Saturday, April 20, 2024
HomeUSAഡിസന്റിസിനേക്കാൾ മുന്നിൽ ട്രംപ് തന്നെ; പക്ഷെ ബൈഡനെ പിൻതള്ളിയിട്ടില്ല

ഡിസന്റിസിനേക്കാൾ മുന്നിൽ ട്രംപ് തന്നെ; പക്ഷെ ബൈഡനെ പിൻതള്ളിയിട്ടില്ല

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ ഡൊണാൾഡ് ട്രംപ് ഏറെ മുന്നിൽ തന്നെ. എന്നാൽ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസിഡന്റ് ജോ ബൈഡനെ തോൽപ്പിക്കാനുള്ള സാധ്യത ഇനിയും തെളിഞ്ഞിട്ടില്ലെന്നു പുതിയ പോളിംഗ്.

ക്വിനിപിയാക് യൂണിവേഴ്സിറ്റി മെയ് 18-22 നു നടത്തിയ പോളിൽ ട്രംപ് (76) റിപ്പബ്ലിക്കൻ പാർട്ടിയിലും വലതു ചായ്‌വുള്ള വോട്ടർമാരിലും 56% പിന്തുണ നേടി. ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് 25% നേടി രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ ഇന്ത്യൻ അമേരിക്കൻ നിക്കി ഹെയ്‌ലിക്കു 3% പിന്തുണയുണ്ട്. ട്രംപിന്റെ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ്, സൗത്ത് കരളിന സെനറ്റർ ടിം സ്കോട്ട് എന്നിവർ ഉൾപ്പെടെ മത്സരിക്കുന്ന എട്ടു പേർ രണ്ടു ശതമാനത്തിൽ എത്തിയില്ല.

എന്നാൽ പൊതു തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ ബൈഡൻ 48% നേടുമ്പോൾ ട്രംപിന്റെ സാധ്യത 46% എന്നാണ് പോളിൽ കാണുന്നത്. ക്വിനിപിയാക് പോളിംഗിൽ തുടക്കം മുതൽ ഈ നില മാറിയിട്ടില്ല.

ഡിസന്റിസിനു ബൈഡനെക്കാൾ 1% ലീഡുണ്ട്: 47-46. അദ്ദേഹം മത്സരത്തിൽ പ്രവേശിക്കുന്നതിനു മുൻപ് പൂർത്തിയായ സർവേയാണിത്. രജിസ്റ്റർ ചെയ്ത 1,616 വോട്ടർമാരാണ് പങ്കെടുത്തത്. റിപ്പബ്ലിക്കൻ പക്ഷത്തെ 669 വോട്ടർമാരോട് പ്രത്യേകം സംസാരിച്ചിരുന്നു.

യുഎസ് വോട്ടർമാരിൽ 65% പറയുന്നത് ബൈഡനു വീണ്ടും പ്രസിഡന്റായി ഫലപ്രദമായി ഭരിക്കാൻ കഴിയാത്ത വിധം പ്രായമേറി എന്നാണ്: 80. അങ്ങിനെ കരുതുന്നവരിൽ 90% റിപ്പബ്ലിക്കൻ പക്ഷക്കാരും 69% സ്വതന്ത്രരും 41% ഡെമോക്രാറ്റുകളുമുണ്ട്. ട്രംപിന് 76 വയസായെങ്കിലും അതൊരു പ്രശ്‌നമല്ലെന്നും അവരിൽ 59% പറയുന്നു.

ട്രംപിനെ കുറിച്ച് മോശമായ അഭിപ്രായമുള്ളവർ 56% ഉള്ളപ്പോൾ ബൈഡനെ കുറിച്ച് അങ്ങിനെ കരുതുന്നവർ 54% ആണ്. പെൻസിനെതിരെ 51% അങ്ങിനെ നിലപാടെടുക്കുന്നു. ഡിസന്റിസിനെ കുറിച്ച് മതിപ്പുള്ളവർ 34%, എതിർപ്പുള്ളവർ 42%.

മറ്റു റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഹെയ്‌ലിക്കു 19% ആണ് മതിപ്പ്. എതിർപ്പുള്ളവർ 27%.

റിപ്പബ്ലിക്കൻ വോട്ടർമാർക്ക് മികച്ച നേതൃത്വം നൽകാൻ കഴിയുന്ന പ്രസിഡന്റ് വേണം. ഡെമോക്രറ്റുകൾ മികച്ച നയങ്ങൾ കൊണ്ടുവരുന്ന പ്രസിഡന്റിനെയാണ് ആഗ്രഹിക്കുന്നത്.

ബൈഡന്റെ ജോലിയിലെ മികവ് 36% പേർ മാത്രമേ അംഗീകരിക്കുന്നുള്ളു. അംഗീകരിക്കാത്തവർ 58% ഉണ്ട്. റഷ്യയുടെ യുക്രൈൻ ആക്രമണം (48%), വിദേശനയം (54%), സമ്പദ് വ്യവസ്ഥ (61%) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരാജയം കാണുന്നവർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular