ന്യൂയോര്‍ക്ക് : ആല്‍ബനിയിലുള്ള ന്യൂയോര്‍ക്ക് സ്റ്റേറ്റ് ക്യാപിടോള്‍ ബില്‍ഡിങ്ങിലെ സ്റ്റേറ്റ് സെനറ്റ് ഹാളില്‍ മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മല്യയാളിയായ സെനറ്റര്‍ കെവിന്‍ തോമസിന്റെ പ്രമേയത്തിന്മേല്‍ ഉജ്ജ്വല പ്രഖ്യാപനം. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മെയ് മാസം മലയാളി ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചതിന് ദൃക്സാക്ഷികളാകുവാന്‍ സാധിച്ച കുറേ മലയാളി സുഹൃത്തുക്കള്‍ക്ക് അത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായി മാറി. സെനറ്റര്‍ കെവിന്റെ ഉപദേശക സമിതിയിലെ അംഗം കൂടിയായ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാമിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത മൂന്നു ഡസനോളം മലയാളികള്‍ക്ക് അനര്‍ഘ നിമിഷങ്ങളാണ് അന്നേദിവസം സമ്മാനിച്ചത്.
മലയാളികളുടെ പ്രത്യേക കഴിവുകളെ പ്രശംസിച്ചും ആരോഗ്യ മേഖലകളിലും, സ്റ്റേറ്റിന്റേയും സിറ്റിയുടെയും പ്രമുഖ സ്ഥാനങ്ങളിലും വിവിധ സേവന രംഗങ്ങളിലും മലയാളികളുടെ സാന്നിധ്യവും സേവനവും പ്രകീര്‍ത്തിച്ചും മലയാളി ആയതില്‍ സ്വയം അഭിമാനിക്കുന്നു എന്ന് പ്രസ്താവിച്ചും കൊണ്ടാണ് മെയ് മാസം മലയാളി മാസമായി പ്രഖ്യാപിക്കണമെന്ന പ്രമേയം സെനറ്റര്‍ സഭയില്‍ അവതരിപ്പിച്ചത്. അത് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് അംഗങ്ങള്‍ ഒന്നടങ്കം പിന്താങ്ങി എല്ലാവരും എഴുന്നേറ്റു നിന്ന് പങ്കെടുത്ത മലയാളി സദസ്സിനെ സാക്ഷി നിര്‍ത്തി ഹര്‍ഷാരവത്തോടെ പ്രഖ്യാപിച്ചപ്പോള്‍, വാസ്തവത്തില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും രോമാഞ്ചം ഉണ്ടാക്കിയ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്.
ഏപ്രില്‍ പത്തിന് സെനറ്റര്‍ കെവിനിലൂടെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് നിയമനിര്‍മാണസഭ പാസ്സാക്കി പ്രഖ്യാപനത്തിനായി സ്റ്റേറ്റ് ഗവര്‍ണ്ണര്‍ കാത്തി ഹോക്കിളിനു കൊടുത്ത പ്രമേയത്തില്‍ (ലെജിസ്ലേറ്റീവ് റെസൊല്യൂഷന്‍) പറഞ്ഞിരിക്കുന്നത് ‘2023 മെയ് മാസം മലയാളീ പൈതൃക (ഹെറിറ്റേജ്) മാസമായി പ്രഖ്യാപിക്കുന്നതിനായി ഗവര്‍ണ്ണര്‍ കാത്തി ഹൊക്കുള്‍ താത്പര്യപ്പെടണം’ എന്നാണ്. വ്യത്യസ്ത ഭാഷാ വംശജരായ മലയാളീ സമൂഹം ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയിട്ടുള്ളവരാണ്. ദ്രാവിഡന്‍ ഭാഷയായ മലയാള ഭാഷ സംസാരിക്കുന്ന ഈ വംശജര്‍ ധാരാളമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി കുടിയേറി പാര്‍ക്കുന്നു. 2012 -ലെ സെന്‍സസ് അനുസരിച്ച് അമേരിക്കയില്‍ ആകെ 644,097 മലയാളികള്‍ കുടിയേറിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അവരില്‍ ഏറ്റവും അധികം പേരും പാര്‍ക്കുന്നത് ന്യൂജേഴ്‌സിയിലെ ബെര്‍ഗെന്‍ കൗണ്ടിയിലും ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടിയിലും ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രസ്തുത വംശജരുടെ ഈ രാജ്യത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്തും ന്യൂയോര്‍ക്കിലുള്ളവരുടെയും അമേരിക്കക്കാരുടെയും നല്ല ഭാവിക്കായി മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചുകൊണ്ടും 2023 മെയ് മാസം ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മലയാളികളുടെ മാസമായി പ്രഖ്യാപിക്കുവാനാണ് നിയമനിര്‍മ്മാണ സഭ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. അതിനുള്ള ഗവര്‍ണറുടെ പ്രഖ്യാപനത്തിനാണ് കുറേ മലയാളികള്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
മലങ്കര ആര്‍ച്ച് ഡിയോസിസ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ തീത്തൂസ് എല്‍ദോ (Archbishop H.E. Mor Titus Yeldo) തിരുമേനിയുടെ ന്യൂയോര്‍ക്ക് സെനറ്റ് ഹാളിനുള്ളിലെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാര്‍ഥനയും എല്ലാ ഭരണാധികാരികളോടും പ്രത്യേകിച്ച് ഗവര്‍ണര്‍ കാത്തിയോടും സെനറ്റര്‍ കെവിനോടുമുള്ള മലയാളീ സമൂഹത്തിന്റെ കടപ്പാടും നന്ദിയും പ്രകാശിപ്പിച്ചുകൊണ്ടുള്ള പ്രാരംഭ പ്രസ്താവനയും എല്ലാ മലയാളികള്‍ക്കും അഭിമാനം നല്‍കിയ മുഹൂര്‍ത്തനങ്ങളായിരുന്നു. സെനറ്റര്‍ കെവിന് വേണ്ടി മലയാളികളെ സംഘടിപ്പിച്ച് സെനറ്റ് ഹാളില്‍ എത്തിച്ച അജിത് എബ്രഹാം, ഗവര്‍ണറുടെ ഏഷ്യന്‍ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടര്‍ ബഫലോയില്‍ നിന്നുള്ള സിബു നായര്‍ എന്നിവര്‍ക്കും, വിവിധ മലയാളി സംഘടനകളുടെ ഭഹരവാഹികള്‍ക്കും കെവിന്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INANY) പ്രസിഡന്റ് ഡോ. അന്നാ ജോര്‍ജ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, കലാവേദി സംഘടനയുടെ ചെയര്‍മാന്‍ സിബി ഡേവിഡ്, വൈസ്മെന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ ഡയറക്ടര്‍ കോരസണ്‍ വര്‍ഗ്ഗീസ്, മാധ്യമ പ്രവര്‍ത്തകനും സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ് റെജി കുരിയന്‍, എഫ് ബീമാ (F-BIMA) ജനറല്‍ സെക്രട്ടറി മേരി ഫിലിപ്പ്, നേഴ്‌സസ് അസോസിയേഷന്‍ കമ്മറ്റി അംഗം ഏലിയാമ്മ അപ്പുകുട്ടന്‍, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ചെയര്‍മാന്‍ ഗുരുജി ദിലീപ്കുമാര്‍ തങ്കപ്പന്‍, കൊട്ടിലിയന്‍ റെസ്റ്റോറന്റ് ഉടമ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തവരില്‍ ചിലര്‍ മാത്രമാണ്. പ്രസ്തുത പരിപാടിയുടെ സംഘാടകനും സെനറ്റര്‍ കെവിന്റെ ഉപദേശക സമിതി അംഗവും കൂടിയായ അജിത് എബ്രഹാം (അജിത് കൊച്ചൂസ്) സിറ്റിയിലെ പ്രമുഖ ഐ.ടി. വിദഗ്ദ്ധനും നസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.

