Sunday, May 26, 2024
HomeUSAറഷ്യ-യുക്രൈൻ ചർച്ച വേണം, റഷ്യ തട്ടിയെടുത്ത കുട്ടികളാണ് യുക്രൈന്റെ വേദനയെന്നു പാപ്പാ

റഷ്യ-യുക്രൈൻ ചർച്ച വേണം, റഷ്യ തട്ടിയെടുത്ത കുട്ടികളാണ് യുക്രൈന്റെ വേദനയെന്നു പാപ്പാ

യുക്രൈനിൽ റഷ്യയുടെ ഒരു വർഷം പിന്നിട്ട അധിനിവേശം അവസാനിക്കണമെങ്കിൽ രണ്ടു രാജ്യങ്ങളും ഒന്നിച്ചിരുന്നു സംസാരിക്കേണ്ടതുണ്ടെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. “അവർ തമ്മിൽ സംസാരിക്കുമ്പോൾ മാത്രമേ സമാധാനം കൈവരൂ. ഒന്നുകിൽ അവർ രണ്ടും തമ്മിൽ, അല്ലെങ്കിൽ മധ്യവർത്തികൾ ഇടപെട്ട്.”

സ്‌പാനിഷ്‌ ഭാഷയിലുള്ള അമേരിക്കൻ ടെലിവിഷൻ ചാനൽ ‘ടെലെമൂന്തോ’ യ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ, സമാധാനം, കുടിയേറ്റം, ഗർഭഛിദ്രം, ബ്രഹ്മചര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. അജഗണങ്ങളുടെ പ്രാർത്ഥനകൾ ഒരു ഇടയന്റെ പടച്ചട്ടയായതിനാലാണ് ഏവരോടും പ്രാർത്ഥനകൾ ആവശ്യപ്പെടുന്നതെന്നും പാപ്പാ വിശദീകരിച്ചു.

യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കി അടുത്തിടെ പാപ്പയെ കണ്ടിരുന്നു. “മധ്യവർത്തികൾ വേണ്ട എന്നല്ല അദ്ദേഹം പറഞ്ഞത്. ഒരു വലിയ സഹായമാണ് ചോദിച്ചത്. യുക്രൈനിൽ നിന്നു റഷ്യ പിടിച്ചു കൊണ്ടു പോയ കുട്ടികളെ രക്ഷിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“മധ്യസ്ഥതയെ കുറിച്ച് അവർക്കു സ്വപ്നങ്ങളൊന്നുമില്ല. യുഎസും യൂറോപ്പും അതിശക്തമായ ഉപരോധം ഉയർത്തിയിട്ടുണ്ട്. അവർക്കു ഏറെ പിൻബലം കിട്ടുന്നുണ്ട്. എന്നാൽ റഷ്യ കൊണ്ടുപോയ കുട്ടികളെ കുറിച്ചാണ് അവർക്കു വേദന. അവരെ തിരിച്ചു കിട്ടണം.”

സമാധാനം സാധ്യമാവാൻ റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ തിരിച്ചു കൊടുക്കണം എന്ന അഭിപ്രായമുണ്ടോ എന്നു ചോദിച്ചപ്പോൾ പാപ്പാ പറഞ്ഞു: “അതൊരു രാഷ്ട്രീയ തീരുമാനമാണ്.”

റോമിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന യൂണിവേഴ്സിറ്റിയിൽ, ലാറ്റിനമേരിക്കൻ, യൂറോപ്യൻ മേയർമാർ തമ്മിലുള്ള ഒരു സമ്മേളനവുമായി ബന്ധപ്പെട്ടു എത്തിയതായിരുന്നു പാപ്പാ.

കുടിയേറ്റത്തെ കുറിച്ച് സംസാരിക്കവെ, ആവശ്യങ്ങളുടെ മുന്നിലാണ് അവർ ഗൗരവതരമായ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആളുകൾ കുടിയിറങ്ങുന്ന രാജ്യങ്ങളിൽ പുരോഗതിയും, സുസ്ഥിതിയും വളർത്തിക്കൊണ്ടു വരുന്ന നയങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. സ്വദേശം വിട്ടുപോകുന്നത് സന്തോഷകരമായ ഒരു അനുഭവമല്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഗർഭധാരണവുമായി ബന്ധപ്പെട്ട പഠനങ്ങളെ അധികരിച്ച്, അമ്മയുടെ ഉദരത്തിൽ ഒരു മാസമായ ഭ്രൂണം ജീവനുള്ള ഒന്നാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഒരു പ്രശ്നത്തിന്റെ പേരിൽ ഒരു ജീവനെ ഇല്ലാതാക്കുന്നത് ന്യായീകരിക്കാനാകുമോ എന്നും, ഒരു പ്രശ്നപരിഹാരത്തിനായി വാടകക്കൊലയാളിക്ക് ഉത്തരവാദിത്വം നല്കാമോയെന്നും ചോദ്യമുയർത്തി.

പൗരോഹിത്യ ബ്രഹ്മചര്യവും കുട്ടികളുടെ ദുരുപയോഗവും സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകവെ, സ്ഥിതിവിവരക്കണക്കുകൾ നിരത്തി, 30-ലധികം ശതമാനത്തോളം ചൂഷണങ്ങൾ അരങ്ങേറുന്നത് സ്വഭവനങ്ങളിലും സ്വന്തക്കാരിലും ആണെന്ന് വ്യക്തമാക്കുകയും, ബ്രഹ്മചര്യവും ബാലപീഡനങ്ങളും തമ്മിൽ ബന്ധമില്ലെന്ന് വിശദീകരിക്കുകയും ചെയ്തു.

തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട്, കഴിഞ്ഞ മാർച്ചിൽ ശ്വാസകോശസംബന്ധമായ പ്രശ്നം മൂലം ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതും, തക്കസമയത്ത് എത്തിയത് മൂലം കുറച്ചു ദിവസങ്ങൾക്കുള്ളിൽ രോഗവിമുക്തനാകാൻ സാധിച്ചതും വിശദീകരിച്ചു. വിശ്വാസികളുടെ പ്രാർത്ഥനകൾ അത്ഭുതങ്ങൾ സാധ്യമാക്കുന്നവയാണെന്ന് പറഞ്ഞ പാപ്പാ, ഏതൊരു ഇടയനെ സംബന്ധിച്ചും തന്റെ അജഗണങ്ങളുടെ പ്രാർത്ഥനകൾ ഒരു പടച്ചട്ടയാണെന്നും, സംരക്ഷണമാണെന്നും വ്യക്തമാക്കി. ഈയൊരു ബോധ്യം ഉള്ളതുകൊണ്ടാണ് താൻ ഏവരോടും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

Pope urges Russia-Ukraine talks

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular