കൊച്ചി : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂര്‍ രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ദേശീയ തലത്തില്‍ നില്‍ക്കുന്ന ഒരു ദേശീയ മതേതര പാര്‍ട്ടി രൂപീകരിക്കുമെന്ന് പാര്‍ട്ടി വിട്ട ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും ജോണി നെല്ലൂര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികള്‍ക്ക് യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
‘എന്നും കര്‍ഷകര്‍ക്കൊപ്പമാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ഒരു ദേശീയ പാര്‍ട്ടിയാണ് ലക്ഷ്യം. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ഞാന്‍ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാര്‍ഷിക ഉല്‍പന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാര്‍ട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്.
എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളുമായി മതേതര പാര്‍ട്ടി രൂപീകരിക്കും. ആദ്യം ക്രൈസ്തവരുമായി യോഗം ചേര്‍ന്നു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രൂപീകരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ക്രൈസ്തവര്‍ക്കു പുറമേ മറ്റു സംഘടനകളിലെ ആളുകളുമായി ചേര്‍ന്ന് ഒരു ദേശീയ പാര്‍ട്ടി രൂപീകിരിക്കാന്‍ തീരുമാനിച്ചു. സിപിഐ, സിപിഎം, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്നുള്ള അംഗങ്ങളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും’-ജോണി നെല്ലൂര്‍ പറഞ്ഞു.
ബിജെപിയുടെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കെയാണ് ജോണി നെല്ലൂരിന്റെ പ്രഖ്യാപനം. നാഷനല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.
രാജി പ്രഖ്യാപിച്ചുള്ള കത്തിന്റെ പൂര്‍ണ്ണ രൂപം
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു. അതോടൊപ്പം കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ഉനന്താധികാര സമിതി അംഗത്വും , 2018 മുതല്‍ വഹിച്ചുവരുന്ന യുഡിെഫ് സെക്രട്ടറി സ്ഥാ നവും രാജിവയ്ക്കുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലണ് രാജിവയ്ക്കുന്നത്. ഇക്കാലമത്രയും നാനാവിധ സഹായ സഹകരണങ്ങളും പ്രോത്സാഹനവും നല്‍കി സഹായിച്ച സംസ്ഥാനത്തെ മുഴുവന്‍ യുഡിഎഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നു. എന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ എനിക്ക് സഹായവും സഹകരണവും നല്‍കിയ മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന കാര്യത്തില്‍ ആത്മപരിശോധന നല്ലതാണ്.