Thursday, April 25, 2024
HomeIndiaഅശ്ലീലം, ഭീഷണി: നാലുദിവസമായി വാംഖഡെയ്ക്കും ഭാര്യയ്ക്കും സന്ദേശങ്ങളുടെ പെരുമഴ : കൂടുതല്‍ സുരക്ഷ തേടും

അശ്ലീലം, ഭീഷണി: നാലുദിവസമായി വാംഖഡെയ്ക്കും ഭാര്യയ്ക്കും സന്ദേശങ്ങളുടെ പെരുമഴ : കൂടുതല്‍ സുരക്ഷ തേടും

മുംബൈ : കൈക്കൂലി ആരോപണത്തില്‍ സി.ബി.ഐ. കേസെടുത്തതിന് പിന്നാലെ തനിക്ക് ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്നതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെ.

സമീര്‍ വാംഖഡെയ്ക്കും ഭാര്യയും നടിയുമായ ക്രാന്തി രേദ്കറിനും നിരന്തരം അശ്ലീലസന്ദേശങ്ങളും ഭീഷണിസന്ദേശങ്ങളും വരുന്നതായാണ് ആരോപണം. ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് അദ്ദേഹം പോലീസിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തനിക്കും ഭാര്യ ക്രാന്തി രേദ്കറിനും കഴിഞ്ഞ നാലുദിവസമായി സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നതായാണ് വാംഖഡെയുടെ പരാതി. ഇക്കാര്യത്തില്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും പ്രത്യേക സുരക്ഷ ആവശ്യപ്പെടുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നൊഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് വാംഖഡെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ആര്യനെ കേസില്‍നിന്നൊഴിവാക്കാന്‍ വാംഖഡെ അടക്കമുള്ളവര്‍ 25 കോടി രൂപയാണ് ചോദിച്ചതെന്നും പിന്നീട് 18 കോടിക്ക് ഇടപാട് ഉറപ്പിച്ചെന്നുമായിരുന്നു സി.ബി.ഐ.യുടെ എഫ്.ഐ.ആര്‍.

കേസില്‍ മേയ് 22-ാം തീയതി വരെ വാംഖഡെയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ബോംബെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസവും വാംഖഡെയെ സി.ബി.ഐ ചോദ്യംചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular