Sunday, April 28, 2024
HomeIndiaമുംബൈ ഭീകരാക്രമണ കേസ് പ്രതി റാണയെ ഇന്ത്യയിലേക്ക് അയക്കാൻ കോടതി അനുമതി

മുംബൈ ഭീകരാക്രമണ കേസ് പ്രതി റാണയെ ഇന്ത്യയിലേക്ക് അയക്കാൻ കോടതി അനുമതി

മുംബൈയിൽ 2008ൽ പാക്ക് ഭീകരന്മാർ നടത്തിയ കൂട്ടക്കൊലയിൽ പങ്കാളിയായ പാകിസ്ഥാനി-കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ ഇന്ത്യയിലേക്കു അയക്കാൻ യുഎസ് കോടതിയുടെ അനുമതി. പാക്ക് ചാര സംഘടനയായ ഐ എസ് ഐ യുമായി ബന്ധമുള്ള റാണയെ (62) മുംബൈ ആക്രമണത്തിനു ശേഷം യുഎസിൽ അറസ്റ്റ് ചെയ്തിരുന്നു.

ലഷ്‌കർ-ഇ-തയിബ ഭീകരന്മാർ കടൽ വഴി എത്തി മുംബൈയിലെ സുപ്രധാന കേന്ദ്രങ്ങളിൽ നടത്തിയ 60 മണിക്കൂർ നീണ്ട ആക്രമണത്തിൽ മരിച്ച 164 പേരിൽ ആറു യുഎസ് പൗരന്മാരും ഉണ്ടായിരുന്നു.

റാണയെ ഇന്ത്യയിലേക്ക് അയക്കാൻ 48 പേജുള്ള ഉത്തരവിൽ അനുമതി നൽകിയ കലിഫോർണിയ യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ്‌ ജാക്വലിൻ ചൂൽജിയൻ പറഞ്ഞു: “ഇരു വിഭാഗവും സമർപ്പിച്ച എല്ലാ രേഖകളും കോടതി പരിശോധിച്ചിട്ടുണ്ട്. എല്ലാ വാദങ്ങളും കേൾക്കുകയും ചെയ്തു.

“റാണയെ അദ്ദേഹം നേരിടുന്ന കുറ്റവിചാരണയ്ക്കു ഇന്ത്യയിലേക്ക് അയക്കാൻ യുഎസ് വിദേശകാര്യ സെക്രട്ടറിക്ക് അനുമതി നൽകുന്നു.”

യുഎസും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ നിലവിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ അഭ്യർഥന മാനിച്ചു അയാളെ അറസ്റ്റ് ചെയ്തത്. 2011ൽ ലഷ്കറിനു സഹായം നൽകിയതിനു റാണയെ കുറ്റക്കാരൻ എന്നു കണ്ടിരുന്നു. വിടുതൽ ആവശ്യപ്പെട്ടു അയാൾ നൽകിയ അപേക്ഷ കഴിഞ്ഞ മാസം യുഎസ് കോടതി തള്ളി.

റാണയുടെ ബാല്യകാല സുഹൃത്ത് ഡേവിഡ് ഹെഡ്‌ലി മുംബൈ ആക്രമണത്തിൽ പങ്കാളിയായിരുന്നുവെന്നു അയാൾക്കു അറിവുണ്ടായിരുന്നു എന്നു പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. ആക്രമണത്തിനു ഹെഡ്‌ലിക്ക് അയാൾ സഹായം നൽകി. ലക്ഷ്യ സ്ഥാനങ്ങൾ കണ്ടെത്താനും അക്രമികളെ എത്തിച്ചേരാൻ സഹായിക്കുന്നതിനും അയാൾക്ക്‌ പങ്കുണ്ടായിരുന്നു. ഹെഡ്‌ലിയുടെ ആസൂത്രണം മുഴുവൻ റാണ അറിഞ്ഞിരുന്നു.

യുദ്ധം ചെയ്യാനും കൊല നടത്താനും ഭീകര ആക്രമണം നടത്താനുമുള്ള  ഗൂഢാലോചന നടത്തിയതിന് വിചാരണ നേരിടാനാണ് റാണയെ ഇന്ത്യയിലേക്ക് അയക്കുന്നത്.

പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ചിച്ചവറ്‌നിയിൽ ജനിച്ച റാണ മെഡിക്കൽ ബിരുദ ധാരിയാണ്.  അറ്റോക്കിലെ മെഡിക്കൽ കോളജിൽ വച്ചാണ് ഹെഡ്‌ലി അടുത്ത സുഹൃത്തായതും ഐ എസ് ഐ ബന്ധം സ്ഥാപിച്ചതും. പാക്ക് പട്ടാളത്തിൽ അയാൾ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.  ഡോക്ടറായ ഭാര്യയുമൊത്തു 1997 ലാണ് കാനഡയിൽ കുടിയേറിയത്. എന്നാൽ മിക്കപ്പോഴും അവർ ഷിക്കാഗോയിൽ ബിസിനസ് നടത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular