മുംബൈ : ആര്യന്‍ ഖാന്‍ കേസില്‍ കുരുക്കിലായതിന് പിന്നാലെ സൂപ്പര്‍ താരം ഷാരൂഖ് ഖാനുമായുള്ള ചാറ്റുകള്‍ പുറത്തുവിട്ട് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെ.
മകനെ വിട്ടുകിട്ടാനായി ഷാരൂഖ് തന്നെ വിളിച്ചിരുന്നുവെന്നാണ് വാംഖഡെ പറയുന്നത്. ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇത് നടന്നതെന്നും സമീര്‍ വാംഖഡെ പറഞ്ഞു.
കോടതിയില്‍ ഈ ഓഡിയോ ക്ലിപ്പുകള്‍ അടക്കം രേഖയായിട്ടും വാംഖഡെ നല്‍കിയിട്ടുണ്ട്. ഷാരൂഖ് മകനെ ജയിലില്‍ അടയ്ക്കരുത് തന്നോട് അഭ്യര്‍ഥിച്ചുവെന്നാണ് വാംഖഡെ അവകാശപ്പെടുന്നത്. നേരത്തെ ആര്യനെ കേസില്‍ കുടുക്കാതിരിക്കാനായി 25 കോടി രൂപ ഷാരൂഖ് ഖാനില്‍ നിന്ന് തട്ടിയെടുക്കാന്‍ സമീറും സംഘവും ശ്രമിച്ചെന്നാണ് എന്‍സിബി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമീര്‍ സാഹിബ്, ഒരു മിനുട്ട് നിങ്ങളോട് സംസാരിക്കാന്‍ പറ്റുമോ? ഇത് തീര്‍ത്തും തെറ്റാണെന്ന് അറിയാം. എന്നാല്‍ ഒരു പിതാവ് എന്ന നിലയില്‍ നിങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണം. ഷാരൂഖ് ഖാന്റെ ആദ്യ സന്ദേശം ഇങ്ങനെയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യാന്‍ സമീര്‍ വാംഖഡെ ആവശ്യപ്പെടുകയായിരുന്നു.
ഈ കേസ് ആര്യന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാകും. നല്ലൊരു രീതിയില്‍ എന്ന് താന്‍ ഉറപ്പു നല്‍കുന്നതായി ഷാരൂഖ് പറഞ്ഞു. ആര്യനോട് ദയ കാണിക്കണമെന്നും ഷാരൂഖ് ചാറ്റില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കാണാന്‍ സാധിക്കുകയെന്നും സമീറിനോട്, ചാറ്റില്‍ ഷാരൂഖ് ചോദിക്കുന്നുണ്ട്. കേസെല്ലാം കഴിഞ്ഞ ശേഷം കാണാമെന്നും അദ്ദേഹം മറുപടി പറയുന്നുണ്ട്.
ആര്യന്‍ നല്ല കുട്ടിയാണെന്നും, അദ്ദേഹത്തിന് മികച്ച കൗണ്‍സിലിംഗ് ലഭ്യമാക്കുമെന്നും സമീര്‍ ഈ സംഭാഷണത്തില്‍ പറയുന്നുണ്ട്. വാംഖഡെയുടെ വിശ്വാസ്യത നഷ്ടപ്പെടാത്ത രീതിയില്‍ സഹായിക്കാന്‍ പറ്റുമോ എന്നും ഷാരൂഖ് ചോദിക്കുന്നുണ്ട്. എല്ലാവിധ സഹകരണവും തന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ഷാരൂഖ് പറയുന്നു.
ആര്യനെ ജയിലില്‍ അടയ്ക്കരുതെന്ന് ഷാരൂഖ് അഭ്യര്‍ഥിക്കുന്നുണ്ട്. തന്റെ കുടുംബം അവനെ വീട്ടില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു കൊടും കുറ്റവാളിയെ പോലെ അവനെ ജയിലില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. ജയിലില്‍ അടയ്ക്കാതിരുന്നാല്‍ അവന്റെ ഭാവിക്ക് അത് വളരെ ഗുണം ചെയ്യുമെന്നും ഷാരൂഖ് ചാറ്റില്‍ പറയുന്നുണ്ട്.
ഒരു മനുഷ്യനെന്ന നിലയില്‍ ആര്യന്‍ തകര്‍ന്നു പോകുമെന്നും, ജയിലില്‍ അടയ്ക്കരുതെന്നുമാണ് ഷാരൂഖ് അഭ്യര്‍ത്ഥിക്കുന്നത്. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ അവന്‍ തകര്‍ന്നു പോവും. എന്റെ മകനെ നല്ലൊരാളാക്കുമെന്ന് നിങ്ങള്‍ ഉറപ്പ് നല്‍കി. അതുകൊണ്ട് അവനെ തകര്‍ക്കുന്ന ഒരിടത്തേക്ക് അയക്കരുത്. ഇത് അവന്റെ തെറ്റല്ല. ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ ചെയ്ത കാര്യത്തിന് എന്തിനാണ് നിങ്ങള്‍ ആര്യനെ വലിച്ചിഴയ്ക്കുന്നത്.
എന്ത് കാര്യമാണെങ്കിലും നമുക്ക് സംസാരിക്കാം. പക്ഷേ ദയവ് ചെയ്ത് ആര്യനെ ജയിലില്‍ അയക്കരുത്. ദയവ് ചെയ്ത് മകനെ വിട്ടയക്കണം. അവനോട് കാണിക്കുന്നത് കുറച്ച് കടുത്ത നടപടികളാണെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ എന്നും ഷാരൂഖ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം എന്‍സിബി സമീര്‍ വാംഖഡെയ്‌ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഈ ചാറ്റുകള്‍ തെളിവായി അദ്ദേഹം നല്‍കിയത്.