Thursday, April 25, 2024
HomeEditorialചിക്കാഗോ തെരുവീഥികളില്‍ തിരികൊളുത്തിയ തൊഴിലാളി വിപ്ലവം (എ.എസ്)

ചിക്കാഗോ തെരുവീഥികളില്‍ തിരികൊളുത്തിയ തൊഴിലാളി വിപ്ലവം (എ.എസ്)

അധ്വാനവര്‍ഗത്തിന്റെ പോരാട്ട സ്മരണകളുണര്‍ത്തി ഇന്ന് ലോക തൊഴിലാളി ദിനം. ചിക്കാഗോയിലെ തൊഴിലാളി സമൂഹം 1886 മെയ് ഒന്നിന് നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓര്‍മ പുതുക്കല്‍. തൊഴില്‍ സമയം എട്ട് മണിക്കൂറായി നിര്‍ണയിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു അന്ന് തൊഴിലാളികള്‍ സംഘടിച്ചത്.

വ്യവസായവത്കരണത്തെ തുടര്‍ന്ന് അമേരിക്കയിലെ തൊഴിലാളികള്‍ ദിവസവും 15 മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്നു. തൊഴില്‍ ആനുകൂല്യങ്ങള്‍ ഒന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. അത്തരം തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നത്. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല.

സമാധാനപരമായി നടന്ന പ്രതിഷേധത്തിലേക്ക് അജ്ഞാതര്‍ ബോംബ് എറിഞ്ഞു. നാല് സ്വദേശികളും ഏഴ് പോലീസ് ഉദ്യോഗസ്ഥരും ആ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫോടനത്തില്‍ മരിച്ചവരെ അനുസ്മരിക്കുന്നതിനും തൊഴില്‍ അവകാശങ്ങള്‍ നേടിയെടുത്ത സമരത്തെ ആദരിക്കുന്നതിനും വേണ്ടിയാണ് മെയ് ഒന്ന്  സര്‍വരാജ്യ തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങിയത്.

1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.

ഒറ്റക്കെട്ടായി നിന്നാല്‍ ചൂഷണങ്ങളില്‍ നിന്ന് രക്ഷ നേടാമെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നുമുള്ള വലിയ തിരിച്ചറിവായിരുന്നു ചിക്കാഗോയിലെ സമരത്തിലൂടെ ലോകം ദര്‍ശിച്ചത്. തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അധികാരവര്‍ഗത്തിന് അന്ന് മുട്ടുമടക്കേണ്ടി വന്നു. സാമൂഹിക സഹവര്‍ത്തിതത്തെ പിന്തുണക്കാന്‍ ഏവര്‍ക്കും കൃത്യമായ വേതനമുറപ്പാക്കുക എന്നതാണ് ഈ ദിനത്തിലെ തൊഴിലാളിദിനത്തിന്റെ ചിന്താവിഷയം.

1923 മെയ് ഒന്നിന് ചെന്നൈയില്‍ നിന്നാണ് ഇന്ത്യയില്‍ തൊഴിലാളി ദിനാചരണം ആരംഭിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്റെ നേതൃത്വത്തിലായിരുന്നു ഈ തീരുമാനം. ഈ യോഗത്തിന് നിരവധി സംഘടനകളുടെയും സാമൂഹിക പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചു. തൃശൂരിലാണ് കേരളത്തില്‍ ആദ്യമായി മെയ് ദിനാചരണം നടന്നതെന്നാണ് ചരിത്രം.

ഇ മലയാളിയുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിപ്ലവ വീര്യത്തിന്റെ മെയ്ദിനാഭിവാദ്യങ്ങള്‍…

”ഹാപ്പി മെയ് ഡേ…”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular