Friday, April 19, 2024
HomeCinemaനെടുമുടി വേണു അരങ്ങൊഴിഞ്ഞു; അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യപ്രതിഭ

നെടുമുടി വേണു അരങ്ങൊഴിഞ്ഞു; അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യപ്രതിഭ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളെയാണ് നെടുമുടിവേണുവിന്റെ വിയോഗത്തിലുടെ നഷ്ടമാകുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളിയോര്‍ത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്തി മാറ്റുകയായിരു്ന്നു നെടുമുടി വേണു.

അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാന്‍ വേണുവിനു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ അഭിനയ സപര്യക്ക് നിറച്ചാര്‍ത്തായി ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കുറച്ചുകാലം പാരലല്‍ കോളജ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടിവേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.

അദ്ധ്യാപനത്തോടൊപ്പം പ്രൊഫഷണന്‍ നാടകങ്ങളിലും അമെച്വര്‍ നാടകങ്ങളിലും പ്രവര്‍ത്തിച്ചു. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്.അക്കാലത്താണ് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തില്‍ അംഗമായി. അവനവന്‍ കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ജോലിനോക്കി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹര്‍ ബാലഭവനില്‍ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ശേഷം അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. നെടുമുടി വേണു എന്ന സിനിമാനടന്‍ ജനിക്കുന്നത് അങ്ങിനെയാണ്.

1978 ല്‍ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയില്‍ പ്രശസ്തനാക്കി.തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടന്മാരില്‍ ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.

ദൂരദര്‍ശന്‍പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമായി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് നേടുമുടി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പലിത്രന്‍, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍, അന്യന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണകഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു.

1990-ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003- ല്‍ പുറത്തിറങ്ങിയ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007 ല്‍ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യന്‍ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂര്‍ പുരസ്‌കാരം, കാലരത്നം പുരസ്‌കാരം, സെര്‍വ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

തനതുനാടകപ്പാട്ടുകളും മൃദംഗവും നാടന്‍ശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭയുടെ ജീവിതം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.നാടകക്കളരികള്‍ മലയാളസിനിമയ്ക്കും സമ്മാനിച്ച കലാകാരന്മാരില്‍ ഒരാള്‍കൂടി കാലയവനികയ്ക്കുള്ളില്‍ മറയുകയാണ്.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular