Friday, April 26, 2024
HomeIndiaപുല്‍വാമ ആക്രമണം : സൈനികരുടെ മൃതദേഹം കൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പോരാടിയത് : സത്യപാല്‍ മാലിക്

പുല്‍വാമ ആക്രമണം : സൈനികരുടെ മൃതദേഹം കൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പോരാടിയത് : സത്യപാല്‍ മാലിക്

പുല്‍വാമ ഭീകരാക്രമണത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

സൈനികരുടെ മൃതദേഹം കൊണ്ടാണ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പോരാടിയതെന്നും സംഭവത്തില്‍ യാതൊരു അന്വേഷണവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം നടന്നിരുന്നുവെങ്കില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവെയ്ക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അല്‍വാര്‍ ജില്ലയില്‍ വെച്ച്‌ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പോരാടിയത്. അന്വേഷണവും നടന്നില്ല. അന്വേഷണം നടന്നിരുന്നുവെങ്കില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗ് രാജിവെയ്ക്കേണ്ടി വരുമായിരുന്നു. നിരവധി ഉദ്യോഗസ്ഥരെ ജയിലില്‍ അടക്കേണ്ടി വരുമായിരുന്നു, വലിയ വിവാദം തന്നെ ഉണ്ടാകുമായിരിന്നു’, സത്യപാല്‍ പറഞ്ഞു.

‘പുല്‍വാമ ആക്രമണം നടക്കുമ്ബോള്‍ ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കില്‍ ഒരു ഷൂട്ടിംഗ് പരിപാടിയിലായിരുന്നു പ്രധാനമന്ത്രി. അത് കഴിഞ്ഞെത്തി അദ്ദേഹം എന്നെ വിളിച്ചു. നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടെന്നും നമ്മുടെ വീഴ്ച കൊണ്ടാണ് അത് സംഭവിച്ചതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ മൗനം പുലര്‍ത്താനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം’, സത്യപാല്‍ പറഞ്ഞു.

2019 ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണ സമയത്തും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരില്‍ സത്യപാല്‍ മാലിക് ആയിരുന്നു ഗവര്‍ണര്‍. പുല്‍വാമ ആക്രമണത്തില്‍ അന്ന് 40 സൈനികരായിരുന്നു കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ അവന്തിപൊരയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍, സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

ആയിരത്തോളം ജവാന്‍മാരെ റോഡിലൂടെ വാഹന വ്യൂഹത്തില്‍ കൊണ്ട് പോകരുതെന്ന് സി ആര്‍ പി എഫ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യം തള്ളുകയായിരുന്നുവെന്നും സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നും സത്യപാല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

പുല്‍വാമ ആക്രമണം ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഹായകമായെന്നും അന്ന് സംഭവത്തിന്റെ മുഴുവന്‍ സത്യങ്ങളും പുറത്ത് വരാന്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യം ഉണ്ടായിരുന്നില്ലെന്നും സത്യപാല്‍ മാലിക് നേരത്തെ വിമര്‍ശിച്ചിരുന്നു.

അതേസമയം അധികാര സ്ഥാനത്തിരുന്നപ്പോള്‍ എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ സത്യപാല്‍ പറയാതിരുന്നതെന്നും ബിജെപിയുമായി ഇടഞ്ഞപ്പോള്‍ മാത്രമാണോ ഇക്കാര്യങ്ങള്‍ മനസിലേക്ക് വന്നതെന്നുമായിരുന്നു സത്യപാലിന്റെ വെളിപ്പെടുത്തിലുകളോട് അമിത് ഷാ പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രതികരണങ്ങള്‍ അദ്ദേഹം നടത്തുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular