Thursday, April 25, 2024
HomeIndiaവൈദ്യുതി പ്രതിസന്ധി:കൽക്കരി, വൈദ്യുതി മന്ത്രിമാരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി

വൈദ്യുതി പ്രതിസന്ധി:കൽക്കരി, വൈദ്യുതി മന്ത്രിമാരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച വൈദ്യുതി മന്ത്രി ആർ കെ സിംഗുമായും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയുമായും കൂടിക്കാഴ്ച നടത്തിയതായി അധികൃതർ അറിയിച്ചു. മൂന്ന് മന്ത്രിമാരുടെ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വൈദ്യുത നിലയങ്ങളിലെ കൽക്കരി ലഭ്യതയും നിലവിലെ വൈദ്യുതി ആവശ്യകതകളും ചർച്ച ചെയ്തതായി കരുതപ്പെടുന്നു. വൈദ്യുതി, കൽക്കരി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വൈദ്യുത നിലയങ്ങളിലേക്ക് കൽക്കരി വിതരണത്തിന്റെ കുറവ് കാരണം വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് പല സംസ്ഥാനങ്ങളും മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നതെന്ന് അധികൃതർ പറഞ്ഞു.

ഈ മാസം ഇതുവരെയുള്ള (ഒക്ടോബർ ഒന്ന് മുതൽ ഒമ്പത് വരെ) ദിവസങ്ങളിൽ ഒക്ടോബർ എട്ടിനാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുണ്ടായതെന്ന് കണക്കുകൾ പറയുന്നു. 3,900 മെഗാ യൂണിറ്റിന്റെ വൈദ്യുതി ഉപഭോഗം ആണ് അന്നുണ്ടായത്. ഇതും നിലവിലുള്ള കൽക്കരി ക്ഷാമം സംബന്ധിച്ച് ആശങ്ക ഉയരാൻ കാരണമായി.

വടക്ക്, വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പ്രവർത്തിക്കുന്ന ടാറ്റ പവർ ഡെൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് (ഡിഡിഎൽ) എന്ന വൈദ്യുതി വിതരണ സ്ഥാപനം വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശം അയച്ചിരുന്നു. വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാനാവശ്യപ്പെട്ടായിരുന്നു സന്ദേശം.

രാജ്യം റെക്കോർഡ് കൽക്കരി ഉത്പാദിപ്പിച്ച ഒരു വർഷമാണ് ഇതെങ്കിലും മഴ കാരണം ഖനികളിൽ നിന്ന് വൈദ്യുതി ഉൽപാദന യൂണിറ്റുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനെ ബാധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഡൽഹിയിലും ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്. എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ഉൽപാദനത്തെ ഇത് ബാധിച്ചു.

നിലവിലെ പ്രതിസന്ധിക്ക് കാരണമായ മറ്റൊരു ഘടകം ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലുള്ള പ്രശ്നമാണ്. അന്തർദേശീയ തലത്തിലെ വില വർധനവ് കാരണം അവർക്ക് ഉൽപാദനം വെട്ടിക്കുറയ്ക്കുകയോ നിർത്തിവെക്കുകയോ ചെയ്യേണ്ടി വന്നിരുന്നു.

“2021 ഒക്ടോബർ 7 -ന് കോൾ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎൽ) മൊത്തം കൽക്കരി വിതരണം 1.501 മെട്രിക് ടണ്ണിലെത്തി, അതുവഴി ഉപഭോഗവും യഥാർത്ഥ വിതരണവും തമ്മിലുള്ള അന്തരം കുറഞ്ഞു,” എന്ന് വൈദ്യുതി മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു,

വൈദ്യുതി മേഖലയിലേക്കുള്ള വിതരണം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പ്രതിദിനം 1.6 മെട്രിക് ടണ്ണായി ഉയർത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അതിനുശേഷം പ്രതിദിനം 1.7 മെട്രിക് ടണ്ണിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും കൽക്കരി മന്ത്രാലയവും സിഐഎല്ലും ഉറപ്പ് നൽകിയിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular