Thursday, April 25, 2024
HomeIndiaവിദ്യാഭ്യാസത്തില്‍ അച്ചടക്കം പരമപ്രധാനം; ജെഇഇ പ്രവേശനത്തില്‍ വിദ്യാര്‍ഥിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

വിദ്യാഭ്യാസത്തില്‍ അച്ചടക്കം പരമപ്രധാനം; ജെഇഇ പ്രവേശനത്തില്‍ വിദ്യാര്‍ഥിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

മുംബൈ : വിദ്യാഭ്യാസത്തില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് ബോംബെ ഹൈക്കോടതി. ഐഐടികള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പില്‍ അച്ചടക്കം പ്രധാനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അപേക്ഷാ സമയം തീര്‍ന്നുപോയിട്ടും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് അനുമതി തേടി വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അഭയ് അഹൂജയുടെയും മിലിന്ദ് സതായയുടെയും ഉത്തരവ്. താന്‍ വിദൂര ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും വൈദ്യുതി മുടക്കം പതിവായ ഇവിടെ ഇന്റര്‍നെറ്റ് തടസ്സമില്ലാതെ കിട്ടില്ലെന്നുമാണ് വിദ്യാര്‍ഥി ഹര്‍ജിയില്‍ പറഞ്ഞത്. കൃത്യസമയത്ത് അപേക്ഷ നല്‍കാനായില്ലെന്നും എന്നാല്‍ തന്നെ പരീക്ഷയ്ക്കിരുത്താന്‍ നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

അപേക്ഷ നല്‍കേണ്ട സമയം കഴിഞ്ഞാണ് വിദ്യാര്‍ഥി ആദ്യമായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തിരിക്കുന്നതെന്ന് പ്രവേശന ബോര്‍ഡ് കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ വിദ്യാര്‍ഥിക്ക് അവസരം നല്‍കാനാവില്ലെന്നും അവര്‍ നിലപാടെടുത്തു.

ഐഐടികളും എന്‍ഐടികളും രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഉന്നത സ്ഥാപനങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തില്‍ അച്ചടക്കം പരമപ്രധാനമാണ്.

ജെഇഇ അഡ്വാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഏപ്രില്‍ 30 മുതല്‍ മെയ് ഏഴു വരെ സമയം നല്‍കിയിരുന്നു. എന്തെല്ലാം തടസ്സങ്ങളുണ്ടായാലും അപേക്ഷിക്കാന്‍ ഇതു മതിയായ സമയമാണെന്നു കോടതി വിലയിരുത്തി. വിദ്യാര്‍ഥിക്ക് മെച്ചപ്പെട്ട വൈദ്യുതിയും കണക്റ്റിവിറ്റിയും ഉള്ള സ്ഥലത്ത് ചെന്ന് അപേക്ഷ നല്‍കാമായിരുന്നെന്ന് കോടതി പറഞ്ഞു.

മെയ് എട്ടിനാണ് വിദ്യാര്‍ഥി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തിരിക്കുന്നത്. പിന്നീട് ഒന്‍പതു തവണ വിജയകരമായി ലോഗിന്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടു ദിവസവും വിദ്യാര്‍ഥിക്കു ലോഗിന് ചെയ്യാനാവാത്തതിന്റെ കാരണം ബോധ്യമാവുന്നില്ലെന്ന് കോടതി പറഞ്ഞു. അതിന്റെ പേരില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ താത്പര്യത്തിനു വിരുദ്ധമായ തീരുമാനം എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular