താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് വായനക്കാരനോട് തുറന്ന് പറഞ്ഞ്,തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചു പറഞ്ഞ ധിക്കാരി മുട്ടത്ത് വര്‍ക്കിയുടെ മുപ്പത്തിനാലാം ചരമ വാര്‍ഷിക ദിനമാണിന്ന്.
ചങ്ങനാശ്ശേരി ചെത്തിപ്പുഴയില്‍ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒന്‍പതു മക്കളില്‍ നാലാമനായി 1915 ഏപ്രില്‍ 28നാണ് മുട്ടത്ത് വര്‍ക്കി ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായും കൂട്ടിക്കലിലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായും ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായുമൊക്കെ അദേഹം ജോലിനോക്കി. ഒടിവിലാണ് ദീപികയില്‍ ജോലിയില്‍ പ്രവേശിച്ചത്.1950 മുതല്‍ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതി അംഗമായിരുന്നു.
മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം ആര്‍ക്കും മനസ്സിലാവുന്ന സുന്ദരമായ ഭാഷയില്‍ ആവിഷ്‌കരിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാള സാഹിത്യത്തെ ജനകീയവൽക്കരിച്ചത്. സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യർ നിരീക്ഷിച്ചിട്ടുണ്ട്.
‘ഒരു കുടയും കുഞ്ഞു പെങ്ങളും.’ എന്ന വര്‍ക്കിയുടെ കൃതി എന്നെയും ചെറുപ്പത്തില്‍ ഒരു പാട് നൊമ്പരപ്പെടുത്തിയ കൃതിയാണ്
അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ട, അനാഥരും കൂടപ്പിറപ്പുകളുമായ ലില്ലിയുടെയും ബേബിയുടെയും കഥയായിരുന്നു അത്. പെരുമഴ നിർത്താതെ കോരിച്ചൊരിഞ്ഞ ഒരു കാലവർഷപ്പകലിൽ, മഴയിൽ നനഞ്ഞൊട്ടിയ പെങ്ങളെ കുടയിൽ കയറ്റാൻ വിസമ്മതിച്ച ഗ്രേസി എന്ന പണക്കാരിപ്പെൺകുട്ടിയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ച് പോലീസിനെ ഭയന്ന് നാടുവിട്ട ബേബിയുടെ കഥ. പോകും മുമ്പ് കുഞ്ഞുപെങ്ങൾക്കൊരു കുടയുമായി വേഗം വരാമെന്നു വാക്കു നൽകിയ പൊന്നാങ്ങളയുടെ നേരിന്റേയും നന്മയുടേയും സ്നേഹത്തിന്റേയും സങ്കടമുണർത്തുന്ന ശുഭപര്യവസായിയായ കഥയായിരുന്നു അത്.
എമ്പൊത്തിയൊന്ന് നോവലുകളും പതിനാറ് ചെറുകഥാ സമാഹാരങ്ങളും , പന്ത്രണ്ട്നാടകങ്ങളും പതിനേഴ് വിവര്‍ത്തനകൃതികളും അഞ്ച് ജീവചരിത്രങ്ങളുമടക്കം ഇരുന്നൂറോളം കൃതികള്‍ എഴുതിയിട്ടുണ്ട്. ആ കാലത്തെ അദ്ദേഹത്തിന്റെ 26 നോവലുകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രങ്ങള്‍.
1989 മേയ് 28നു മുട്ടത്തു വര്‍ക്കി അന്തരിച്ചു.
