Friday, April 26, 2024
HomeAsia'ഇമ്രാന്‍ഖാന്‍ അനുകൂലികള്‍ ഇന്ത്യയില്‍ നിന്ന് ആര്‍എസ്‌എസും ബിജെപിയും അയച്ചവര്‍': ആരോപണവുമായി പാക് പ്രധാനമന്ത്രിയുടെ സഹായി

‘ഇമ്രാന്‍ഖാന്‍ അനുകൂലികള്‍ ഇന്ത്യയില്‍ നിന്ന് ആര്‍എസ്‌എസും ബിജെപിയും അയച്ചവര്‍’: ആരോപണവുമായി പാക് പ്രധാനമന്ത്രിയുടെ സഹായി

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന്റെ പേരില്‍ പാകിസ്ഥാനില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരെ ഇന്ത്യയില്‍ നിന്ന് അയച്ചത് ആര്‍എസ്‌എസും ബിജെപിയും ആണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സ്പെഷ്യല്‍ അസിസ്റ്റന്റ് അത്താവുള്ള തരാര്‍.

ചൊവ്വാഴ്ചയാണ് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് ഖാനെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ രാജ്യത്ത് വ്യാപകമായ അക്രമങ്ങളും സംഘര്‍ഷങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇമ്രാന്‍ ഖാന്‍ അനുയായികള്‍ തെരുവിലിറങ്ങുകയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ വസതി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തരാര്‍ ഇതിന് പിന്നില്‍ ബിജെപിയും ആര്‍എസ്‌എസുമാണെന്ന് ആരോപിച്ചത്. “നശീകരണവും തീവെപ്പും നടത്തുന്നവര്‍ ഇന്ത്യയില്‍ നിന്ന് ആര്‍എസ്‌എസും ബിജെപിയും അയച്ച ആളുകളാണ്,”- തരാര്‍ പറഞ്ഞു.

”ഈ വിരലിലെണ്ണാവുന്നവര്‍ ബിജെപിയുമായും ആര്‍എസ്‌എസുമായും ബന്ധമുള്ളവരാണ്. ഇന്നലത്തെ സംഭവത്തിന് ശേഷം ഇന്ത്യയില്‍ ആഘോഷങ്ങളായിരുന്നു. ബിജെപിയും ആര്‍എസ്‌എസും ഇത് ആഘോഷമാക്കി. ഇന്ത്യയില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു,” തരാര്‍ അവകാശപ്പെട്ടു, “കല്‍ ജോ കുച്ച്‌ ഹുവാ, ആര്‍എസ്‌എസ് കെ കഹ്നേ പെ ഹുവാ (ഇന്നലെ നടന്നതെല്ലാം ആര്‍എസ്‌എസിന്റെ നിര്‍ദ്ദേശപ്രകാരമാണ്).” – തരാര്‍ ആരോപിച്ചു.

ബുധനാഴ്ച മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ എട്ട് ദിവസത്തേക്ക് റിമാന്‍ഡിന് ചെയ്ത പാകിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് അദ്ദേഹത്തെ കൈമാറി.

പഞ്ചാബ് പ്രവിശ്യയില്‍ 25 പൊലീസ് വാഹനങ്ങളും 14 ലധികം സര്‍ക്കാര്‍ കെട്ടിടങ്ങളും തീയിട്ടതിന് പിന്നാലെ ഇമ്രാന്‍ ഖാന്റെ 945 അനുയായികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ അനുയായികള്‍ പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ആക്രമിക്കുകയും സ്വകാര്യ, പൊതു വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.

ബലൂചിസ്ഥാന്റെ തലസ്ഥാന പ്രവിശ്യയായ ക്വറ്റയില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പോലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടന്ന പ്രതിഷേധത്തിനിടെ പെഷവാറില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് (ജിഎച്ച്‌ക്യു) പോകുന്ന റോഡുകളില്‍ ടയറുകളും ഇഷ്ടികകളും കത്തിക്കുകയും തടസമുണ്ടാക്കുകയും ചെയ്തു. ചിലര്‍ ജിഎച്ച്‌ക്യുവിന്റെ പ്രധാന ഗേറ്റിന് നേരെ കല്ലുകളെറിഞ്ഞു.

ഖാനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഭരണകക്ഷിയായ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഗവണ്‍മെന്റുമായി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് സൈനിക സ്ഥാപനത്തെ ലക്ഷ്യമിട്ട് രോഷം പ്രകടിപ്പിച്ചത്.

പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ലാഹോറില്‍ കോര്‍പ്സ് കമാന്‍ഡറുടെ വസതി ആക്രമിക്കുകയും ചെയ്തതോടെ പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി. ഇരുമ്ബ് പൈപ്പുകള്‍, ഇഷ്ടികകള്‍, കല്ലുകള്‍, കട്ടകള്‍, ബാറ്റണ്‍ എന്നിവ കൊണ്ട് വാഹനങ്ങളെ ആക്രമിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular