Sunday, May 5, 2024
HomeUSAക്യാപിറ്റോളിൽ ആക്രമണം നടത്തിയ ഓത്ത് കീപ്പേഴ്‌സ് സ്ഥാപകൻ ഭീകരനെന്നു കോടതി

ക്യാപിറ്റോളിൽ ആക്രമണം നടത്തിയ ഓത്ത് കീപ്പേഴ്‌സ് സ്ഥാപകൻ ഭീകരനെന്നു കോടതി

യുഎസ് കോൺഗ്രസ് ആസ്ഥാനമായ ക്യാപിറ്റോളിൽ ആക്രമണം നടത്തിയതിന്റെ പേരിൽ വലതുപക്ഷ തീവ്രവാദി ഓത്ത് കീപ്പേഴ്സിന്റെ സ്ഥാപക നേതാവ് സ്റ്റിവാർട് റോഡ്‌സിനെ 18 വർഷത്തെ തടവിനു ശിക്ഷിച്ചു. ഡൊണാൾഡ് ട്രംപ് 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം അദ്ദേഹത്തിന്റെ ആഹ്വാനമനുസരിച്ചു അനുയായികൾ നടത്തിയ കലാപത്തിന്റെ ലക്‌ഷ്യം തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതിൽ നിന്നു കോൺഗ്രസിനെ തടയുക എന്നതായിരുന്നു.

ആഭ്യന്തര ഭീകരത എന്നാണ് റോഡ്‌സിന്റെ കുറ്റകൃത്യത്തെ ജഡ്‌ജ്‌ വിശേഷിപ്പിച്ചത്. “ഒരു അമേരിക്കൻ പൗരനു ചെയ്യാവുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണിത്,” മേത്ത പറഞ്ഞു. “ഭരണകൂടത്തിനെതിരെ ബലം പ്രയോഗിക്കുന്നത് കുറ്റമാണ്. ഈ രാജ്യത്തെ ജനങ്ങളോടുള്ള കുറ്റമാണത്.”

കലാപത്തിന്റെ പേരിൽ രാജ്യദ്രോഹപരമായ ഗൂഢാലോചന എന്ന കുറ്റം ചുമത്തപ്പെട്ട അഞ്ഞൂറോളം തീവ്രവാദികളിൽ ഏറ്റവും ദീർഘകാലത്തെ ജയിൽ ശിക്ഷ വാങ്ങുന്നത് 58കാരനായ  റോഡ്‌സാണ്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് 25 വർഷം ആയിരുന്നു. മറ്റൊരു ഓത്ത് കീപ്പേഴ്‌സ് അംഗമായ കെല്ലി മെഗ്‌സിനെ 12 വർഷം തടവിനും ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ അമിത് മേത്ത ശിക്ഷിച്ചു.

കെന്റക്കിയിലെ പീറ്റർ ഷ്വാർട്സ് ഈ മാസം തന്നെ 14 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പോലീസിനു നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ചു, കസേര കൊണ്ട് ആക്രമിച്ചു എന്നീ കുറ്റങ്ങൾക്കായിരുന്നു അയാളെ പ്രതിയാക്കിയത്.

വ്യാഴാഴ്ചത്തെ കോടതി വിധികൾ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ ഗൂഢാലോചനയുടെ പേരിൽ നൽകപ്പെടുന്ന ആദ്യത്തെ ശിക്ഷകളാണ്.

“തിരഞ്ഞടുപ്പിന്റെ ഫലം ഇഷ്ടപ്പെട്ടില്ല എന്നതിന്റെ പേരിൽ നിയമ ലംഘനം നടന്നുവെന്ന ആരോപണം ഉയർത്തി കലാപത്തിനു ശ്രമിക്കുന്ന പൗരന്മാരെ നമ്മൾ തടഞ്ഞേ തീരൂ,” മേത്ത പറഞ്ഞു. “നിങ്ങൾ ചെയ്തത് അതു തന്നെയാണു റോഡ്‌സ്. ഞാൻ ഈ കുറ്റത്തിനു ശിക്ഷിച്ച മറ്റാരോടും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഊന്നിപ്പറയുന്നു: നിങ്ങൾ നമ്മുടെ ജനാധിപത്യത്തിനും ഈ രാജ്യത്തിനും നിരന്തരമായ ഭീഷണിയാണ്.

“മറ്റൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഞങ്ങളെല്ലാം ഒന്നിച്ചു വീർപ്പടാക്കി ഇരിപ്പാണ്. മറ്റൊരു ജനുവരി 6 ഉണ്ടാവുമോ?”

യേലിൽ നിന്നു നിയമബിരുദം എടുത്ത യുഎസ് ആർമിയിലെ മുൻ പാരാട്രൂപ്പറായ റോഡ്‌സ് കോടതിയിൽ തെല്ലും ഖേദം പ്രകടിപ്പിച്ചില്ല.

അക്രമത്തിനു ഉത്തരവ് നൽകുന്നത് റോഡ്‌സ് ആയിരുന്നുവെന്നു മേത്ത ചൂണ്ടിക്കാട്ടി. “അന്നത്തെ ദിവസം അക്രമി സംഘങ്ങളെ സംഘടിപ്പിച്ചത് അയാൾ ആയിരുന്നു. അവർ വാഷിംഗ്‌ടൺ ഡി സി യിൽ എത്തിയതു തന്നെ അയാൾ വിളിച്ചിട്ടാണ്. റോഡ്‌സ് ഇല്ലായിരുന്നെങ്കിൽ ഓത്ത് കീപ്പേഴ്‌സ് ഉണ്ടാകുമായിരുന്നില്ല. അയാൾ ഉത്തരവ് നൽകിയപ്പോൾ അവർ ആക്രമിച്ചു.”

താനൊരു രാഷ്ട്രീയ തടവുകാരൻ ആണെന്നും രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരോടാണ് സംഘടനയ്ക്ക് എതിർപ്പെന്നും റോഡ്‌സ് വാദിച്ചു. 2009ലാണ് അയാൾ ഓത്ത് കീപ്പേഴ്‌സ് സ്ഥാപിച്ചത്. 2020 നവംബറിൽ ട്രംപ് തിരഞ്ഞെടുപ്പു തോറ്റപ്പോൾ തട്ടിപ്പു നടന്നുവെന്ന അദ്ദേഹത്തിന്റെ വാദം ഏറ്റു പിടിച്ചു ഫലം അട്ടിമറിക്കാൻ മുന്നിട്ടിറങ്ങി.

സമാന സമീപനങ്ങളുള്ള പ്രൗഡ് ബോയ്സ് ആയിരുന്നു അവരുടെ കൂടെ അക്രമങ്ങൾക്കു നിന്നത്. ആ ഗ്രൂപ്പിന്റെ നാലു അംഗങ്ങളെ ജയിലിൽ അടച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular