Friday, April 19, 2024
Homeവൈദ്യുതി പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടി

വൈദ്യുതി പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടി

വൈദ്യുതി പ്രതിസന്ധി  ആരുടെ സൃഷ്ടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ സൃഷ്ടിയാണെന്നു പറയാം.  പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവ്യക്തികള്‍ക്കു വിറ്റുതുലച്ചതാണ് പ്രശ്‌നത്തിനു കാരണം. കോള്‍ ഇന്ത്യയുടെ കൈകളിലുണ്ടായിരുന്ന ഒട്ടുമിക്ക കല്‍ക്കരിപ്പാടങ്ങളെയും അംബാനി, അദാനിമാരുടെ ഉടമസ്ഥതയിലെത്തിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് വേണം ഇന്ന് രാജ്യം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായ കല്‍ക്കരി ദൗര്‍ലഭ്യതയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍. കല്‍ക്കരി ക്ഷാമം അതിരൂക്ഷമായതോടെയാണല്ലോ മിക്ക സംസ്ഥാനങ്ങളും വൈദ്യുതി ക്ഷാമത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്കാണെത്തിയിരിക്കുന്നത്. ലോഡ് ഷെഡ്ഡിംഗും പവര്‍കട്ടും അനിവാര്യമാക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയിക്കുന്നത്.

പല വൈദ്യുതി നിലയങ്ങളും കല്‍ക്കരി കിട്ടാതായതിനെ തുടര്‍ന്ന് അടച്ചതോടെ കേരളത്തിനുള്ള വൈദ്യുതി ലഭ്യതയിലും ഗണ്യമായ കുറവ് വന്നിരിക്കുന്ന സാഹചര്യം സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടി വരുമോയെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. പവര്‍കട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് കെ എസ് ഇ ബിയും കേരള സര്‍ക്കാറും നടത്തി നോക്കുന്നത്. ദീര്‍ഘകാല കരാര്‍ പ്രകാരം കമ്പനികളില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട വൈദ്യുതിയും കേന്ദ്ര വിഹിതവും തടസ്സപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ 3,800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇതില്‍ 1,600 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു. 2,200 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്ന് ലഭിക്കുന്നതാണ്. ഇതില്‍ ഇപ്പോള്‍ 1,800 മെഗാവാട്ട് വൈദ്യുതി മാത്രമേ ലഭിക്കുന്നുള്ളൂ. ദീര്‍ഘകാല കരാര്‍ പ്രകാരം ബാല്‍കൊ, ജാ ബുവ കമ്പനികളില്‍ നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ഇതിന് പുറമെയാണ് കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വിഹിതത്തിലും കുറവുണ്ടായിരിക്കുന്നത്.

1948ലെ ദേശീയ ഖനന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് നരസിംഹ റാവു സര്‍ക്കാര്‍ ഇന്ത്യയുടെ എണ്ണ- പ്രകൃതി വാതക- കല്‍ക്കരി- ധാതു മേഖലകളില്‍ നാടനും വിദേശിയുമായ കുത്തകകളെ കടത്തിക്കൊണ്ടു വന്നത്. ഒ എന്‍ ജി സിയും കോള്‍ ഇന്ത്യയും മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷനും കൈകാര്യം ചെയ്തിരുന്ന അടിസ്ഥാന രാഷ്ട്ര വിഭവങ്ങള്‍ കുത്തകകള്‍ക്ക് വിറ്റുതുലക്കാനായിരുന്നു നാഷനല്‍ മൈനിംഗ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. കല്‍ക്കരി മേഖലയില്‍ വന്‍ തോതില്‍ നടന്ന സ്വകാര്യവത്കരണവും കോള്‍ ഇന്ത്യയുടെ ഡിസ് ഇന്‍വെസ്റ്റ്മെന്റ് നടപടികളുമാണ് ഇന്ത്യയുടെ സുപ്രധാനങ്ങളായ കല്‍ക്കരിപ്പാടങ്ങളെ അംബാനി, അദാനിമാരുടെ കൈകളിലെത്തിച്ചത്. ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചുള്ള താപനിലയങ്ങളിലാണ് നടക്കുന്നത്. കല്‍ക്കരിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന 135ഓളം വൈദുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സാധാരണ ഗതിയില്‍ 15 മുതല്‍ 30 ദിവസം വരെയുള്ള കല്‍ക്കരി ശേഖരിച്ചു വെക്കാറുണ്ട്. സ്വകാര്യവത്കരണവും വൈദ്യുതി വിതരണ രംഗത്ത് നടപ്പാക്കുന്ന സ്വതന്ത്ര വിപണി നയങ്ങളും ആസൂത്രണവും കരുതലുമില്ലാത്ത അവസ്ഥയിലേക്ക് വൈദ്യുതി ഉത്പാദന നിലയങ്ങളെ എത്തിച്ചിരിക്കുന്നു. ഇപ്പോള്‍ പകുതിയിലേറെ നിലയങ്ങളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് ശേഷിക്കുന്നത്.

മാത്യു ജോസഫ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular