Saturday, April 27, 2024
HomeIndiaവീണ്ടും നാണക്കേടായി ഗുജറാത്ത്: 10ാം ക്ലാസില്‍ ഒരുകുട്ടി പോലും ജയിക്കാത്ത 157 സ്‌കൂളുകള്‍

വീണ്ടും നാണക്കേടായി ഗുജറാത്ത്: 10ാം ക്ലാസില്‍ ഒരുകുട്ടി പോലും ജയിക്കാത്ത 157 സ്‌കൂളുകള്‍

ഹ്മദാബാദ് : രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ നാണക്കേടായി പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്.

ഈ വര്‍ഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 157 സ്‌കൂളുകളില്‍ ഒരുവിദ്യാര്‍ഥി പോലും ജയിച്ചില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തില്‍ താഴെ മാത്രമാണ് വിജയശതമാനം. 2022ല്‍ നടന്ന പരീക്ഷയില്‍ 121 സ്കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്കൂളുകള്‍ കൂടി സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു.

ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോര്‍ഡ് (ജി.എസ്.ഇ.ബി) നടത്തിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നലെയാണ് പുറത്തുവിട്ടത്. ആകെ 7.34 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 4.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. 64.62 ആണ് വിജയശതമാനം.

2022ല്‍ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞവര്‍ഷം 71.66 ശതമാനം പെണ്‍കുട്ടികള്‍ പരീക്ഷ പാസായപ്പോള്‍ 59.92 ആയിരുന്നു ആണ്‍കുട്ടികളുടെ വിജയ ശതമാനം.

ജില്ലാതലത്തില്‍ 76 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ച സൂറത്ത് ഒന്നാമതെത്തി. ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഭൂരിപക്ഷമായ ദാഹോദ് ജില്ലയാണ് ഏറ്റവും പിന്നില്‍. 40.75 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ വിജയിച്ചത്.

സംസ്ഥാനത്ത് 272 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 6111 വിദ്യാര്‍ഥികള്‍ മുഴുവൻ വിഷയങ്ങള്‍ക്കും എ1 ഗ്രേഡും 44480 പേര്‍ എ2 ഗ്രേഡും 1,27,652 വിദ്യാര്‍ഥികള്‍ ബി2 ഗ്രേഡോടെയും വിജയിച്ചു. മുൻവര്‍ഷങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇത്തവണ വീണ്ടും പരീക്ഷയെഴുതിയ 1,65,690 കുട്ടികളില്‍ 27,446 പേര്‍ മാത്രമാണ് വിജയിച്ചത്. ഫലം www.gseb.org എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2019ല്‍ പരീക്ഷയെഴുതിയ 63 സ്കൂളുകളില്‍ ഒറ്റക്കുട്ടി പോലും വിജയിച്ചിരുന്നില്ല. 66.97 ശതമാനമായിരുന്നു വിജയശതമാനം. 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023 പേര്‍ മാത്രമാണ് വിജയിച്ചത്. 63 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പരീക്ഷയില്‍ വിജയിച്ചില്ലെന്നും 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്നും ബോര്‍ഡ് ചെയര്‍മാൻ എ.ജെ. ഷാ അറിയിച്ചിരുന്നു.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയത്. 88.11 ശതമാനം. ഹിന്ദി മീഡിയം വിദ്യാര്‍ഥികളില്‍ 72.66 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ വെറും 64.58 ശതമാനം മാത്രമാണ് വിജയംവരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular