മെമ്മോറിയൽ ഡേ വാരാന്ത്യത്തിൽ ഉണ്ടായ അക്രമങ്ങളിൽ യുഎസിൽ ഒരു ഡസനോളം ആളുകൾ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം തോക്കിനിരകളാണ്.
ഷിക്കാഗോ, അറ്റ്ലാന്റ, വാഷിംഗ്‌ടൺ, ഡി സി, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലാണ് വെടിവയ്‌പും മറ്റു അക്രമങ്ങളും ഉണ്ടായത്.
ഷിക്കാഗോയിൽ ഞായറാഴ്ച പല അക്രമങ്ങളിലായി എട്ടു പേർ മരിച്ചു. 35 പേർക്കു പരുക്കേറ്റുവെന്നു ഷിക്കാഗോ സൺ-ടൈംസ് റിപ്പോർട്ട് ചെയ്തു.
ഷിക്കാഗോ മേയർ ബ്രാണ്ടൻ ജോൺസന്റെ വീടിനടുത്തായിരുന്നു ഒരാളുടെ ജഡം കണ്ടെത്തിയത്. കൊലപാതകമാണെന്നു പോലീസ് കരുതുന്നു.
നഗരത്തിലെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിനടുത്തു കാറിൽ ഇരുന്ന ഒരാൾ ഞായറാഴ്ച പുലർച്ചെ വെടിയേറ്റു മരിച്ചു. 35 വയസ് പ്രായമുള്ള അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീ വെടിയേറ്റു ഗുരുതരാവസ്ഥയിലാണ്.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ന്യൂ മെക്സിക്കോയിലെ റെഡ് റിവറിൽ മോട്ടോർ സൈക്കിൾ റാലിക്കിടെ ഉണ്ടായ അക്രമത്തിൽ മൂന്നു പേർ വെടിയേറ്റു മരിച്ചു. അഞ്ചു പേർക്കെങ്കിലും പരുക്കേറ്റതായി മേയർ ലിൻഡ കാൽഹോൺ പറഞ്ഞു.
പ്രതികളെല്ലാം പോലീസ് കസ്റ്റഡിയിലുണ്ടെന്നു പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു. പൊതുജനങ്ങൾക്കു ഭീഷണിയൊന്നും ഇല്ലെന്നു മേയർ അറിയിച്ചു.
മോട്ടോർ സൈക്കിൾ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് അക്രമം ഉണ്ടായതെന്നു പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള ജേക്കബ് ഡേവിഡ് കാസ്റ്റിയോ എന്നയാളുടെ മേൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പരുക്കുപറ്റിയ അയാൾ ആശുപത്രിയിലാണ്.
യുഎസിലേക്ക് സഞ്ചരിക്കുന്നവർക്കു അതിനിടെ കാനഡ താക്കീതു നൽകി. വെടിവയ്പുകളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എടുക്കണം എന്നാണ് താക്കീത്.
“തോക്കു കൊണ്ടു നടക്കുന്നവർ യുഎസിൽ വളരെ അധികമാണ്,” കനേഡിയൻ ഗവൺമെന്റ് വെബ്‌സൈറ്റിൽ പറയുന്നു. “കൂട്ടക്കൊലകൾ നടക്കുന്നുണ്ട്.”
Memorial Day weekend shootings claim a dozen lives