Friday, April 12, 2024
HomeKeralaഅരിക്കൊമ്ബനെ മയക്കുവെടിവെച്ച്‌ ഉള്‍ക്കാട്ടില്‍ വിടും; ഉത്തരവ് ലഭിച്ചാലുടന്‍ ദൗത്യമെന്ന് തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

അരിക്കൊമ്ബനെ മയക്കുവെടിവെച്ച്‌ ഉള്‍ക്കാട്ടില്‍ വിടും; ഉത്തരവ് ലഭിച്ചാലുടന്‍ ദൗത്യമെന്ന് തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

കുമളി : കമ്ബം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തിയ അരിക്കൊമ്ബൻ കാട്ടാനയെ മയക്കുവെടിവെച്ച്‌ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്ന് തമിഴ്നാട് വനം വകുപ്പ്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ശ്രീനിവാസ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് ലഭിച്ചാലുടൻ പിടികൂടാനുള്ള തുടര്‍ന്ന് നടപടികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. വെറ്റിനറി ഡോക്ടര്‍, കുങ്കിയാനകള്‍, വാഹനം അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അരിക്കൊമ്ബന്‍ കമ്ബം ടൗണിലെത്തിയത്. ടൗണിലെത്തിയ ആന റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. രാവിലെ കമ്ബം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നും തുരുത്തി ഓടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ആന കമ്ബം ടൗണിലേക്ക് നീങ്ങിയത്. ആനയെ തുരുത്തി ഓടിക്കാനുള്ള ശ്രമത്തിലാണ് വനപാലകര്‍.

തമിഴ്നാട് വനമേഖലയുടെ അടിവാരത്തിലൂടെ ലോവര്‍ ക്യാമ്ബ് വഴിയാണ് ആന ജനവാസ മേഖലയിലെത്തിയത്. തുടര്‍ന്ന് കമ്ബം ബൈപ്പാസ് കടന്ന് ടൗണിലൂടെ ആന നന്ദഗോപാല്‍ ക്ഷേത്രത്തിന് സമീപത്ത് വരെ എത്തി. ഈ സ്ഥലത്ത് വെച്ചാണ് നാട്ടുകാര്‍ ആനയെ കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെക്കുകയും വാഹനങ്ങളുടെ ഹോണ്‍ മുഴക്കുകയും ചെയ്ത് തുരുത്തി. പിന്നീട് ആന കുമളി റോഡില്‍ പ്രവേശിച്ചു. കുമളി റോഡില്‍ നിന്നും വീണ്ടും പുളിമരത്തോപ്പിലേക്ക് കയറി.

കമ്ബം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വി.എച്ച്‌.എഫ് ആന്‍റിനയുമായി ആനയുടെ നിലവിലെ സാന്നിധ്യം പരിശോധിക്കുന്നത്. ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ സിഗ്നലുകള്‍ ലഭിക്കാത്തതാണ് കാടിറങ്ങിയ വിവരം വനപാലകര്‍ അറിയാൻ വൈകിയത്.

ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച്‌ തുറന്നുവിട്ട അരിക്കൊമ്ബൻ വ്യാഴാഴ്ച രാത്രിയാണ് കാടിറങ്ങി ജനവാസ മേഖലക്ക് സമീപമെത്തിയത്. പ്രദേശവാസിയായ മുരുകന്‍റെ വീടിനു സമീപമാണ് രാത്രി അരിക്കൊമ്ബനെ കണ്ടത്. വീടിന്‍റെ കതകില്‍ തട്ടിയെങ്കിലും നാശനഷ്ടമൊന്നും വരുത്തിയില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തേക്കടിയിലെ വനപാലകര്‍ തിരികെ കാട്ടിനുള്ളിലേക്ക് ഓടിച്ചു.

വൈകാതെ ആന ടൗണിന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റോസാപ്പൂക്കണ്ടം ഭാഗത്തും എത്തി. ഇവിടെ വീടുകള്‍ക്ക് സമീപം എത്തും മുമ്ബേ വനപാലകരും നാട്ടുകാരും സ്ഥലത്തേക്ക് പാഞ്ഞെത്തി. വനപാലകര്‍ ആകാശത്തേക്ക് വെടിവെച്ചതോടെ ആന ഏറെ അകലെ അല്ലാതെ കുളത്തിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് നീങ്ങി. ഇവിടെ, നിലയുറപ്പിച്ച അരിക്കൊമ്ബനെ രാത്രി 11ഓടെ കൂടുതല്‍ വനപാലകരെത്തി തുരത്തി ഓടിക്കാൻ ശ്രമം നടത്തി.

ഇരുട്ടില്‍ ആനയെ കാണാതായതോടെ കാട്ടിലേക്ക് കയറിപ്പോയ റേഞ്ച് ഓഫിസര്‍ ഉള്‍പ്പെട്ട സംഘത്തെ ആന തുരത്തിയോടിച്ചു. ശബ്ദമുണ്ടാക്കി പാഞ്ഞടുത്തതോടെ വനപാലകരും നാട്ടുകാരും പലവഴിക്ക് ചിതറിയോടി. ഓട്ടത്തിനിടെ ചിലര്‍ വീണെങ്കിലും ആന അടുത്തെത്തും മുമ്ബേ രക്ഷപ്പെടാനായി. പെരിയാര്‍ കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദിന്‍റെ നേതൃത്വത്തില്‍ 30 തവണയിലധികം ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് ആന ജനവാസ മേഖലക്ക് സമീപത്തുനിന്ന് പുലര്‍ച്ച രണ്ടോടെ കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular