Friday, April 19, 2024
HomeUSAഅമേരിക്കയിൽ കോവിഡ് 11.3 ലക്ഷം പേരുടെ ജീവനെടുത്തു; ന്യൂ യോർക്കിൽ 80,000 ത്തിലധികം

അമേരിക്കയിൽ കോവിഡ് 11.3 ലക്ഷം പേരുടെ ജീവനെടുത്തു; ന്യൂ യോർക്കിൽ 80,000 ത്തിലധികം

കൊറോണ വൈറസ് കൊണ്ടുവന്ന കോവിഡ് 19 മഹാമാരി അമേരിക്കയിൽ 11.3 ലക്ഷം പേരുടെ  ജീവനെടുത്തുവെന്നു സി ഡി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. ന്യൂ യോർക്കിൽ മാത്രം മരിച്ചത് 80,000 പേരാണ്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഫലത്തിൽ അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ന്യൂ യോർക്ക് സംസ്ഥാനത്തു മരിച്ച 80,485 പേരിൽ പകുതിയോളം ന്യൂ യോർക്ക് നഗരത്തിൽ തന്നെയാണ് മരിച്ചത്.

മഹാമാരി ആദ്യം പൊട്ടിപ്പുറപ്പെട്ടത് ന്യൂ യോർക്ക് നഗരമേഖലയിലാണ്. പക്ഷെ അതു വളരെ വേഗത്തിൽ രാജ്യമൊട്ടാകെ പടർന്നു. 2020 മാർച്ചിനും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ച മെയ് 11നും ഇടയിൽ  1,127,928 പേർ യുഎസിൽ മരിച്ചതായി സി ഡി സി പറയുന്നു.

മഹാമാരി കടന്നു പോയെന്ന ഔദ്യോഗിക നിലപാടുണ്ടെങ്കിലും രോഗബാധ ഉണ്ടാകാവുന്ന വിഭാഗങ്ങളിൽ പെട്ടവർ വാക്‌സിനേഷൻ എടുക്കുന്നത് നല്ലതാണെന്നു ഡോക്ടർമാർ പറയുന്നുണ്ട്. ചില അധികൃതരും. ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ കഴിഞ്ഞ ദിവസം പറഞ്ഞു: ” പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചെങ്കിലും കോവിഡ് 19 നെതിരെ ജാഗ്രത പാലിക്കാൻ എല്ലാ ന്യൂ യോർക്ക് നിവാസികളോടും ഞാൻ നിർദേശിക്കുന്നു. ലഭ്യമായ എല്ലാ പ്രതിരോധവും ഉപയോഗിച്ചു അവനവനെയും പ്രിയപ്പെട്ടവരെയും സമൂഹത്തെയും സുരക്ഷിതമാക്കി സൂക്ഷിക്കുക.

“വാക്‌സിനുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ മനസിലാക്കി വയ്ക്കുക. ആൾക്കൂട്ടങ്ങളിൽ ചെല്ലുമ്പോഴും യാത്രകൾ പോകുമ്പോഴും ടെസ്റ്റ് ചെയ്യാൻ മറക്കരുത്.”

മഹാമാരിയുടെ ഏറ്റവും വഷളായ ഘട്ടം കടന്നു പോയെങ്കിലും ഒട്ടേറെ പ്രശ്നങ്ങൾ ബാക്കിയുണ്ട്. “മഹാമാരി ഒട്ടു മിക്കവാറും കഴിഞ്ഞുവെന്നു പ്രഖ്യാപിച്ചെങ്കിലും എല്ലാം ഭദ്രമായി എന്നു കരുതേണ്ട,” സിറ്റി യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് ഡീൻ അയ്മൻ എൽ-മൊഹംദസ് പറയുന്നു.

ഒട്ടേറെപ്പേർ ഇപ്പോഴും നീണ്ടു നിൽക്കുന്ന ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നുണ്ട്. തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ലൈംഗിക അപര്യാപ്തത, മുടി കൊഴിച്ചിൽ എന്നിങ്ങനെ പലതും. പ്രായം എറിയവരും പ്രതിരോധശേഷി കുറഞ്ഞവരും വാക്‌സിൻ എടുക്കണമെന്നു അദ്ദേഹം പറഞ്ഞു.

“പൂർണ രോഗമുക്തി ലഭിക്കാത്തവർക്കു നമ്മൾ പ്രത്യേക പരിഗണന നൽകണം. അവരെ സംബന്ധിച്ച് മഹാമാരി കഴിഞ്ഞിട്ടില്ല,” എൽ-മൊഹംദസ് പറഞ്ഞു.

“കോവിഡ് ന്യൂ യോർക്കിലെ ജീവിത രീതിയെ തന്നെ ബാധിച്ചു. പലരും ഭയം മൂലം മറ്റു സ്ഥലങ്ങളിലേക്കു പോയി. തൊഴിൽ നഷ്ടം ഉണ്ടായി. കച്ചവട സ്ഥാപനങ്ങൾ പൂട്ടി.  സ്കൂളുകൾ അടച്ചിട്ടു. ദുർബല സമൂഹങ്ങളാണ് ഏറ്റവും ദുരിതം അനുഭവിച്ചത്. അവർക്കൊക്കെ നീണ്ടു നിൽക്കുന്ന സഹായം ആവശ്യമുണ്ട് എന്നതു നമ്മൾ മറന്നു കൂടാ. ആരോഗ്യപരമായും സാമൂഹ്യമായും സാമ്പത്തികമായും.

“വാക്‌സിനും മരുന്നുകളും വരുന്നതിനു മുൻപ് പ്രായം ചെന്നവരും പ്രതിരോധശേഷി കുറഞ്ഞവരുമാണ് ഏറ്റവുമധികം മരിച്ചത്. ആരോഗ്യ രക്ഷാ പ്രവർത്തകർ സ്വന്തം ജീവൻ പണയം വച്ചാണ് മറ്റുള്ളവരെ സംരക്ഷിച്ചത്. സ്വന്തം രക്ഷയ്ക്കുള്ള കവചം പോലും തുടക്കത്തിൽ ഡോക്ടർമാർക്കോ നഴ്‌സുമാർക്കോ രോഗികളെ ആശുപത്രികളിലേക്കു എത്തിച്ച ജീവനക്കാർക്കോ ഉണ്ടായിരുന്നില്ല.”

സ്ഥിതിവിവര കണക്കുകൾ തുടർന്നും പങ്കിടണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മൾ ഒന്നിച്ചു നിന്നാണ് ഇതിനെ നേരിടേണ്ടത്.”

Covid death toll across US 1,127,928; New York lost 80,000 plus lives

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular