Saturday, April 20, 2024
HomeUSA'ലെസ്റ്ററിലെ കലാപത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍' : യു.കെ സുരക്ഷാ വിഭാഗത്തെ ഉദ്ധറിച്ച്‌ 'ഡെയ്‍ലി മെയില്‍'...

‘ലെസ്റ്ററിലെ കലാപത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍’ : യു.കെ സുരക്ഷാ വിഭാഗത്തെ ഉദ്ധറിച്ച്‌ ‘ഡെയ്‍ലി മെയില്‍’ റിപ്പോര്‍ട്ട്

ണ്ടന്‍ : കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് നഗരമായ ലെസ്റ്ററില്‍ നടന്ന സാമുദായിക ലഹളയ്ക്കു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് കണ്ടെത്തല്‍.

കലാപം സൃഷ്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളാണെന്ന് യു.കെ സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച്‌ ബ്രിട്ടീഷ് മാധ്യമമായ ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി പ്രവര്‍ത്തകരുടെ രഹസ്യ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് ലെസ്റ്ററില്‍ കലാപം നടത്താനുള്ള ഗൂഢാലോചന നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യു.കെ സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രവര്‍ത്തകരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ഈ ഗ്രൂപ്പുകളില്‍ പ്രചരിച്ചു.

സ്വകാര്യ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ ഹിന്ദു ദേശീയവാദികള്‍ ബ്രിട്ടന്റെ ദൈനംദിന ജീവിതത്തില്‍ ഇടപെടുന്നതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണിതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കാന്‍ വരെ നടത്തുന്ന പ്രവര്‍ത്തനമാണിതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവില്‍ ഇതൊരു പ്രാദേശിക രാഷ്ട്രീയമാണ്. രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഇതു പടരുന്നതിനുമുന്‍പ് അതിന് അന്ത്യംകുറിക്കേണ്ടതുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരും ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കാന്‍ പോന്നതാകും റിപ്പോര്‍ട്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു പിന്നാലെയാണ് ലെസ്റ്ററില്‍ സംഘര്‍ഷത്തിനു തുടക്കമായത്. ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാക് മത്സരത്തിനുശേഷം ഒരു സംഘം നഗരത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതു പ്രദേശത്ത് വന്‍സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെയാണ് നമസ്‌കാരത്തിനിടയിലേക്ക് ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി ഒരു വിഭാഗം പ്രകടനവുമായെത്തിയത്. ഇതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു.

ഈ സമയത്ത് ലണ്ടനിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലെസ്റ്ററിലെ ഹിന്ദു വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ കലാപത്തിനു പ്രേരണനല്‍കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 28ന് ആരംഭിച്ച അക്രമസംഭവങ്ങള്‍ സാമുദായിക സംഘര്‍ഷമായി പടര്‍ന്നു. ജയ് ശ്രീറാം വിളിച്ച്‌ ഹിന്ദുത്വ സംഘം മുസ്‌ലിം വീടുകള്‍ ആക്രമിച്ചു. തിരിച്ചും ഹിന്ദു വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. സെപ്റ്റംബര്‍ 22 വരെ ലെസ്റ്ററില്‍ അക്രമങ്ങളും സംഘര്‍ഷാവസ്ഥയും തുടര്‍ന്നെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക ഹിന്ദു നേതാവാകാനുള്ള മോദിയുടെ നീക്കത്തിന്റെ ഭാഗമാണ് അക്രമങ്ങളെന്നും ബ്രിട്ടീഷ് സുരക്ഷാ വൃത്തങ്ങള്‍ ആരോപിക്കുന്നുണ്ട്. ലെസ്റ്ററില്‍ ഹിന്ദുക്കളെ മുസ്‌ലിംകള്‍ ആക്രമിക്കുന്നതായി സംഭവത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് ഡയലോഗ് വിലയിരുത്തി. ഇന്ത്യയ്ക്കു പുറത്തുനിന്ന് പ്രവര്‍ത്തിച്ച ട്വിറ്റര്‍ ബോട്ടുകള്‍ HindusUnderAttackInUK, HindusUnderAttack തുടങ്ങിയ ടാഗുകളില്‍ വ്യാപകമായ ട്വീറ്റുകളും റീട്വീറ്റുകളും ചെയ്തതായി യു.എസ് ആസ്ഥാനമായുള്ള നെറ്റ്‌വര്‍ക്ക് കണ്ടെയ്ജന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി.

അടുത്തിടെ ഇന്ത്യയില്‍നിന്ന് ലെസ്റ്ററിലെത്തിയ ഒരു വിഭാഗം ഹിന്ദു യുവാക്കളും പ്രദേശത്ത് നേരത്തെ തന്നെ താമസമാക്കിയ മുസ്‌ലിം കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷമാണ് പുതിയ സംഭവങ്ങളുടെ തുടക്കമെന്ന് കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ഹെന്റി ജാക്‌സന്‍ സൊസൈറ്റിയിലെ ഷാര്‍ലെ ലിറ്റില്‍വുഡ് പറഞ്ഞു. പാക് വംശജരായ ബ്രിട്ടീഷ് മുസ്‍ലിം സംഘങ്ങളും അക്രമത്തിന്റെ ഭാഗമായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ലെസ്റ്റര്‍ കലാപത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഇതുവരെ തയാറായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular