Thursday, April 18, 2024
HomeUSAഏറ്റവും പഴക്കമേറിയ മമ്മികൾ ഈജിപ്തിലല്ല; അതിലും പുരാതനം ചിൻചോരോ ഗോത്രവർഗക്കാരുടെതെന്ന് ഗവേഷകർ

ഏറ്റവും പഴക്കമേറിയ മമ്മികൾ ഈജിപ്തിലല്ല; അതിലും പുരാതനം ചിൻചോരോ ഗോത്രവർഗക്കാരുടെതെന്ന് ഗവേഷകർ

സാന്റിയാഗോ: മമ്മി എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് സിനിമകളിലൂടെ ഏവർക്കും സുപരിചിതമായ ഈജിപ്ഷ്യൻ മമ്മികളാണ്. ഈജിപ്റ്റുകാരാണ് ഇത്തരത്തിൽ മരിച്ചവരുടെ മൃതദേഹം മമ്മികളാക്കി സൂക്ഷിക്കാൻ ആരംഭിച്ചതെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഇപ്പോൾ ആ വിശ്വാസം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.

മൃതദേഹങ്ങൾ കാലങ്ങളോളം കേട് വരാതെ മമ്മികളായി സൂക്ഷിക്കാനുള്ള ഉപാധി കണ്ടുപിടിച്ചത് തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരയ്‌ക്കും പസഫിക് സമുദ്രത്തിനും ഇടയിൽ ജീവിച്ചിരുന്ന ചിൻചോരോ ഗോത്രവർഗക്കാരായിരുന്നു. ഇന്നത്തെ ചിലിയിലാണ് ഇവർ ജീവിച്ചിരുന്നത്. ഈജിപ്ഷ്യൻ മമ്മികൾ ഉണ്ടാകുന്നതിനും ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപു തന്നെ ചിൻചോരോ വർഗക്കാർ നിർമിച്ച മമ്മികൾ ഗവേഷകർ ഇവരുടെ പ്രദേശങ്ങളിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.

ഈജിപ്തിൽ കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ മമ്മി ബിസി 3000ത്തിൽ നിന്നുള്ളതാണ്. എന്നാൽ ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽനിന്ന്, ബിസി 5050 മുതൽ ബിസി 7020 വരെ പഴക്കമുള്ള മമ്മികൾ ഗവേഷകർക്ക് ലഭിച്ചു. അറ്റക്കാമ മേഖലയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു ചിൻചോരോ ഗോത്രവർഗക്കാർ എന്ന് ഗവേഷകർ പറയുന്നു.

ഈ ഗവേഷണത്തിലൂടെ ചിൻചോരോ വർഗക്കാർ വസിച്ചിരുന്നപ്രദേശം 2021ൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. ചിൻചോരോ ഗോത്രക്കാരുടെ പ്രകൃതിദത്ത മമ്മികളും കറുപ്പ്, ചുവപ്പ് മമ്മികളും, ചെളിയിൽ പൊതിഞ്ഞു സൂക്ഷിച്ചതും, ബാൻഡേജ് കൊണ്ട് ചുറ്റിക്കെട്ടി സൂക്ഷിച്ചതുമായ മമ്മികൾ എന്നിവയെല്ലാം ഇവിടെ കാണാം.

വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ് ചിലി. ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ മുതൽ മെഡിറ്ററേനിയൻ പോലെയുള്ള കാലാവസ്ഥയുള്ള മധ്യഭാഗവും മഞ്ഞുമൂടിയ തെക്കുഭാഗവും ഈ രാജ്യത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular