഞ്ചിന്റെ വിക്കീലീക്‌സിന് ചോർത്തി നൽകുന്നതെന്ന് ബ്രാഡ്‌ലി തന്നെ വെളിപ്പെടുത്തുകയായിരുന്നു .

ലാമോ അപ്പോൾ തന്നെ അമേരിക്കൻ സൈനിക അധികൃതർക്ക് ആ വിവരം കൈമാറി.

തുടർന്ന് ആർമിയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ  ടീം  ബ്രാഡ്‌ലി മാനിങ്ങിന്റെ കംപ്യൂട്ടറിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും വീക്കിലീക്ക്‌സിലൂടെ പുറത്തുവന്ന വിവരങ്ങൾ കണ്ടെത്തപ്പെട്ടതോടെ ബ്രാഡ്‌ലി മാനിങ് അറസ്റ്റ് ചെയ്യപ്പെട്ടു. ശത്രുക്കളെ സഹായിച്ചതടക്കം 22 കുറ്റങ്ങൾ ചുമത്തിയാണ് അന്ന് കേവലം 22 വയസ്സു മാത്രമുണ്ടായിരുന്ന ബ്രാഡ്‌ലി മാനിങ് അഴിക്കകത്തായത്.

132 വർഷം വരെ ബ്രാഡ്‌ലിയ്ക്ക് ശിക്ഷ ലഭിക്കുമായിരുന്നുവെങ്കിലും ഗൗരവതരമല്ലാത്ത 10 കുറ്റങ്ങളുടെ പേരിൽ  35 വർഷത്തെ ജയിൽവാസത്തിന് ബ്രാഡ്‌ലി ശിക്ഷിക്കപ്പെട്ടു . എന്നാൽ ഏഴു വർഷങ്ങൾക്കുശേഷം ആ വിധിയിൽ ഒരു തിരുത്തൽ ഉണ്ടായി. ആ യുവ സൈനികന്റെ ശിക്ഷയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ബരാക് ഒബാമ പ്രസിഡന്റ് പദവി ഒഴിയുന്നതിന് തൊട്ട് മുമ്പ്  ഇളവു നൽകുന്നു. 2017-ൽ അയാൾ ജയിൽ മോചിതൻ ആകുന്നു.

പൂർണ്ണ  മദ്യപാനികളായിരുന്ന മാതാപിതാക്കൾ, അവർക്കിടയിൽ വീർപ്പുമുട്ടലോടെ കഴിഞ്ഞിരുന്ന ഒരു കുട്ടിക്കാലം… അതായിരുന്നു ബ്രാഡ്‌ലിയുടേത്. എന്നിരുന്നാലും സയൻസിലും കംപ്യൂട്ടറുകളിലും കുട്ടിക്കാലം തൊട്ടേ അതീവ തൽപരനായിരുന്ന ബ്രാഡ്‌ലി.  തന്റെ പത്താം വയസ്സിൽ സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലുമുണ്ടാക്കി ബ്രാഡ്ലി തന്റെ കഴിവ് തെളിയിച്ചു.  സ്‌ത്രൈണത മൂലം സ്‌കൂളിൽ സഹപാഠികളുടെ പരിഹാസത്തിനും അവഗണനയ്ക്കും പാത്രമായ ബ്രാഡ്‌ലി വളരെ വൈകിയാണ് താനൊരു  ഗേ ആണെന്ന് തിരിച്ചറിയുന്നത്.

2008 ഏപ്രിലിൽ സൈന്യത്തിന്റെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയതിനു ശേഷം  ഇന്റലിജൻസ് സ്‌കൂളിൽ ചേർന്നു ബ്രാഡ്ലി. 2008 , സുരക്ഷാ ക്ലിയറൻസ് ലഭിച്ച ബ്രാഡ്‌ലി  ന്യൂയോർക്കിലെ ഫോർട്ട് ഡ്രമ്മിലെ രണ്ടാം ബ്രിഗേഡിലെ പത്താം മൗണ്ടൻ ഡിവിഷനിലേക്ക് നിയമിക്കപ്പെട്ടു.

സൈന്യത്തിൽ കാത്തുസൂക്ഷിക്കേണ്ട പല ചട്ടങ്ങളും മറികടക്കുന്ന സ്വഭാവക്കാരനായിരുന്നു തുടക്കത്തിൽ ബ്രാഡ്‌ലി. സൈന്യത്തിന്റെ ‘Don’t Ask, Don’t Tell’ (DADT) നയത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും, പ്രാദേശിക മാധ്യമങ്ങളിൽ സൈന്യത്തിന്റെ DADT നയത്തെപ്പറ്റി ചർച്ച നടത്തുകയുമൊക്കെ ചെയ്ത് പല കുറി പല വിമർശനങ്ങൾക്കും പാത്രമായി. 2009 ഒക്ടോബറിൽ ഇറാഖിലേക്ക് വിന്യസിക്കപ്പെട്ട ബ്രാഡ്‌ലിയ്ക്ക്, ബാഗ്ദാദിന് കിഴക്കുള്ള ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിലായിരുന്നു ജോലി. സൈന്യത്തിന്റെ അതീവ രഹസ്യമായ രേഖകളുടെ ചുമതലയും സൈന്യം ഈ യുവാവിനെയാണ് വിശ്വസിച്ചേൽപിച്ചത്.

എന്നാൽ ബാഗ്ദാദിലെത്തിയതിനു തൊട്ടടുത്ത മാസം തന്നെ സൈനിക രഹസ്യവിവരങ്ങൾ പൊതുസമൂഹത്തിന് കൈമാറുക എന്ന ഉദ്ദേശത്തോടെ ബ്രാഡ്‌ലി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചുമായി ബന്ധപ്പെട്ടുവെന്നാണ് ഒടുവിൽ നടത്തിയ കണ്ടെത്തൽ.  അമേരിക്ക ഇറാഖിൽ നടത്തുന്ന സൈനിക നീക്കങ്ങളിൽ ധാർമ്മികച്യുതി കണ്ടതിനാലാണ് അമേരിക്കയെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ വിവരങ്ങൾ കൈമാറിയതെന്നായിരുന്നു ബ്രാഡ്‌ലിയുടെ വാദം. എന്നാൽ സൈന്യത്തിനുള്ളിൽ, തന്നെ അതിനെക്കുറിച്ചു വിപരീത സ്വഭാവമുള്ള ചർച്ചകൾ ഉണ്ടായി.

കേവലം അഞ്ചടിയും സ്‌ത്രൈണസ്വഭാവമുള്ള ബ്രാഡ്‌ലി താൻ അപഹസിക്കപ്പെട്ടതിൽ നിന്നുണ്ടായ മനോവിഷമവും തകരാറിലായ മാനസികാവസ്ഥയുമൊക്കെ കാരണം ആണ് ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് ചില അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
. ബ്രാഡ്‌ലിയുടെ മാനസികാവസ്ഥ ശരിയായ നിലയിലല്ലെന്ന് ഒരു ഘട്ടത്തിൽ  ആർമി വിലയിരുത്തിയതായും അപ്പോൾത്തന്നെ ബ്രാഡ്ലിയെ ആർമിയിൽ നിന്നും പുറത്താക്കാൻ ആലോചിച്ചതായുമൊക്കെ ആർമി വൃത്തങ്ങൾ വ്യക്തമാക്കിയി്ട്ടുമുണ്ട്.

2010 ഫെബ്രുവരിയിലാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകൾക്ക് തുടക്കമാകുന്നത്.    അതിസുരക്ഷിതമായ ഗവൺമെന്റ് കമ്പ്യൂട്ടറുകളിൽ നിന്ന് ലക്ഷക്കണക്കിന് രഹസ്യരേഖകൾ താൻ ഡൗൺലോഡ് ചെയ്ത് വിക്കിലീക്സിന് കൈമാറിയതായി ബ്രാഡ്‌ലി വെളിപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാവുകയും ചെയ്തു. വിചാരണത്തടവുകാരനായി ആയിരത്തോളം ദിവസം കടുത്ത പീഡനങ്ങൾ തടവറയിൽ അനുഭവിക്കേണ്ടി വന്നു ബ്രാഡ്ലിക്ക്…
പിന്നീട് 2013 ഫെബ്രുവരിയിൽ, താരമതമ്യേന നിസ്സാരമായ മറ്റ് 10 കുറ്റങ്ങൾ കൂടി ബ്രാഡ്‌ലി ചെയ്തതായി കണ്ടെത്തപ്പെട്ടു. 2013 ജൂലൈയിൽ ശത്രുവിനെ സഹായിക്കുന്നതുപോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ബ്രാഡ്‌ലി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. എന്നാൽ ചാരവൃത്തി, മോഷണം പോലെയുള്ള നിരവധി കേസുകളിൽ ബ്രാഡ്‌ലി 35 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

എന്നാൽ  ശിക്ഷ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, ‘താനൊരു സ്ത്രീയാണെന്നും തന്നെ ചെൽസി മാനിംഗ് എന്നു വിളിക്കാനും ബ്രാഡ്‌ലി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തടവിലിരിക്കേ,   ജെൻഡർ ഡിസ്‌ഫോറിയ അഥവാ ഏതു ലിംഗത്തിലുള്ള ആളാണ് താനെന്ന കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടാകുന്ന അവസ്ഥയ്ക്ക് ബ്രാഡ്‌ലി ചികിത്സ ആവശ്യപ്പെട്ടെങ്കിലും അമേരിക്കൻ പ്രതിരോധ വകുപ്പ് ആ അഭ്യർത്ഥന നിരസിച്ചു. ഇതേതുടർന്ന് 2016-ൽ ജയിലിൽ ബ്രാഡ്‌ലി ഒരു നിരാഹാര സമരം നടത്തിയതോടെ ലിംഗമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ ബ്രാഡ്‌ലിയ്ക്ക് അനുവദിക്കപ്പെട്ടു.

2017 ൽ ജയിൽ മോചിതയായെങ്കിലും 2019 ഫെബ്രുവരിയിൽ  ഗ്രാൻഡ് ജൂറിക്ക് മുമ്പാകെ  വിക്കിലീക്‌സിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ വിസമ്മതിച്ചതിനെ തുടർന്ന് മാർച്ചിൽ കോടതിയലക്ഷ്യത്തിന് ബ്രാഡ്‌ലി വീണ്ടും ജയിലിലടയ്ക്കപ്പെട്ടു.  തടവറയിൽ ബ്രാഡ്‌ലി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന്, 2020-ൽ ബ്രാഡ്‌ലിയെ ആശുപത്രിയിലേക്ക് മാറ്റുകയും ഇനി അയാൾ വിക്കിലീക്‌സ് കേസ്സിൽ സാക്ഷി പറയേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയും ചെയ്തു. 2020 മാർച്ചിൽ ജയിൽ മോചിതയായ ബ്രാഡ്‌ലി എന്ന ചെൽസി ഇന്ന് ഡിസ്‌ക്കോ ജോക്കിയായും ലൈംഗികന്യൂനപക്ഷങ്ങളുടെ ആക്ടിവിസ്റ്റായും പ്രസംഗകയായുമൊക്കെ പ്രവർത്തിക്കുന്നു.

ചെൽസിയുടെ ജീവിതം ഇനിയും വെളിപ്പെടുത്താത്ത ഒരുപാട് സത്യങ്ങളുടെ കലവറയാണെന്നതാണ് വാസ്തവം.വഴികാട്ടി കൊടുക്കേണ്ട മാതാപിതാക്കൾ മദ്യത്തിന് അടിമപ്പെട്ട് പോയതും പിന്നീട് വീട്ടിലെ അസ്ഥിരതയും അരക്ഷിതാവസ്ഥയും മൂലം തരിപ്പണമായ ഒരു ശൈശവ കാലവും… എല്ലാത്തിനും ഒടുവിൽ ബാക്കിപത്രം ആയി മാറിയ ബ്രാഡ്ലിയും…

ബ്രാഡ്‌ലി മാനിങ്ങിന്റെ  മാനസികാവസ്ഥയെ മാതാപിതാക്കളുടെ ആൽക്കഹോളിസം വരെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും ഗർഭാവസ്ഥയിൽ തന്നെ തലച്ചോറിലെ ചില മാറ്റങ്ങൾക്ക് അതിടയാക്കിയിട്ടുമുണ്ടെന്നാണ് ബ്രാഡ്‌ലിയെ ചികിത്സിച്ച ചില ഡോക്ടർമാർ പറയുന്നത്. ബന്ധങ്ങളിലെ ഇഴയടുപ്പം നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മോശപ്പെട്ട അന്തരീക്ഷത്തിന്റെ ഉപോൽപന്നമായി ബ്രാഡ്‌ലി ഒടുവിൽ വീടിനും നാടിനുമല്ല രാജ്യത്തിനു തന്നെ ഭീഷണിയായി മാറുന്നു.മദ്യത്തിന് അടിമയാകുന്നതോടെ  ആടിത്തുടങ്ങുന്നത് കുടുംബത്തിന്റെ അടിത്തറയാണ്. കുടിക്കുന്നതൊരാളാണെങ്കിലും അനുഭവിക്കുന്നത് പലരാണെന്ന യഥാർഥ്യത്തിന്റെ നേർചിത്രം….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular